ചന്ദ്രകാന്തം

Tuesday, February 15, 2011

അവള്‍ താരാപഥത്തില്‍
മലയാളത്തിലെ സ്‌ത്രീകേന്ദ്രീകൃത സിനിമകളെപ്പറ്റി.........താരത്തിന്‌ ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങള്‍ മാത്രമാണ്‌ മലയാള സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങളിലേറെയും. കാഴ്‌ചയുടെ സൗന്ദര്യശാസ്‌ത്രവും രൂഢമൂലമായ ചില വിശ്വാസ സംഹിതകളും പരമ്പരാഗതമായി നമ്മുടെ സിനിമാ നിര്‍മ്മിതിയെ സ്വാധീച്ചിട്ടുണ്ട്‌. അതിനാലാവാം നായികാ കേന്ദ്രീകൃതമായ സിനിമകള്‍ ഇവിടെ അപൂര്‍വ കാഴ്‌ചയാകുന്നത്‌. പുറത്തിറങ്ങിയവയിലേറെയും വിജയിക്കാതെ പോയത്‌. ആരാധക സംഘങ്ങളെന്ന കുമ്മാട്ടിക്കൂട്ടവും പരസ്യലോകത്തിന്റെ കുമ്മിയടിയും നായകര്‍ക്കുവേണ്ടിയാണല്ലോ. അവരാണല്ലോ മലയാള സിനിമയുടെ വര്‍ത്തമാനവും ഭാവിയും തീരുമാനിക്കുന്നത്‌! ചാനല്‍ റൈറ്റിലും ചാറ്റ്‌ഷോകളിലും അവര്‍ക്കാണല്ലോ പ്രാമുഖ്യം. ഇതിനിടയില്‍ നീലക്കുറിഞ്ഞി പൂക്കുംപോലെ ചില സ്‌ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ പുറത്തുവരും. അപ്പോള്‍ അതിന്റെ കലാമൂല്യവും കച്ചവട സ്വഭാവവും വേര്‍തിരിക്കുന്നതിലാവും നിരൂപകരുടെ ചിന്താവ്യായാമമത്രയും. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ്‌ ഈ പട്ടികയില്‍ വിജയം നേടിയത്‌. കച്ചവട സിനിമ എന്ന നിലയില്‍പ്പോലും ഇവ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന്‌ കാണാം.

ഇടയ്‌ക്ക്‌ ഒന്നു ചോദിച്ചോട്ടെ, സ്‌ത്രീ കേന്ദ്രീകൃത മലയാള സിനിമകളില്‍ എത്രയെണ്ണം പെട്ടന്ന്‌ ഓര്‍മ്മയില്‍ വരുന്നുണ്ട്‌? എ വിന്‍സന്റിന്റെ തുലാഭാരം (ശാരദ), പി ഭാസ്‌കരന്റെ കള്ളിച്ചെല്ലമ്മ (ഷീല), കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല്‌ (ശ്രീവിദ്യ), പത്മരാജന്റെ ദേശാടനക്കിളികള്‍ കരയാറില്ല(ശാരി, കാര്‍ത്തിക), ഐ വി ശശിയുടെ അവളുടെ രാവുകള്‍(സീമ), ഹരിഹരന്റെ പഞ്ചാഗ്‌നി (ഗീത), ടി വി ചന്ദ്രന്റെ സൂസന്ന (വാണി വിശ്വനാഥ്‌), സത്യന്‍ അന്തിക്കാടിന്റെ തലയണ മന്ത്രം (ഉര്‍വശി), ഹരിഹരന്റെ പരിണയം(മോഹിനി), ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള (സംഗീത), ടി കെ രാജീവ്‌കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്‌(മഞ്‌ജുവാര്യര്‍), ശ്യാമ പ്രസാദിന്റെ അഗ്‌നിസാക്ഷി(ശോഭന), അടൂരിന്റെ നാലുപെണ്ണുങ്ങള്‍( കെ പി എ സി ലളിത, പത്മപ്രിയ, ഗീതുമോഹന്‍ദാസ്‌, നന്ദിതാദാസ്‌), രഞ്‌ജിത്തിന്റെ തിരക്കഥ(പ്രിയാമണി).....ഈ പട്ടിക അധികം നീളുമെന്ന്‌ തോന്നുന്നില്ല. കുട്ട്യേടത്തിയില്‍ വിലാസിനിയും ചെമ്പരത്തിയില്‍ ശോഭയും ചെയ്‌ത അനശ്വര കഥാപാത്രങ്ങള്‍ മുതലിങ്ങോട്ട്‌ ശക്തമായ സ്‌ത്രീകഥാപാത്രങ്ങള്‍ നമുക്ക്‌ അധികം ഇല്ലെന്ന്‌ പറയാം.

`സെക്‌സ്‌ ഫീലിങ്‌' വരുത്താന്‍ വേണ്ടി മാത്രം സ്‌ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്ന രീതിയാണ്‌ നമ്മുടെ ചലച്ചിത്രകാരന്മാര്‍ പിന്തുടരുന്നത്‌. മമ്മൂട്ടിയും മോഹന്‍ലാലും അതിമാനുഷിക കഥാപാത്രങ്ങളായ മിക്ക ചിത്രങ്ങളിലും സ്‌ത്രീ വെറും പരസ്യവസ്‌തുമാണ്‌. മദ്യം, നൃത്തം, സംഗീതം, രതി എന്നിങ്ങനെ ഉപഭോഗത്തിന്റെയും ഉപയോഗത്തിന്റെയും കേവലം ഉപകരണം. അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡെപ്പാംകൂത്ത്‌ പാട്ടുകളുമായാണ്‌ താരങ്ങള്‍ അവരെ അഭിസംബോധന ചെയ്യുന്നത്‌. ഇന്ദുചൂഡനും ബെല്ലാരി രാജയ്‌ക്കും വാസ്‌കോയ്‌ക്കും നീലകണ്‌ഠനും തുറുപ്പ്‌ ഗുലാനുമെല്ലാം സ്വന്തമായ ഭൂമിക ഒരുക്കുന്ന തൂലികയില്‍ നിന്ന്‌, നായികമാര്‍ ടൈപ്പുകളായി പിറന്നു വീഴുന്നു! സൂപ്പര്‍താര കേന്ദ്രീകൃത സിനിമയ്‌ക്ക്‌ കോടികള്‍ സാറ്റലൈറ്റ്‌ റൈറ്റ്‌ കിട്ടും; പഞ്ച്‌ ഡയലോഗുകള്‍ പേര്‍ത്തും പേര്‍ത്തും ആവേശം കൊള്ളിക്കും; താരങ്ങള്‍ക്ക്‌ മാത്രമേ ബോക്‌സോഫീസ്‌ വിജയം നേടാനാവൂ എന്നിങ്ങനെ മുന്‍ധാരണകള്‍ നിരവധിയാണ്‌. നായകന്‌ പ്രേമിക്കാനും വഴങ്ങാനും വഴക്കിടാനും കൂടെയാടാനും പോന്ന മാംസള മേനിയാണ്‌ തൊണ്ണൂറ്‌ ശതമാനം സിനിമകളിലെയും നായിക.

മുന്‍കാലങ്ങളില്‍ സ്‌ത്രീക്ക്‌ നല്‍കിയ മാന്യതയും മഹിമയും പരിശോധിക്കുമ്പോള്‍ ഈ മാറ്റം വ്യക്തമാണ്‌. ചെമ്മീനും കള്ളിച്ചെല്ലമ്മയും മൂടുപടവും ദാഹവും ഈറ്റയുമെല്ലാം സ്‌ത്രീപക്ഷ സിനിമയല്ലെങ്കിലും ഷീല എന്ന നായികയുടെ അനുപമമായ പ്രകടനം കാണാം. സ്വയംവരവും കാട്ടുതുളസിയും മുറപ്പെണ്ണും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തുലാഭാരം പോലെ തന്നെ ശാരദയുടെ പ്രതിഭയെ പ്രതിഫലിപ്പിച്ചു. ജയഭാരതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രതിനിര്‍വേദം, നാടന്‍പെണ്ണ്‌, കടല്‍പ്പാലം എന്നിവ മറക്കാന്‍ എളുപ്പമല്ല. മോഹന്റെ രചന, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌, ഹരിഹരന്റെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല്‌, ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്നിവയില്‍ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാതലും കരുത്തും അടിവരയിടേണ്ടതാണ്‌. സീമയും അംബികയും കെ ആര്‍ വിജയയും കഴിഞ്ഞാല്‍ പിന്നീടുവന്ന നടിമാര്‍ക്ക്‌ വിരളമായേ ഇത്തരം കഥാപാത്രങ്ങള്‍ കിട്ടിയുള്ളൂ. സ്‌ത്രീപക്ഷ സിനിമകളും വളരെ കുറവായിരുന്നു. ഉറൂബ്‌, പി ഭാസ്‌കരന്‍, എസ്‌ എല്‍ പുരം സദാനന്ദന്‍, ആലപ്പി അഷ്‌റഫ്‌, ശാരംഗപാണി എന്നിവര്‍ക്ക്‌ ശേഷം എം ടി വാസുദേവന്‍ നായരാണ്‌ സ്‌ത്രീകള്‍ക്ക്‌ പ്രാധാന്യം നല്‍കാന്‍ തൂലിക ചലിപ്പിച്ചത്‌. വടക്കന്‍ വീരഗാഥ ചന്തുവിന്റെ കഥയായിട്ടും ഉണ്ണിയാര്‍ച്ചയെന്ന ശക്തമായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. താത്രിക്കുട്ടിയുടെ സ്‌മാര്‍ത്തവിചാരത്തെ പശ്ചാത്തലമാക്കി എം ടി ഒരുക്കിയ പരിണയം നമ്പൂതിരി സ്‌ത്രീയുടെ കാമനയും വിഹ്വലതയും വരച്ചിടുന്നു. വൈശാലി, പഞ്ചാഗ്‌നി, നഖക്ഷതം തുടങ്ങി ഈ പട്ടികയില്‍ വേറെയും ചിത്രങ്ങളുണ്ട്‌. തുമ്പോലാര്‍ച്ച, കടത്തനാട്ട്‌ മാക്കം, ഉണ്ണിയാര്‍ച്ച തുടങ്ങി സ്‌ത്രീനാമങ്ങളിലുള്ള ചിത്രങ്ങള്‍ ശാരംഗപാണിയുടെ കാലത്തിന്റെ സംഭാവനയാണ്‌. സൂസന്നയും മങ്കമ്മയും പാഠം ഒന്ന്‌ ഒരുവിലാപവും ചിത്രീകരിക്കാന്‍ ടി വി ചന്ദ്രന്‍ കാണിച്ച ധൈര്യം എടുത്തു പറയാം. സിബി മലയിലിന്റെ എഴുതാപ്പുറത്തില്‍ മൂന്ന്‌ സ്‌ത്രീകഥാപാത്രങ്ങളുണ്ടെങ്കില്‍ ആകാശദൂതില്‍ മാധവിയുടെ ഒറ്റ കഥാപാത്രത്തിലൂടെ ചിത്രം അവിസ്‌മരണീയമാകും. കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികളിലും മധുരനൊമ്പര കാറ്റിലും മഴയിലും ഉള്ളടക്കത്തിലും സ്‌ത്രീപക്ഷത്തു നിന്ന്‌ കഥപറയാനാണ്‌ കമല്‍ ശ്രമിച്ചത്‌. അതിലുപരി പെരുമഴക്കാലം എന്ന കമല്‍ ചിത്രത്തില്‍ കാവ്യാമാധവനും മീരാ ജാസ്‌മിനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ഹൃദയസ്‌പര്‍ശിയാണ്‌. നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌, എന്റെ സൂര്യപുത്രിക്ക്‌ എന്നീ ചിത്രങ്ങളില്‍ ഫാസില്‍ സ്‌ത്രീ കഥാപാത്രത്തിന്‌ പ്രാധാന്യം കൊടുത്തപ്പോള്‍ ശോഭനയ്‌ക്ക്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ച മണിച്ചിത്രത്താഴ്‌ ഒരു സ്‌ത്രീപക്ഷ സിനിമയല്ലെന്ന്‌ പറയേണ്ടി വരും.

എം ടി-ഐ വി ശശി ടീമിന്റെ അഭയം തേടിയിലെ ശോഭന, ജോഷിയുടെ മഹായാനത്തിലെ സീമ, ഭരതന്റെ പ്രയാണത്തിലെ ലക്ഷ്‌മി, കെ ജി ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ബാക്കിലെ നളിനി, മോഹന്റെ ശാലിനി എന്റെ കൂട്ടുകാരിയിലെ ശോഭ, പത്മരാജന്റെ തിങ്കളാഴ്‌ച നല്ല ദിവസത്തിലെ കവിയൂര്‍ പൊന്നമ്മ, ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്‌മി, ജോര്‍ജ്‌ കിത്തുവിന്റെ ആധാരത്തിലെ ഗീത, എം പി സുകുമാരന്‍ നായരുടെ കഴകത്തിലെ ഉര്‍വശി, എം എ വേണുവിന്റെ ചകോരത്തിലെ ശാന്തീകൃഷ്‌ണ, ശശിധരന്‍പിള്ളയുടെ കാറ്റുവന്നു വിളിച്ചപ്പോളിലെ ചിപ്പി, ടി വി ചന്ദ്രന്റെ പാഠം ഒന്ന്‌ ഒരു വിലാപത്തിലെ മീരാജാസ്‌മിന്‍, രഞ്‌ജിത്തിന്റെ നന്ദനത്തിലെ നവ്യാനായര്‍, സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയിലെ ഉര്‍വശി, ലാല്‍ ജോസിന്റെ നീലത്താമരയിലെ അര്‍ച്ചനാ കവി, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥയിലെ ശര്‍ബാനി മുഖര്‍ജി, അക്കു അക്‌ബറിന്റെ വെറുതെ ഒരു ഭാര്യയിലെ ഗോപിക എന്നിങ്ങനെ വിവിധ കാലങ്ങളില്‍ കാമ്പുള്ള സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, കേന്ദ്രകഥാപാത്രമായ നടികള്‍ നിരവധിയാണ്‌. നായികയിലൂടെയല്ല സിനിമ അറിയപ്പെടുന്നതെങ്കിലും ദേവാസുരത്തില്‍ രേവതി അവതരിപ്പിച്ച ഭാനുമതിയെപ്പോലെ ശക്തയായ സ്‌ത്രീകഥാപാത്രങ്ങളെ വിസ്‌മരിക്കാനാവില്ല. ലോഹിതദാസിന്റെ കന്മദത്തില്‍ മഞ്‌ജുവാര്യര്‍ക്ക്‌ കിട്ടിയതും അത്തരമൊരു റോളാണ്‌. പക്ഷെ, നൂറില്‍ ഒന്ന്‌ എന്ന കണക്കിലാണ്‌ ഇത്തരം കഥാപാത്രങ്ങളും സിനിമകളും പിറക്കുന്നതെന്നു മാത്രം.

സ്‌ത്രീ കേന്ദ്രീകൃത സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള ഒട്ടേറെ നായികമാര്‍ മലയാളത്തില്‍ പലകാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ശാരദയും ഷീലയും ജയഭാരതിയും ശ്രീവിദ്യയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയും മുതല്‍ സീമയും കാര്‍ത്തികയും പാര്‍വതിയും രേവതിയും ശോഭനയും ഉര്‍വശിയും സുമലതയും ഭാനുപ്രിയയും സുഹാസിനിയും മഞ്‌ജുവാര്യരും കാവ്യാമാധവനും വരെ ഒത്തിരിപ്പേര്‍. പക്ഷെ ഇവരെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ, നായകന്റെ പിന്‍പാട്ടുകാരിയായി മാറ്റാനാണ്‌ നമ്മുടെ മുഖ്യധാരാ സംവിധായകരിലേറെയും ശ്രമിച്ചത്‌. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക എം കെ കമലം മുതല്‍ പരിശോധിച്ചാല്‍ സ്വത്വ പ്രകാശനത്താല്‍ വെള്ളിവെളിച്ചത്ത്‌ തെളിഞ്ഞു നിന്നവര്‍ വളരെ കുറവാണെന്ന്‌ കാണാം. നിരായുധരും അബലകളും ധാരാളം. കെ പി എ സി ലളിതയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയുമെല്ലാം `അമ്മ' റോളുകളില്‍ ജീവിച്ചുപോകുന്നു.

സുമാജോസനെ പോലെ ഫെമിനിസ്റ്റ്‌ മനോഭാവമുള്ള സ്‌ത്രീകള്‍ സിനിമയെടുത്തിട്ടും (ജന്മദിനം) കാര്യമായ മാറ്റം ഉണ്ടായില്ല. രേവതിയും സുഹാസിനിയും അഞ്‌ജലി മേനോനും സംവിധായകരായിട്ടും കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയില്ല. കരുത്തുള്ള സ്‌ത്രീകഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. പട്ടാളം ജാനകി, ചട്ടമ്പി കല്ല്യാണി എന്നിങ്ങനെ പേരുകളിലൂടെ വെല്ലുവിളിക്കുകയല്ല, മറിച്ച്‌ സ്‌ത്രീയുടെ പക്ഷത്തു നിന്ന്‌ കഥപറഞ്ഞ്‌ വിജയിപ്പിക്കുകയാണ്‌ വേണ്ടത്‌. താരങ്ങളുടെ പ്രകാശമേറ്റ്‌ വെട്ടിതിളങ്ങുന്ന മുഖ്യധാരാ സംവിധായകര്‍ അതിന്‌ ആര്‍ജവം കാണിക്കുമോ എന്ന്‌ കണ്ടറിയണം.

Monday, February 14, 2011

നൂറുജന്മം മൃതിയില്‍ കൊഴിഞ്ഞാലും.....

ബി. പി. മൊയ്തീന്റെ ഓര്‍മ ചിത്രത്തിന് മുന്‍പില്‍ കാഞ്ചന


എത്ര മണിക്കൂര്‍, എത്ര ദിവസം, എത്ര ആഴ്‌ച, എത്രമാസം കാത്തിരിക്കാനാകും. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷം അല്ലേ. പക്ഷെ കാഞ്ചന കാത്തിരുന്നത്‌ അഞ്ചും പത്തും വര്‍ഷമല്ല നീണ്ട മുപ്പതുവര്‍ഷം. എന്നിട്ട്‌ പ്രണയിയെ സ്വന്തമാക്കിയോ?
അഞ്ചുപതിറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം. അവിടെയൊരു പ്രണയകഥ . ഇരിങ്ങാംപറ്റ ബി പി ഉണ്ണിമോയീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും കൊറ്റങ്ങല്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം. പ്രണയം തന്നെ പാപമായി കണ്ടിരുന്ന ആ കാലത്ത്‌ വ്യത്യസ്‌ത മതക്കാരായ രണ്ടുപേരുടെ ഇഷ്ടം ആശിര്‍വദിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍. പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങല്‍ കുടുംബം. കൊറ്റങ്ങല്‍ അച്യുതന്‍ സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു. പന്ത്രണ്ടു മക്കള്‍. ആറാണും ആറു പെണ്ണും. ആറാമത്തെ മകളാണ്‌ കാഞ്ചന. സുന്ദരി, പഠിക്കാന്‍ മിടുക്കി.
സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഉള്ളാട്ടില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. മകന്‍ മൊയ്‌തീന്‍. ഇരു തറവാടുകളും തമ്മില്‍ തലമുറകളായി സൗഹൃദം നിലനിന്നു. കാഞ്ചനയും മൊയ്‌തീനും പഠിച്ചത്‌ മണാശേരി എല്‍ പി സ്‌കൂളിലാണ്‌. കാഞ്ചന പഠിക്കാന്‍ മിടുക്കി; മൊയ്‌തീന്‍ തിരിച്ചും. എന്നാല്‍ ക്ലാസിന്‌ പുറത്തെ എല്ലാ കാര്യത്തിലും മൊയ്‌തീന്റെ സാന്നിധ്യം ഉണ്ടാകും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇരുവരും കോഴിക്കോട്ടെത്തി.
ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവ്‌ യാത്ര. പ്രൈവറ്റ്‌ ബസിന്റെ റിയല്‍ വ്യൂ മിററില്‍ രണ്ടു വെള്ളാരംകണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു. ആ കണ്ണുകളെ കാഞ്ചനയ്‌ക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നീടാണ്‌ ആ മുഖം തെളിഞ്ഞുകണ്ടത്‌. ആ കണ്ണുകളുടെ ഉടമ മൊയ്‌തീനായിരുന്നു. കുറച്ച്‌ ദിവസത്തിനുള്ളില്‍ കോളജ്‌ വിലാസത്തില്‍ കാഞ്ചനയ്‌ക്ക്‌ ഒരു പാര്‍സല്‍ വന്നു. ചങ്ങമ്പുഴ കവിതകള്‍. മൊയ്‌തീനായിരുന്നു അത്‌ അയച്ചത്‌. രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു. കുറേ പ്രണയലേഖനങ്ങള്‍. വല്ലപ്പോഴും കൈമാറുന്ന ഒരു ചിരി. പുറമേ ഇത്രമാത്രം. പക്ഷേ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാകുകയായിരുന്നു.
പെട്ടെന്ന്‌ ഒരു ദിവസം എല്ലാം അവസാനിച്ചു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചു. രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു. തന്റെ സുഹൃത്തായ കൊറ്റങ്ങല്‍ അച്യുതനെ അപമാനിച്ചതിന്‌ പരസ്യമായി മാപ്പുപറയാന്‍ ബാപ്പ മൊയ്‌തീനോട്‌ ആജ്ഞാപിച്ചു. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ പരസ്യമായി തോക്കെടുത്തു. കാഞ്ചനയക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ മൊയ്‌തീന്‍ നെഞ്ചുവിരിച്ചുനിന്നു. ആ ധൈര്യത്തിന്‌ മുമ്പില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ വിറച്ചു. ഉമ്മ നിസഹായതയോടെ നിലവിളിച്ചു. മൊയ്‌തീനെ ബാപ്പ വീട്ടില്‍ നിന്ന്‌ പുറത്താക്കി. ഉള്ളാട്ടില്‍ വീട്‌ അസ്വസ്ഥമായി. കൊറ്റങ്ങല്‍ വീട്ടിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കാഞ്ചന വീട്ടുതടങ്കലിലായി. വിദ്യാഭ്യാസം നിലച്ചു. മൊയ്‌തീനെ മറക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷെ, കാഞ്ചന ഉറച്ചുനിന്നു. ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത്‌ മൊയ്‌തീനോടൊത്തുമാത്രം.
പുറത്ത്‌ കൊടുങ്കാറ്റ്‌ അടിക്കുമ്പോഴും കാഞ്ചനയും മൊയ്‌തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല. വീട്ടില്‍ നിന്ന്‌ പുറത്തായ മൊയ്‌തീന്‍ അമ്മാവന്റെ വീട്ടില്‍ താമസമാക്കി. പല ദുരനുഭവങ്ങളും ഉണ്ടായി. വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ മൊയ്‌തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു. അയാള്‍ മറ്റൊരു കല്ല്യാണം കഴിച്ചു. അതോടെ മൊയ്‌തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക്‌ താമസം മാറ്റി. മൊയ്‌തീന്‍ ആ വീടിന്‌ ഭാര്‍ഗവീ നിലയം എന്ന്‌ പേരിട്ടു. കാലം പിന്നെയും കടന്നുപോയി. കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ. അവര്‍ വിധവകളെ പോലെ വെള്ളവസ്‌ത്രം ധരിച്ചു. വീടിന്‌ പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല. ഒരു ദിവസം മൊയ്‌തീന്‍ വരും കൊണ്ടുപോകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു കാഞ്ചനയ്‌ക്ക്‌.
അപവാദങ്ങളുടെ കൊടുങ്കാറ്റ്‌ പിന്നെയും വീശി. അപ്പോഴൊക്കെ കാഞ്ചന പിടിച്ചുനിന്നു. മൊയ്‌തീനെ കാത്തിരുന്നു. കാഞ്ചനയെ കാത്ത്‌ മൊയ്‌തീനും. മുപ്പതു വര്‍ഷങ്ങള്‍ അവര്‍ക്കിടയിലൂടെ മലവെള്ളം പോലെ ഒലിച്ചുപോയി. ആദ്യത്തെ പത്തുവര്‍ഷം ഇവര്‍ക്ക്‌ തമ്മില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും കൈമാറുന്ന ഒരു കത്ത്‌, അതുമാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്‌. വീട്ടുതടങ്കലില്‍ നിന്ന്‌ ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു. അപ്പോഴൊക്കേ ഓരോരോ തടസ്സങ്ങള്‍. താന്‍ കാരണം സഹോദരിമാര്‍ക്ക്‌ പേരുദോഷം ഉണ്ടാകരുതെന്ന്‌ കരുതി അവരുടെ കല്ല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന. അതു കഴിഞ്ഞ്‌ ഒരു ദിവസം തീരുമാനിക്കുമ്പോള്‍ മൂത്ത സഹോദരന്റെ മരണം. രണ്ടാമത്തെ ശ്രമത്തിന്‌ അച്ഛന്റെ വിയോഗം. മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി. പിന്നെ ഉണ്ണിമോയീന്‍ സാഹിബിന്റെ മരണം. സംഭവങ്ങള്‍ നാടകീയമായിരുന്നു. പിന്നെ ഏതെങ്കിലും ഒരു യാത്രയ്‌ക്കിടയില്‍ ബസ്‌ സ്റ്റാന്റിലോ വഴിയരികിലോ വെച്ച്‌ ഒരു ചെറു കൂടിക്കാഴ്‌ച. അതും മൂന്നും നാലും കാവല്‍ക്കാരുടെ ഇടയില്‍. കൈമാറുന്നത്‌ ഒന്നോ രണ്ടോ വാക്കുകള്‍.
ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര. പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു. കാഞ്ചന നടന്നുപോയി. മൊയ്‌തീന്‍ അതുനോക്കി നിന്നു. കാഞ്ചന തിരിഞ്ഞുനോക്കുമ്പോള്‍ മൊയ്‌തീന്‍ തറയില്‍ നിന്ന്‌ എന്തോ വാരിയെടുക്കുന്നു. വളരെ നാള്‍ കഴിഞ്ഞു ഒരുദിവസം കാഞ്ചന ചോദിച്ചു. എന്തായിരുന്നു അന്ന്‌ വാരിയെടുത്തത്‌? നിന്റെ കാല്‌പാടു പതിഞ്ഞമണ്ണ്‌!ഇക്കാലത്തിനിടയില്‍ മൊയ്‌തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. സാധാരണക്കാര്‍ക്ക്‌ എപ്പോഴും എന്തു സങ്കടവും മൊയ്‌തീന്റെ മുമ്പില്‍ പറയാമായിരുന്നു. അപ്പോഴും മൊയ്‌തീന്റെ ഉള്ളില്‍ കാഞ്ചനയോടുള്ള പ്രണയം ഒരു വിങ്ങലായി നിറഞ്ഞുനിന്നു.
ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്ക്‌ പോകുകയായിരുന്നു. മുക്കത്ത്‌ വെച്ച്‌ മൊയ്‌തീന്‌ ഒരു കത്ത്‌ പോസ്റ്റ്‌ ചെയ്‌തു. എടവണ്ണപ്പാറയില്‍ നിന്ന്‌ വൈകുന്നേരം മുക്കത്തേക്ക്‌ ബസ്സിലിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ ഇരവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്‌തീനെ കാണാനില്ലെന്ന്‌. തോണി മറിഞ്ഞപ്പോള്‍ യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്‌തീന്‍ എടുത്തുചാടി. രണ്ടുപേരെ ഒരുവിധം കരയിലെത്തിച്ചു. വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോളാണ്‌ മൊയ്‌തീന്‍ നിലയില്ലാ കയത്തിലേക്ക്‌ താണു പോയത്‌. മൊയ്‌തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്ന്‌ കാഞ്ചന തീരുമാനിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി. നടന്നില്ല. ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു പരാജയപ്പെട്ടു. ഏഴാം ദിവസം ആശുപത്രിയിലായി. അവിടെ മൊയ്‌തീന്റെ ഉമ്മ വന്നു പറഞ്ഞു. ഇന്ന്‌ മുതല്‍ നീയെനിക്ക്‌ മൊയ്‌തീനാണ്‌. അന്നു കാഞ്ചന തീരുമാനിച്ചു. ഇനി ആത്മഹത്യ ചെയ്യില്ല. മൊയ്‌തീന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവിക്കും.
മൊയ്‌തീന്റെ വഴിയേ സാമൂഹ്യ നന്മയ്‌ക്ക്‌ പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം. മൊയ്‌തീന്‍ സ്ഥാപിച്ച മോചന വിമന്‍സ്‌ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. പിന്നീട്‌ മുക്കത്ത്‌ ബി പി മൊയ്‌തീന്‍ സേവാ മന്ദിറിന്‌ തുടക്കമിട്ടു. സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മന്ദിരത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ലൈബ്രറി, നേതാജി അന്ത്യോദയകേന്ദ്രം, ചില്‍ഡ്രന്‍സ്‌ ക്ലബ്ബ്‌, സ്‌ത്രീരക്ഷാ കേന്ദ്രം, ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരുദിവസം മൊയ്‌തീന്റെ ഉമ്മ പറഞ്ഞു. മോളിങ്‌ പോരേ.......എന്റെ മരിച്ചുപോയ മൊയ്‌തീന്റെ ഭാര്യയായ്‌. പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീകരിച്ചു. പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു. മൊയ്‌തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്‌ക്ക്‌ പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്‌തക ശാലയായിരുന്നു. മൊയ്‌തീന്റെ കയ്യൊപ്പുള്ള പുസ്‌തകങ്ങള്‍. പ്രണയസ്‌മാരകം പോലെ മൊയ്‌തീന്‍ കാത്തുവെച്ച കത്തുകള്‍. പ്രണയത്തിന്റെ നോവറിഞ്ഞ കൗമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു. മൊയ്‌തീന്‍ കൈമാറിയ കത്തുകള്‍. നൂറു പേജുള്ള പുസ്‌തകം നിറയെ കോഡുഭാഷയിലാണ്‌ എഴുത്ത്‌. അവര്‍ രണ്ടുപേര്‍ക്കല്ലാതെ ലോകത്ത്‌ മറ്റാര്‍ക്കും ആ ഭാഷ വായിക്കാന്‍ കഴിയുമായിരുന്നില്ല. തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ്‌ ഇവര്‍ക്കു കഴിച്ചുകൂട്ടേണ്ടി വന്നത്‌. അപ്പോഴൊക്കെ പരസ്‌പരം മനസ്സ്‌ കൈമാറിയിരുന്നത്‌ ഈ കത്തുകളിലൂടെയായിരുന്നു. ഓരോ ദിവസത്തേയും വിശേഷങ്ങള്‍, മനസ്സിനെ ഉലച്ച സംഭവങ്ങള്‍, നേരിട്ട ദുരനുഭവങ്ങള്‍, ബന്ധുക്കളുടെ കുത്തിനോവിക്കല്‍, ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും ഒരു ചിരി.......എഴുതാന്‍ ഒരുപാട്‌ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. നോട്ടുപുസ്‌തകത്തിനുള്ളില്‍ ഒളിച്ചുവെച്ച റോസാപുഷ്‌പങ്ങള്‍. അല്ലെങ്കില്‍ മയില്‍പ്പീലിത്തുണ്ട്‌. ചുവന്ന മഷികൊണ്ട്‌ എഴുതിയ ഒരു നോട്ടുപുസ്‌തകത്തിനുള്ളില്‍ വാടിക്കരിഞ്ഞ റോസാപ്പൂക്കള്‍. ഒരു പൂങ്കുലയില്‍ രണ്ടെണ്ണം. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മൊയ്‌തീന്‍ തന്ന റോസാപുഷ്‌പങ്ങളാണിത്‌. കാഞ്ചന ആ നോട്ടുപുസ്‌തകം കണ്ണോട്‌ ചേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാവും ആ കണ്ണീരില്‍?
ഇറച്ചിയും മീനും കാഞ്ചനയ്‌ക്ക്‌ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൊയ്‌തീന്റെ മരണത്തോടെ കാഞ്ചന ഇറച്ചിയും മീനും ഉപേക്ഷിച്ചു. തോണി അപകടം നടന്ന്‌ മൂന്നാം ദിവസമാണ്‌ മൊയ്‌തീന്റെ മൃതദേഹം കിട്ടുന്നത്‌. കാഞ്ചനയ്‌ക്ക്‌ മൃതദേഹം കാണാനുള്ള അവസരം ഉണ്ടായില്ല. പക്ഷേ, ആരോ കാഞ്ചനയോട്‌ പറഞ്ഞു. `മൊയ്‌തീന്റെ കണ്ണുകളില്‍ മീന്‍ കൊത്തിയിരുന്നു'. ഒരു നിമിഷം കാഞ്ചനയുടെ മുന്നില്‍ തെളിഞ്ഞത്‌ ബസിന്റെ റിയല്‍ വ്യൂവറില്‍ കണ്ട വെള്ളാരം കണ്ണുകളാണ്‌. കാഞ്ചന ആദ്യം പ്രണയിച്ച ആ വെള്ളാരം കണ്ണുകളെയാണ്‌ ഇരുവഴിഞ്ഞിപ്പുഴയിലെ മീനുകള്‍ കൊത്തിക്കൊണ്ടുപോയത്‌. അതിനുശേഷം ഇറച്ചിയും മീനും കാണുമ്പോള്‍ കാഞ്ചനയുടെ കണ്ണില്‍ ആദ്യമെത്തുന്നത്‌ മൊയ്‌തീന്റെ കണ്ണുകളാണ്‌. ഇരുപത്തിയഞ്ചുവര്‍ഷമായി സസ്യാഹാരം മാത്രം.
മൊയ്‌തീന്‌ പുഴ ഇഷ്ടമായിരുന്നു. കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട്‌ ഏറെ ഇഷ്ടമായിരുന്നു. മൊയ്‌തീന്റെ മരണശേഷം തെയ്യത്തുംകടവില്‍ കാഞ്ചന ഇടയ്‌ക്കിടെ പോകും. കാഞ്ചനയുടെ ജീവിതത്തെ നോക്കി പുഴ കരയുന്നോ ചിരിക്കുന്നോ........

Sunday, February 13, 2011

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും....``
കേവലമൊരു താത്‌ക്കാലിക ഭ്രമം
പൂവുപോലുള്ളൊരോമന കൗതുകം''

രമണനോട്‌ ചന്ദ്രികയ്‌ക്ക്‌ അതു മാത്രമായിരുന്നുവോ? ഒരു കൗതുകം; അല്ലെങ്കില്‍ താത്‌കാലിക ഭ്രമം. അതിനാലാണോ അവള്‍ ഒരിക്കല്‍ ഇങ്ങനെ പാടിയത്‌:
``ഇല്ല ഞാനെന്നെ നശിപ്പിക്കുകയില്ലൊരു
പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും!''.

രമണനെന്ന പുല്ലാങ്കുഴലിനുവേണ്ടി സ്വയം നശിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. ചന്ദ്രികയുടെ മനോഗതത്തെ അങ്ങനെ മാത്രം വിലയിരുത്താമോ? `
`പുല്ലാണെനിക്കീപ്പണ,മവന്‍തന്‍ കൊച്ചു-
പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോള്‍''

എന്ന്‌ അവളെക്കൊണ്ടു തന്നെ ചങ്ങമ്പുഴ ഒരിക്കല്‍ പാടിപ്പിച്ചില്ലേ? ആകെ വൈരുദ്ധ്യം. ചന്ദ്രിക രണ്ടുതരത്തിലും ചിന്തിക്കാന്‍ കാരണം എന്താവും? ഒരു വാലന്റൈന്‍ ദിനംകൂടി കടന്നു വരുമ്പോള്‍ പാവം ചന്ദ്രികയെയും രമണനെയും ഓര്‍ത്ത്‌ നെടുവീര്‍പ്പിടുകയല്ല. വാലന്റൈനേക്കാള്‍ പരിചയം അവരാണെന്ന്‌ തോന്നി; രമണനും ഇടപ്പള്ളിയും ഒരാളാണെന്ന ചിത്രം പണ്ടുമുതലേ മനസ്സില്‍ പതിഞ്ഞുപോയി.

ശരിക്കും നമ്മള്‍ മലയാളികള്‍ പ്രണയദിനം ആഘോഷിക്കേണ്ടത്‌ ഇടപ്പള്ളിയുടെ ചരമദിനത്തിലായിരുന്നില്ലേ?ആരാണ്‌ ഫെബ്രുവരി 14 ന്റെ വൃത്തത്തിലേക്ക്‌ നമ്മുടെ പ്രണയത്തെ പറിച്ചുവെച്ചത്‌? വാലന്റൈന്‍ ഡേയില്‍ ആഘോഷപൂര്‍വം പ്രണയിച്ചില്ലെങ്കില്‍ നഷ്‌ടപ്പെടുന്നത്‌ സുവര്‍ണാവസരമാണെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌ ആരാണ്‌? എന്തായാലും ആഗോള കമിതാക്കള്‍ക്ക്‌ ഒരു ദിവസം ദാനം നല്‍കിയ കമ്പോള വ്യവസ്ഥയ്‌ക്ക്‌ സ്‌തുതി പറയാം. പ്രണയത്തിനു വേണ്ടി രക്തസാക്ഷിയായ ഒരു പുരോഹിതന്റെ ഓര്‍മ ആഗോള പ്രണയ ദിനമായി കൊണ്ടാടുന്നതില്‍ എന്തു തെറ്റു പറയാന്‍, അല്ലേ? വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അന്നൊരു ദിവസം മാത്രം പ്രണയത്തിന്‌ തീറെഴുതി, നമ്മുടെ ഹൃദയ വികാരത്തെ വിറ്റഴിക്കാന്‍ നോക്കിയതാരാണെന്ന്‌ ചിന്തിക്കണം. ഒരാട്ടിന്‍ കുട്ടി കൈവിട്ടപ്പോള്‍ തൂങ്ങിച്ചാവുന്ന മുഗ്‌ധാനുരാഗം നിലനില്‍ക്കണമെന്ന്‌ ശഠിക്കുന്നത്‌ കാലത്തോട്‌ ചെയ്യുന്ന കൊടിയ പാതകമാണ്‌. ആഘോഷങ്ങളെല്ലാം ഇന്‍സ്റ്റാള്‍മെന്റാകുമ്പോള്‍ പ്രണയവും അങ്ങനെയാകണമെന്ന്‌ വാശിപിടിക്കുന്നത്‌ അതിലേറെ പാതകവും. ലോകം ചുരുങ്ങുമ്പോള്‍ നമുക്കുമാത്രം മാറി നില്‍ക്കാനാവില്ലല്ലോ. ചാനലും ജാലികയും പുറത്തുവിടുന്ന ആഘോഷം അതാണ്‌. ഓരോ പ്രണയിനികളും അവളുടെ മാംസളമേനിയിലൂടെ സ്വത്വം അടയാളപ്പെടുത്തണമെന്ന്‌ കമ്പോളം വാശിപിടിക്കുന്നു.

തായ്‌ലാന്റില്‍ കൗമാരക്കാരികളില്‍ ഭൂരിഭാഗവും തങ്ങളുടെ കന്യകാത്വം ഉപേക്ഷിക്കാന്‍ തിരഞ്ഞെടുത്തത്‌ ഈ ദിവസമായിരുന്നു. 2007-ലാണ്‌ സംഭവം. കാമുകന്‍ ആവശ്യപ്പെട്ടാല്‍ കാത്തുസൂക്ഷിച്ചതെന്തും സമര്‍പ്പിക്കാനുള്ള ഒരു ദിവസമായി അവര്‍ ഫെബ്രുവരി 14നെ കാണുന്നു. മാംസനിബദ്ധമായ അനുരാഗത്തിന്റെ മുഖാവരണം നീക്കിയ സംഭവമായിരുന്നു ഇത്‌. കടക്കണ്ണും തിരിഞ്ഞു നോട്ടവും ഇല്ലാതെ വരുമ്പോള്‍ ഒളിഞ്ഞു നോട്ടവും എത്തിനോട്ടവും പകരം വെക്കുന്ന കൗമാര സങ്കല്‍പ്പങ്ങളാണ്‌ കടല്‍ കടന്ന്‌ വ്യാപിക്കുന്നത്‌. കാമം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കില്‍ പ്രേമം അത്രത്തോളം അവശ്യ ഘടകമല്ല. ഇവിടെ ആദ്യത്തേതു മാത്രം ഇക്കിളിപ്പെടുത്തുമ്പോള്‍ പരസ്‌പരം തിരിച്ചറിയാത്തവരായി നാം അകന്നു പോകും. ആണ്‍കുട്ടിക്ക്‌ പെണ്‍കുട്ടിയോട്‌ തോന്നുന്ന ആകര്‍ഷണീയതയാണ്‌ ചാനലുകള്‍ വരച്ചിടുന്നത്‌. നല്ലൊരു മാര്‍ക്കറ്റ്‌ സിംബലായി വാലന്റൈന്‍സ്‌ ഡേ മാറുന്നത്‌ അങ്ങനെയാണ്‌. ഹാന്റ്‌ ബാഗില്‍ മാലാഡിയും സഹേലിയും ഗര്‍ഭനിരോധന ഉറകളുമായി ശീതീകരണ ശാലകളില്‍ ഇഷ്‌ടം പങ്കിടുന്ന യൗവനങ്ങള്‍ക്കിടയില്‍ ഇടയില്‍ എവിടെയാണ്‌ ആ വികാരത്തിന്റെ വ്യഥയും ആധിയും കത്തിയാളുന്നത്‌!

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിണിയായ ലിസാ മേരി നോവാക്ക്‌ ടെക്‌സാസില്‍ നിന്ന്‌ ഫ്‌ളോറിഡയിലേക്ക്‌ നിര്‍ത്താതെ തൊള്ളായിരം മൈല്‍ കാറോടിച്ചു പോയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ പ്രണയം പ്രകടിപ്പിച്ചത്‌. ആകാശത്തു വെച്ച്‌ പരിചയപ്പെട്ട കാമുകന്റെ ഭൂമിയിലെ തോഴിയെ ഇല്ലാതാക്കാനുള്ള പ്രതികാര വാഞ്ചയുമായാണ്‌ ലിസാ പോയതെന്ന്‌ കേള്‍ക്കുമ്പോള്‍, പ്രണയത്തിന്റെ ആഗോള വേഗം തിരിച്ചറിയപ്പെടുന്നു. പ്രേമത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണല്ലോ. യുദ്ധത്തിന്റെ രീതി ശാസ്‌ത്രത്തിനൊപ്പം പ്രണയവും മാറുമ്പോള്‍ ചങ്കിടിപ്പേറണം. കമിതാക്കള്‍ ഇന്ന്‌ എല്ലാ രഹസ്യവും ക്യാമറക്കണ്ണിനു മുമ്പില്‍ വെളിപ്പെടുത്തുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒന്നും ബാക്കിവെക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഡിയായി കാണുന്നെന്നും പ്രണയത്തിന്‌ ഏറ്റവും നല്ലത്‌ നിശബ്‌ദതയും നിഗൂഢതയുമാണെന്ന ഖലീല്‍ ജിബ്രാന്റെ വെളിപ്പെടുത്തല്‍ നമുക്ക്‌ അന്യമാകുന്നു. ആത്മാവില്‍ പ്രണയം പകര്‍ന്ന്‌ ജീവിതം പൊള്ളിപ്പോയവരുടെ ആത്മവൃത്താന്തം പോലെ സത്യമാകണമെന്നില്ല ആ വെളിപ്പെടുത്തലുകള്‍. ഒരു പൂവിന്റെ മന്ദഹാസത്തിലും അവര്‍ക്ക്‌ മയങ്ങാനാവില്ല. കിനാവുകള്‍ മുറിഞ്ഞു പോകുന്നതും ശ്ലഥബിംബങ്ങള്‍ സ്‌മൃതികളില്‍ നിറയുന്നതും അങ്ങനെയാണ്‌. ഒരു പൂവിനിതള്‍ കൊണ്ടും അവര്‍ക്ക്‌ മുറിവേല്‍ക്കാത്തത്‌ അതിനാലാണ്‌. പൂവിറുത്ത്‌ നീട്ടിയില്ലെങ്കിലും നൂറു ചെമ്പനീര്‍ മൊട്ടുകള്‍ ഉള്ളില്‍ വിരിഞ്ഞത്‌ തിരിച്ചറിയുന്ന കാമുകിയെ കാലത്തിന്‌ നഷ്‌ടമാകുന്നത്‌ അവിടെയാണ്‌. കവിതയാണ്‌ കൈമോശം വരുന്നത്‌. കാലമാകുന്ന കവിയുടെ ഗദ്‌ഗദമാണ്‌ കേള്‍ക്കാതാവുന്നത്‌.

അപ്പോള്‍ കൂട്ടുകാരീ, നീ ചോദിച്ചേക്കാം. കാലം മാറിയില്ലേ എന്ന്‌. കാലത്തിനൊപ്പം മനസിന്റെ വികാരവും മാറില്ലേ എന്ന്‌. `ഐ ലവ്‌ യു' എന്നതിലും തീക്ഷ്‌ണത `ഐ മിസ്‌ യു' എന്നതിനാണെന്ന്‌ പുതിയ കമിതാക്കളും പറയുന്നു. എന്നിട്ടും നാമെന്തേ കാത്തിരിക്കാന്‍ മടിക്കുന്നു. പുതിയ ശീതളഛായകള്‍ തേടിപ്പോകുന്നു. ഒമ്പതു വര്‍ഷത്തിനു ശേഷവും ഇളം മഞ്ഞിന്റെ നനുത്ത സ്‌പര്‍ശവുമായി സുധീര്‍കുമാര്‍ മിശ്ര വരുമെന്ന്‌ കരുതിയിരിക്കുന്ന വിമലയെ കാലം അറിയാതെ പോകുന്നു. ഹൃദയത്തെ ഒരു കഷണം കടലാസാക്കി വിരല്‍മുറിച്ച്‌ പേനയാക്കി, കാജല്‍ കണ്ണീരില്‍ ചാലിച്ച്‌ മഷിയാക്കി സന്ദേശമെഴുതുന്നത്‌ ചിന്തിക്കാന്‍ പോലുമാകാത്ത വിധം നമ്മള്‍ മാറിപ്പോകുന്നു. തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്നവനേ ശരിക്കും പ്രേമത്തിന്റെ ലഹരിയറിയൂ എന്ന്‌ ആത്മസായൂജ്യം പോലെ പാടിയവര്‍ പഴഞ്ചനാകുന്നത്‌ ഈ കമ്പോളത്തിലാണ്‌.`വണ്‍വേ' യും അഡ്‌ജസ്റ്റുമെന്റുമായി പൊങ്ങച്ച സഞ്ചി കുത്തി നിറച്ചവര്‍ `ഹായ്‌' വിളിക്കുമ്പോള്‍ വാക്കുകള്‍ നഷ്‌ടമാകുന്നത്‌ ഇവിടെ നിന്നാണ്‌. പരസ്‌പരം സ്‌നേഹം അസാധ്യമാണെന്നും രണ്ടിലൊരാള്‍ പറ്റിക്കുമെന്നും ഗോദാര്‍ദ്‌ പറഞ്ഞിടത്തു നിന്ന്‌ ബാക്കി തുടങ്ങാം.

കേവലമൊരു താത്‌ക്കാലിത ഭ്രമമോ പൂവുപോലുള്ള ഓമന കൗതുകമോ ആയിരുന്നെന്ന്‌ പരസ്‌പരം ആശ്വസിക്കുമ്പോള്‍ വാലന്റൈന്‍ ഡേ ഒരു വലിയ വാരിക്കുഴിയായി മുമ്പിലുണ്ട്‌. തീവ്രാനുരാഗത്തിന്റെ പേരില്‍ രക്തസാക്ഷിയായ ഇടപ്പള്ളിയെ ഓര്‍ക്കാന്‍ വിട്ടുപോകുമ്പോഴാണിത്‌. പ്രേമത്തിന്റെ വിശ്വപ്രവാചകനായ ഖലീല്‍ ജിബ്രാന്‍ ജീവിതത്തില്‍ നിന്ന്‌ പടിയിറങ്ങിയ ഏപ്രില്‍ 10ന്‌ നാം എത്രമാത്രം പ്രധാന്യം നല്‍കാറുണ്ട്‌? മേരി ഹാസ്‌കലിനു വേണ്ടി ജിബ്രാന്‍ കുറിച്ചുവെച്ച വരികള്‍ കുത്തക ബ്രാന്റുകള്‍ യഥേഷ്‌ടം എടുത്തുപയോഗിക്കുന്നു. പ്രണയികള്‍ `വാലന്റൈന്‍ ബോട്ടി'ല്‍ പകര്‍ന്ന നുരയിലും പതയിലും ആറാടാന്‍ കൊതിക്കുന്നു. മനസിന്റെ താളില്‍ ആകാശം കാണാതെ ഒളിച്ചുവെച്ച മയില്‍പ്പീലി തുണ്ട്‌ നഷ്‌ടമായത്‌ ഇവിടെയാണ്‌. പ്രണയം തന്ന വേദന എവിടെ? അതില്ലാതെ എന്ത്‌ പ്രേമം. ചക്രവാളത്തിലേക്ക്‌ നീളുന്ന അവളുടെ നോട്ടം അവനിലേക്ക്‌ പിന്‍വാങ്ങിയ സാന്ധ്യ സല്ലാപങ്ങളെവിടെ? പ്രണയം മാത്രം ലോകത്തെ കബളിപ്പിക്കുന്നെന്ന്‌ ഷേക്ക്‌സ്‌പിയര്‍ പറഞ്ഞത്‌ ചന്ദ്രികേ നീ അറിഞ്ഞിരുന്നുവോ? തെറ്റുകള്‍ പറ്റിയത്‌ നിനക്കു മാത്രമല്ല. പ്രണയം ആഘോഷമാക്കിയ എല്ലാവര്‍ക്കുമാണ്‌. കാട്ടില്‍ കൂടെ വരട്ടേ എന്ന്‌ ചോദിച്ച ചന്ദ്രികയോട്‌ പാടില്ല പാടില്ലാ എന്നായിരുന്നു രമണന്‍ അന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ ``പോരൂ പുന്നാരേ പോരൂ പുന്നാരേ ആടു മേയ്‌ക്കും കാട്ടിനുള്ളി'ലെന്നോതി മാടി വിളിക്കുകയാണ്‌ കാലം. വിറ പൂണ്ട മഴവില്ലിനു ശേഷം അലിഞ്ഞു തീരുന്ന ഒരു ദിവസമല്ല ഇവിടെ പ്രേമം. തുടക്കവും ഒടുക്കവും ഇവിടെ ഭ്രമാത്മകമാണ്‌. ഭ്രാന്തമാണ്‌. രമണ്‍ പറഞ്ഞപോലെ, ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‌പ ലോകമല്ലല്ലോ ഈ ഉലകം!