ചന്ദ്രകാന്തം

Tuesday, June 28, 2011

ആത്മനൊമ്പരങ്ങളുടെ പാഥേയംപ്രിയ കഥാകാരന്‍ എ കെ ലോഹിതദാസിന്റെ ഈറനണിഞ്ഞ ഓര്‍മ്മകളുമായി ഒരു ജൂണ്‍ മാസം കൂടി പടിയിറങ്ങുന്നു.......

``അവള്‍ എന്റെ കുഞ്ഞാണ്‌; അതെ എനിക്ക്‌ ഉറപ്പാണ്‌. ആദ്യമായി അവളെ ഞാന്‍ കണ്ടപ്പോള്‍, എന്റെ പാദങ്ങളില്‍ അവള്‍ സ്‌പര്‍ശിച്ചപ്പോള്‍, ഞാന്‍ അവളുടെ തലയില്‍ തൊട്ട്‌ അനുഗ്രഹിച്ചപ്പോള്‍, ഞാനനുഭവിച്ച കാന്തികമായ ഒരു വികാരം. രക്തം രക്തത്തെ തൊടുന്നതുപോലെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മകള്‍..........'' പ്രേക്ഷക മനസ്സിന്റെ ആഴങ്ങളിലെവിടെയോ കൊളുത്തിവലിക്കുന്ന പ്രതീതി.


ഹരിത തന്റെ മകളാണെന്ന്‌ വെളിവാകുന്നതിന്‌ മുമ്പേ ചന്ദ്രദാസ്‌ സ്വയം തിരിച്ചറിഞ്ഞു പറഞ്ഞ വാക്കുകള്‍. `പാഥേയം' എന്ന ചിത്രത്തിലെ ചന്ദ്രദാസിനെയും ഹരിതയെയും തിരക്കഥാ കൃത്ത്‌ ലോഹിതദാസ്‌ സൃഷ്ടിച്ചത്‌ അത്രമാത്രം ഹൃദയസ്‌പര്‍ശിയായിട്ടായിരുന്നു; മറ്റുപല കഥകളെയും പോലെ സ്വജീവിതത്തില്‍ നിന്ന്‌ പകര്‍ത്തിവെച്ച കഥാപാത്രങ്ങള്‍; ആത്മബന്ധങ്ങളുടെ തീവ്രതയില്‍ നിന്ന്‌ പരുവപ്പെട്ട പച്ചമനുഷ്യര്‍.


നമ്മുടെ ഇടയില്‍ നിന്ന്‌ കണ്ടെത്തിയ ബാലന്‍മാഷും അച്ചൂട്ടിയും ചന്ദ്രദാസും സേതുമാധവനും വാറുണ്ണിയും മേലേടത്ത്‌ രാഘവന്‍ നായരും നന്ദഗോപാലനുമൊക്കെയാണ്‌ എ കെ ലോഹിതദാസിനെ അനശ്വരനാക്കുന്നത്‌. കഥാപാത്രങ്ങളും സമൂഹവുമായുള്ള ആത്മസംഘര്‍ഷം എല്ലാ ലോഹിതദാസ്‌ കഥകളുടെയും പ്രത്യേകതയാണ്‌; പ്രത്യേകിച്ച്‌ നായക കഥാപാത്രങ്ങളുടെ മനോവ്യവഹാരങ്ങള്‍.


``സൈ്വര്യം കെടുത്താതെ നീ പോയി ചാക്‌.....'' എന്ന്‌ വെറുതെയെങ്കിലും നന്ദഗോപന്‍ പറഞ്ഞപ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്‌ത സുമയെപ്പോലുള്ള (കമലദളം) തരളിതചിത്തരായ കഥാപാത്രങ്ങളും കുറവല്ല. നെഞ്ചിലേക്ക്‌ ഊളിയിട്ട്‌ നൊമ്പരപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ്‌ അദ്ദേഹം സൃഷ്ടിച്ചതത്രയും.


നായക കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം `തനിയാവര്‍ത്തനം' മുതല്‍ `ചക്രം' വരെയുള്ള മിക്ക ചിത്രങ്ങളിലും കാണാം. താളംതെറ്റിയ വിഹ്വല മനസ്സുമായി പ്രേക്ഷകരെ ഈറനണിയിച്ച തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്‌, ലോഹിതദാസിന്റെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ്‌. മനസ്സിന്റെ ഘടികാരത്തിന്റെ താളം തെറ്റിപ്പോയ `ഭൂതക്കണ്ണാടി'യിലെ വിദ്യാധരന്റെ ആത്മവിഹ്വലതകള്‍ പ്രേക്ഷകരെ ഈറനണിയിക്കുന്നു.


പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിലെ തീവ്രതയും നിസ്സഹായാവസ്ഥയും `കിരീട'ത്തിലൂടെ നാം അനുഭവിച്ചു; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കൊലയാളിയായി മാറിയ മോഹന്‍ലാലിന്റെ സേതുമാധവനെന്ന കണ്ണീര്‍പൂവിന്‌ പ്രേക്ഷക മനസ്സിലുള്ള സ്ഥാനം അത്ര വലുതായിരുന്നു. ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ സേതുവിന്റെ സഹതാപാര്‍ഹമായ ജീവിതമാണ്‌ `ചെങ്കോലി'ല്‍ ഇതള്‍ വിരിഞ്ഞത്‌.


ജ്യേഷ്‌ഠന്റെ മരണം കുടുംബത്തില്‍ നിന്ന്‌ മറച്ചുവെക്കാന്‍ നിര്‍ബന്ധിതനായ അനുജന്‍ കല്ലൂര്‍ ഗോപിനാഥന്റെ ആത്മസംഘര്‍ഷങ്ങളാണ്‌ `ഭരത'ത്തില്‍ വരച്ചിട്ടത്‌. ജ്യേഷ്‌ഠന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സും അനുജന്റെ ഹൃദയസംഘര്‍ഷങ്ങളും ഏറെ വികാരവിക്ഷുബ്ധമായിരുന്നു.
ചെമ്മീനിനു ശേഷം അതിലും ശക്തമായി കടലിന്റെ പശ്ചാത്തലത്തില്‍ ഒരുകഥ എഴുതിയത്‌ ലോഹിതദാസാണ്‌; അദ്ദേഹം സൃഷ്ടിച്ച `അമര'ത്തിലെ കഥാപാത്രങ്ങള്‍, അച്ചൂട്ടിയും മുത്തുവും സ്‌നേഹത്തിന്റെ ആഴവും പരപ്പും കാട്ടിത്തന്നു. വാടക കൊലയാളിയുടെ മനസ്സിന്റെ പരിവര്‍ത്തനമായിരുന്നു `ഹിസ്‌ ഹൈനസ്‌ അബ്ദുള്ള'യിലെങ്കില്‍, കാരിരുമ്പിന്റെ ശരീരത്തിനുള്ളിലെ ഉറവയുള്ള മനസ്സായിരുന്നു `കന്മദ'ത്തിലെ വിശ്വന്റേത്‌.
തന്റെ ജീവിതവുമായി ചില സാമ്യങ്ങളുണ്ടെന്ന്‌ ലോഹിതദാസ്‌ തന്നെ പറഞ്ഞ ചിത്രമാണ്‌ ഭരതന്‍ സംവിധാനം ചെയ്‌ത `പാഥേയം'. മമ്മൂട്ടി അവതരിപ്പിച്ച ചന്ദ്രദാസിന്റെ മാനറിസങ്ങളില്‍ എവിടെയെല്ലാമോ `ലോഹിടച്ച്‌' കാണാമായിരുന്നു. പിതാവും മകളും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥയാണ്‌ ചിത്രത്തില്‍ ഇതള്‍ വിരിഞ്ഞത്‌. പ്രണയത്തിനും നൃത്തത്തിന്റെ സംഗീതത്തിനും പ്രാധാന്യം നല്‍കി സിബി മലയിലിനുവേണ്ടി ലോഹിതദാസ്‌ ഒരുക്കിയ `കമലദള'ത്തിലെ നന്ദഗോപാലന്‍ `കുടിച്ചുതീര്‍ത്ത' സംഘര്‍ഷങ്ങളും ചെറുതല്ല.
സാധാരണക്കാരനായ ഒരു കൃഷിക്കാരന്റെ കുടുംബബന്ധത്തിന്റെ ഇഴയടുപ്പം ചികയുകയായിരുന്നു `വാത്സല്യ'ത്തിലെ മേലേടത്ത്‌ രാഘവന്‍ നായരിലൂടെ ലോഹി ചെയ്‌തത്‌. വ്യവസ്ഥകളോട്‌ കലഹിച്ച `ആധാര'ത്തിലെ ബാപ്പൂട്ടി പൗരുഷത്തിന്റെ കരുത്തായിരുന്നെങ്കില്‍ `ജോക്കറി'ലെ ബാബു തരളഹൃദയനാണ്‌. `ഓര്‍മ്മച്ചെപ്പി'ലെ ജീവനെ പോലെ `മഹായാന'ത്തിലെ ചന്ദ്രുവിനെപോലെ നിരവധി വ്യത്യസ്‌ത കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്‌തു. ഗൃഹാതുരതയുടെ നിഴല്‍വെളിച്ചത്തില്‍ `അരയന്നങ്ങളുടെ വീട്ടി'ലെ രവീന്ദ്രനാഥ്‌ അനുഭവിച്ച ആത്മസംഘര്‍ഷം പ്രേക്ഷകരുടെ ഉള്ളില്‍ വിങ്ങലായി ബാക്കിനില്‍ക്കുന്നു.


വാടകയ്‌ക്ക്‌ ഒരു ഗര്‍ഭപാത്രം എന്ന സങ്കല്‌പത്തെ രചനാത്മകമാക്കി `ദശരഥ'മെന്ന സിനിമ ഒരുക്കാന്‍ ലോഹിതദാസിന്‌ കഴിഞ്ഞു. പണത്തിനുവേണ്ടിയുള്ള ആര്‍ത്തിയും അതിന്റെ പരിണതിയുമാണ്‌ `ധന'ത്തിന്റെ പശ്ചാത്തലം. `ഭൂതകണ്ണാടി'യിലെ പുള്ളുവത്തി സരോജിനിയും `കസ്‌തൂരിമാനി'ലെ പ്രിയംവദയും `കന്മദ'ത്തിലെ ഭാമയും `വീണ്ടും ചില വീട്ടുകാര്യങ്ങ'ളിലെ ഭാവനയും അദ്ദേഹത്തിന്റെ കരുത്തുറ്റ സ്‌ത്രീകഥാപാത്രങ്ങളാണ്‌.
`തനിയാവര്‍ത്തന'ത്തിലെ ബാലന്‍മാഷിലും `മുക്തി'യിലെ കലക്ടറിലും തുടങ്ങി നായകര്‍ അനുഭവിക്കുന്ന ഈ ആത്മസംഘര്‍ഷം ഓരോ സിനിമയിലും തുടരുകയായിരുന്നു. ഇത്തരം പാത്രസൃഷ്ടി യഥാര്‍ത്ഥത്തില്‍ സഹായിച്ചത്‌ ടൈപ്പ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ഫീല്‍ഡില്‍ നിന്നുപോലും പുറത്താകുമെന്ന അവസ്ഥയിലെത്തിയ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ്‌. തനിയാവര്‍ത്തനം മമ്മൂട്ടിക്ക്‌ ഒരു തിരിച്ചുവരവ്‌ ഒരുക്കിയെങ്കില്‍ `കിരീടം' ലാലിന്റെ കരിയറില്‍ സുവര്‍ണരേഖയായി. സംവിധായകന്‌ അനുയോജ്യമായ രീതിയില്‍ കഥാപാത്രങ്ങളെ പരുവപ്പെടുത്തുകയെന്ന അപൂര്‍വ ശൈലിക്ക്‌ ഉടമയായിരുന്നു എ കെ ലോഹിതദാസ്‌. ചെറിയ കഥാപാത്രത്തിനുപോലും അദ്ദേഹം നല്‍കിയ ഭാഷയും ഭാവവും അത്ര തീവ്രമായിരുന്നു.
എം ടിയുടെ സാഹിത്യ ഭാഷയില്‍ നിന്നും റിയലിസ്റ്റിക്കായ ഭാഷ ലോഹിതദാസ്‌ സംഭാവന ചെയ്‌തു. മൃഗയ, വെങ്കലം, അമരം എന്നിവ എഴുതിയത്‌ ഭിന്നമായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ്‌. എന്നാല്‍ എല്ലാവരിലുമുള്ള ആത്മനൊമ്പരം അദ്ദേഹം നമുക്ക്‌ പകര്‍ന്നു തന്നു; അദ്ദേഹത്തിന്‌ മാത്രമറിയാവുന്ന ആത്മാവിന്റെ ഭാഷയില്‍. കഥയുടെ പാഥേയവും നിവേദ്യവുമായി കൈരളി അവ ആവോളം ആസ്വദിക്കുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home