ചന്ദ്രകാന്തം

Tuesday, June 28, 2011

ആത്മനൊമ്പരങ്ങളുടെ പാഥേയം



പ്രിയ കഥാകാരന്‍ എ കെ ലോഹിതദാസിന്റെ ഈറനണിഞ്ഞ ഓര്‍മ്മകളുമായി ഒരു ജൂണ്‍ മാസം കൂടി പടിയിറങ്ങുന്നു.......









``അവള്‍ എന്റെ കുഞ്ഞാണ്‌; അതെ എനിക്ക്‌ ഉറപ്പാണ്‌. ആദ്യമായി അവളെ ഞാന്‍ കണ്ടപ്പോള്‍, എന്റെ പാദങ്ങളില്‍ അവള്‍ സ്‌പര്‍ശിച്ചപ്പോള്‍, ഞാന്‍ അവളുടെ തലയില്‍ തൊട്ട്‌ അനുഗ്രഹിച്ചപ്പോള്‍, ഞാനനുഭവിച്ച കാന്തികമായ ഒരു വികാരം. രക്തം രക്തത്തെ തൊടുന്നതുപോലെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മകള്‍..........'' പ്രേക്ഷക മനസ്സിന്റെ ആഴങ്ങളിലെവിടെയോ കൊളുത്തിവലിക്കുന്ന പ്രതീതി.


ഹരിത തന്റെ മകളാണെന്ന്‌ വെളിവാകുന്നതിന്‌ മുമ്പേ ചന്ദ്രദാസ്‌ സ്വയം തിരിച്ചറിഞ്ഞു പറഞ്ഞ വാക്കുകള്‍. `പാഥേയം' എന്ന ചിത്രത്തിലെ ചന്ദ്രദാസിനെയും ഹരിതയെയും തിരക്കഥാ കൃത്ത്‌ ലോഹിതദാസ്‌ സൃഷ്ടിച്ചത്‌ അത്രമാത്രം ഹൃദയസ്‌പര്‍ശിയായിട്ടായിരുന്നു; മറ്റുപല കഥകളെയും പോലെ സ്വജീവിതത്തില്‍ നിന്ന്‌ പകര്‍ത്തിവെച്ച കഥാപാത്രങ്ങള്‍; ആത്മബന്ധങ്ങളുടെ തീവ്രതയില്‍ നിന്ന്‌ പരുവപ്പെട്ട പച്ചമനുഷ്യര്‍.


നമ്മുടെ ഇടയില്‍ നിന്ന്‌ കണ്ടെത്തിയ ബാലന്‍മാഷും അച്ചൂട്ടിയും ചന്ദ്രദാസും സേതുമാധവനും വാറുണ്ണിയും മേലേടത്ത്‌ രാഘവന്‍ നായരും നന്ദഗോപാലനുമൊക്കെയാണ്‌ എ കെ ലോഹിതദാസിനെ അനശ്വരനാക്കുന്നത്‌. കഥാപാത്രങ്ങളും സമൂഹവുമായുള്ള ആത്മസംഘര്‍ഷം എല്ലാ ലോഹിതദാസ്‌ കഥകളുടെയും പ്രത്യേകതയാണ്‌; പ്രത്യേകിച്ച്‌ നായക കഥാപാത്രങ്ങളുടെ മനോവ്യവഹാരങ്ങള്‍.


``സൈ്വര്യം കെടുത്താതെ നീ പോയി ചാക്‌.....'' എന്ന്‌ വെറുതെയെങ്കിലും നന്ദഗോപന്‍ പറഞ്ഞപ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്‌ത സുമയെപ്പോലുള്ള (കമലദളം) തരളിതചിത്തരായ കഥാപാത്രങ്ങളും കുറവല്ല. നെഞ്ചിലേക്ക്‌ ഊളിയിട്ട്‌ നൊമ്പരപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ്‌ അദ്ദേഹം സൃഷ്ടിച്ചതത്രയും.


നായക കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം `തനിയാവര്‍ത്തനം' മുതല്‍ `ചക്രം' വരെയുള്ള മിക്ക ചിത്രങ്ങളിലും കാണാം. താളംതെറ്റിയ വിഹ്വല മനസ്സുമായി പ്രേക്ഷകരെ ഈറനണിയിച്ച തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്‌, ലോഹിതദാസിന്റെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ്‌. മനസ്സിന്റെ ഘടികാരത്തിന്റെ താളം തെറ്റിപ്പോയ `ഭൂതക്കണ്ണാടി'യിലെ വിദ്യാധരന്റെ ആത്മവിഹ്വലതകള്‍ പ്രേക്ഷകരെ ഈറനണിയിക്കുന്നു.


പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിലെ തീവ്രതയും നിസ്സഹായാവസ്ഥയും `കിരീട'ത്തിലൂടെ നാം അനുഭവിച്ചു; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കൊലയാളിയായി മാറിയ മോഹന്‍ലാലിന്റെ സേതുമാധവനെന്ന കണ്ണീര്‍പൂവിന്‌ പ്രേക്ഷക മനസ്സിലുള്ള സ്ഥാനം അത്ര വലുതായിരുന്നു. ശിക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങിയ സേതുവിന്റെ സഹതാപാര്‍ഹമായ ജീവിതമാണ്‌ `ചെങ്കോലി'ല്‍ ഇതള്‍ വിരിഞ്ഞത്‌.


ജ്യേഷ്‌ഠന്റെ മരണം കുടുംബത്തില്‍ നിന്ന്‌ മറച്ചുവെക്കാന്‍ നിര്‍ബന്ധിതനായ അനുജന്‍ കല്ലൂര്‍ ഗോപിനാഥന്റെ ആത്മസംഘര്‍ഷങ്ങളാണ്‌ `ഭരത'ത്തില്‍ വരച്ചിട്ടത്‌. ജ്യേഷ്‌ഠന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സും അനുജന്റെ ഹൃദയസംഘര്‍ഷങ്ങളും ഏറെ വികാരവിക്ഷുബ്ധമായിരുന്നു.
ചെമ്മീനിനു ശേഷം അതിലും ശക്തമായി കടലിന്റെ പശ്ചാത്തലത്തില്‍ ഒരുകഥ എഴുതിയത്‌ ലോഹിതദാസാണ്‌; അദ്ദേഹം സൃഷ്ടിച്ച `അമര'ത്തിലെ കഥാപാത്രങ്ങള്‍, അച്ചൂട്ടിയും മുത്തുവും സ്‌നേഹത്തിന്റെ ആഴവും പരപ്പും കാട്ടിത്തന്നു. വാടക കൊലയാളിയുടെ മനസ്സിന്റെ പരിവര്‍ത്തനമായിരുന്നു `ഹിസ്‌ ഹൈനസ്‌ അബ്ദുള്ള'യിലെങ്കില്‍, കാരിരുമ്പിന്റെ ശരീരത്തിനുള്ളിലെ ഉറവയുള്ള മനസ്സായിരുന്നു `കന്മദ'ത്തിലെ വിശ്വന്റേത്‌.
തന്റെ ജീവിതവുമായി ചില സാമ്യങ്ങളുണ്ടെന്ന്‌ ലോഹിതദാസ്‌ തന്നെ പറഞ്ഞ ചിത്രമാണ്‌ ഭരതന്‍ സംവിധാനം ചെയ്‌ത `പാഥേയം'. മമ്മൂട്ടി അവതരിപ്പിച്ച ചന്ദ്രദാസിന്റെ മാനറിസങ്ങളില്‍ എവിടെയെല്ലാമോ `ലോഹിടച്ച്‌' കാണാമായിരുന്നു. പിതാവും മകളും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥയാണ്‌ ചിത്രത്തില്‍ ഇതള്‍ വിരിഞ്ഞത്‌. പ്രണയത്തിനും നൃത്തത്തിന്റെ സംഗീതത്തിനും പ്രാധാന്യം നല്‍കി സിബി മലയിലിനുവേണ്ടി ലോഹിതദാസ്‌ ഒരുക്കിയ `കമലദള'ത്തിലെ നന്ദഗോപാലന്‍ `കുടിച്ചുതീര്‍ത്ത' സംഘര്‍ഷങ്ങളും ചെറുതല്ല.
സാധാരണക്കാരനായ ഒരു കൃഷിക്കാരന്റെ കുടുംബബന്ധത്തിന്റെ ഇഴയടുപ്പം ചികയുകയായിരുന്നു `വാത്സല്യ'ത്തിലെ മേലേടത്ത്‌ രാഘവന്‍ നായരിലൂടെ ലോഹി ചെയ്‌തത്‌. വ്യവസ്ഥകളോട്‌ കലഹിച്ച `ആധാര'ത്തിലെ ബാപ്പൂട്ടി പൗരുഷത്തിന്റെ കരുത്തായിരുന്നെങ്കില്‍ `ജോക്കറി'ലെ ബാബു തരളഹൃദയനാണ്‌. `ഓര്‍മ്മച്ചെപ്പി'ലെ ജീവനെ പോലെ `മഹായാന'ത്തിലെ ചന്ദ്രുവിനെപോലെ നിരവധി വ്യത്യസ്‌ത കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്‌തു. ഗൃഹാതുരതയുടെ നിഴല്‍വെളിച്ചത്തില്‍ `അരയന്നങ്ങളുടെ വീട്ടി'ലെ രവീന്ദ്രനാഥ്‌ അനുഭവിച്ച ആത്മസംഘര്‍ഷം പ്രേക്ഷകരുടെ ഉള്ളില്‍ വിങ്ങലായി ബാക്കിനില്‍ക്കുന്നു.


വാടകയ്‌ക്ക്‌ ഒരു ഗര്‍ഭപാത്രം എന്ന സങ്കല്‌പത്തെ രചനാത്മകമാക്കി `ദശരഥ'മെന്ന സിനിമ ഒരുക്കാന്‍ ലോഹിതദാസിന്‌ കഴിഞ്ഞു. പണത്തിനുവേണ്ടിയുള്ള ആര്‍ത്തിയും അതിന്റെ പരിണതിയുമാണ്‌ `ധന'ത്തിന്റെ പശ്ചാത്തലം. `ഭൂതകണ്ണാടി'യിലെ പുള്ളുവത്തി സരോജിനിയും `കസ്‌തൂരിമാനി'ലെ പ്രിയംവദയും `കന്മദ'ത്തിലെ ഭാമയും `വീണ്ടും ചില വീട്ടുകാര്യങ്ങ'ളിലെ ഭാവനയും അദ്ദേഹത്തിന്റെ കരുത്തുറ്റ സ്‌ത്രീകഥാപാത്രങ്ങളാണ്‌.
`തനിയാവര്‍ത്തന'ത്തിലെ ബാലന്‍മാഷിലും `മുക്തി'യിലെ കലക്ടറിലും തുടങ്ങി നായകര്‍ അനുഭവിക്കുന്ന ഈ ആത്മസംഘര്‍ഷം ഓരോ സിനിമയിലും തുടരുകയായിരുന്നു. ഇത്തരം പാത്രസൃഷ്ടി യഥാര്‍ത്ഥത്തില്‍ സഹായിച്ചത്‌ ടൈപ്പ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ഫീല്‍ഡില്‍ നിന്നുപോലും പുറത്താകുമെന്ന അവസ്ഥയിലെത്തിയ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ്‌. തനിയാവര്‍ത്തനം മമ്മൂട്ടിക്ക്‌ ഒരു തിരിച്ചുവരവ്‌ ഒരുക്കിയെങ്കില്‍ `കിരീടം' ലാലിന്റെ കരിയറില്‍ സുവര്‍ണരേഖയായി. സംവിധായകന്‌ അനുയോജ്യമായ രീതിയില്‍ കഥാപാത്രങ്ങളെ പരുവപ്പെടുത്തുകയെന്ന അപൂര്‍വ ശൈലിക്ക്‌ ഉടമയായിരുന്നു എ കെ ലോഹിതദാസ്‌. ചെറിയ കഥാപാത്രത്തിനുപോലും അദ്ദേഹം നല്‍കിയ ഭാഷയും ഭാവവും അത്ര തീവ്രമായിരുന്നു.
എം ടിയുടെ സാഹിത്യ ഭാഷയില്‍ നിന്നും റിയലിസ്റ്റിക്കായ ഭാഷ ലോഹിതദാസ്‌ സംഭാവന ചെയ്‌തു. മൃഗയ, വെങ്കലം, അമരം എന്നിവ എഴുതിയത്‌ ഭിന്നമായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ്‌. എന്നാല്‍ എല്ലാവരിലുമുള്ള ആത്മനൊമ്പരം അദ്ദേഹം നമുക്ക്‌ പകര്‍ന്നു തന്നു; അദ്ദേഹത്തിന്‌ മാത്രമറിയാവുന്ന ആത്മാവിന്റെ ഭാഷയില്‍. കഥയുടെ പാഥേയവും നിവേദ്യവുമായി കൈരളി അവ ആവോളം ആസ്വദിക്കുന്നു.

Tuesday, February 15, 2011

അവള്‍ താരാപഥത്തില്‍




മലയാളത്തിലെ സ്‌ത്രീകേന്ദ്രീകൃത സിനിമകളെപ്പറ്റി.........



താരത്തിന്‌ ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങള്‍ മാത്രമാണ്‌ മലയാള സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങളിലേറെയും. കാഴ്‌ചയുടെ സൗന്ദര്യശാസ്‌ത്രവും രൂഢമൂലമായ ചില വിശ്വാസ സംഹിതകളും പരമ്പരാഗതമായി നമ്മുടെ സിനിമാ നിര്‍മ്മിതിയെ സ്വാധീച്ചിട്ടുണ്ട്‌. അതിനാലാവാം നായികാ കേന്ദ്രീകൃതമായ സിനിമകള്‍ ഇവിടെ അപൂര്‍വ കാഴ്‌ചയാകുന്നത്‌. പുറത്തിറങ്ങിയവയിലേറെയും വിജയിക്കാതെ പോയത്‌. ആരാധക സംഘങ്ങളെന്ന കുമ്മാട്ടിക്കൂട്ടവും പരസ്യലോകത്തിന്റെ കുമ്മിയടിയും നായകര്‍ക്കുവേണ്ടിയാണല്ലോ. അവരാണല്ലോ മലയാള സിനിമയുടെ വര്‍ത്തമാനവും ഭാവിയും തീരുമാനിക്കുന്നത്‌! ചാനല്‍ റൈറ്റിലും ചാറ്റ്‌ഷോകളിലും അവര്‍ക്കാണല്ലോ പ്രാമുഖ്യം. ഇതിനിടയില്‍ നീലക്കുറിഞ്ഞി പൂക്കുംപോലെ ചില സ്‌ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ പുറത്തുവരും. അപ്പോള്‍ അതിന്റെ കലാമൂല്യവും കച്ചവട സ്വഭാവവും വേര്‍തിരിക്കുന്നതിലാവും നിരൂപകരുടെ ചിന്താവ്യായാമമത്രയും. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ്‌ ഈ പട്ടികയില്‍ വിജയം നേടിയത്‌. കച്ചവട സിനിമ എന്ന നിലയില്‍പ്പോലും ഇവ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന്‌ കാണാം.

ഇടയ്‌ക്ക്‌ ഒന്നു ചോദിച്ചോട്ടെ, സ്‌ത്രീ കേന്ദ്രീകൃത മലയാള സിനിമകളില്‍ എത്രയെണ്ണം പെട്ടന്ന്‌ ഓര്‍മ്മയില്‍ വരുന്നുണ്ട്‌? എ വിന്‍സന്റിന്റെ തുലാഭാരം (ശാരദ), പി ഭാസ്‌കരന്റെ കള്ളിച്ചെല്ലമ്മ (ഷീല), കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല്‌ (ശ്രീവിദ്യ), പത്മരാജന്റെ ദേശാടനക്കിളികള്‍ കരയാറില്ല(ശാരി, കാര്‍ത്തിക), ഐ വി ശശിയുടെ അവളുടെ രാവുകള്‍(സീമ), ഹരിഹരന്റെ പഞ്ചാഗ്‌നി (ഗീത), ടി വി ചന്ദ്രന്റെ സൂസന്ന (വാണി വിശ്വനാഥ്‌), സത്യന്‍ അന്തിക്കാടിന്റെ തലയണ മന്ത്രം (ഉര്‍വശി), ഹരിഹരന്റെ പരിണയം(മോഹിനി), ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള (സംഗീത), ടി കെ രാജീവ്‌കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്‌(മഞ്‌ജുവാര്യര്‍), ശ്യാമ പ്രസാദിന്റെ അഗ്‌നിസാക്ഷി(ശോഭന), അടൂരിന്റെ നാലുപെണ്ണുങ്ങള്‍( കെ പി എ സി ലളിത, പത്മപ്രിയ, ഗീതുമോഹന്‍ദാസ്‌, നന്ദിതാദാസ്‌), രഞ്‌ജിത്തിന്റെ തിരക്കഥ(പ്രിയാമണി).....ഈ പട്ടിക അധികം നീളുമെന്ന്‌ തോന്നുന്നില്ല. കുട്ട്യേടത്തിയില്‍ വിലാസിനിയും ചെമ്പരത്തിയില്‍ ശോഭയും ചെയ്‌ത അനശ്വര കഥാപാത്രങ്ങള്‍ മുതലിങ്ങോട്ട്‌ ശക്തമായ സ്‌ത്രീകഥാപാത്രങ്ങള്‍ നമുക്ക്‌ അധികം ഇല്ലെന്ന്‌ പറയാം.

`സെക്‌സ്‌ ഫീലിങ്‌' വരുത്താന്‍ വേണ്ടി മാത്രം സ്‌ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്ന രീതിയാണ്‌ നമ്മുടെ ചലച്ചിത്രകാരന്മാര്‍ പിന്തുടരുന്നത്‌. മമ്മൂട്ടിയും മോഹന്‍ലാലും അതിമാനുഷിക കഥാപാത്രങ്ങളായ മിക്ക ചിത്രങ്ങളിലും സ്‌ത്രീ വെറും പരസ്യവസ്‌തുമാണ്‌. മദ്യം, നൃത്തം, സംഗീതം, രതി എന്നിങ്ങനെ ഉപഭോഗത്തിന്റെയും ഉപയോഗത്തിന്റെയും കേവലം ഉപകരണം. അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡെപ്പാംകൂത്ത്‌ പാട്ടുകളുമായാണ്‌ താരങ്ങള്‍ അവരെ അഭിസംബോധന ചെയ്യുന്നത്‌. ഇന്ദുചൂഡനും ബെല്ലാരി രാജയ്‌ക്കും വാസ്‌കോയ്‌ക്കും നീലകണ്‌ഠനും തുറുപ്പ്‌ ഗുലാനുമെല്ലാം സ്വന്തമായ ഭൂമിക ഒരുക്കുന്ന തൂലികയില്‍ നിന്ന്‌, നായികമാര്‍ ടൈപ്പുകളായി പിറന്നു വീഴുന്നു! സൂപ്പര്‍താര കേന്ദ്രീകൃത സിനിമയ്‌ക്ക്‌ കോടികള്‍ സാറ്റലൈറ്റ്‌ റൈറ്റ്‌ കിട്ടും; പഞ്ച്‌ ഡയലോഗുകള്‍ പേര്‍ത്തും പേര്‍ത്തും ആവേശം കൊള്ളിക്കും; താരങ്ങള്‍ക്ക്‌ മാത്രമേ ബോക്‌സോഫീസ്‌ വിജയം നേടാനാവൂ എന്നിങ്ങനെ മുന്‍ധാരണകള്‍ നിരവധിയാണ്‌. നായകന്‌ പ്രേമിക്കാനും വഴങ്ങാനും വഴക്കിടാനും കൂടെയാടാനും പോന്ന മാംസള മേനിയാണ്‌ തൊണ്ണൂറ്‌ ശതമാനം സിനിമകളിലെയും നായിക.

മുന്‍കാലങ്ങളില്‍ സ്‌ത്രീക്ക്‌ നല്‍കിയ മാന്യതയും മഹിമയും പരിശോധിക്കുമ്പോള്‍ ഈ മാറ്റം വ്യക്തമാണ്‌. ചെമ്മീനും കള്ളിച്ചെല്ലമ്മയും മൂടുപടവും ദാഹവും ഈറ്റയുമെല്ലാം സ്‌ത്രീപക്ഷ സിനിമയല്ലെങ്കിലും ഷീല എന്ന നായികയുടെ അനുപമമായ പ്രകടനം കാണാം. സ്വയംവരവും കാട്ടുതുളസിയും മുറപ്പെണ്ണും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തുലാഭാരം പോലെ തന്നെ ശാരദയുടെ പ്രതിഭയെ പ്രതിഫലിപ്പിച്ചു. ജയഭാരതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രതിനിര്‍വേദം, നാടന്‍പെണ്ണ്‌, കടല്‍പ്പാലം എന്നിവ മറക്കാന്‍ എളുപ്പമല്ല. മോഹന്റെ രചന, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌, ഹരിഹരന്റെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല്‌, ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്നിവയില്‍ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാതലും കരുത്തും അടിവരയിടേണ്ടതാണ്‌. സീമയും അംബികയും കെ ആര്‍ വിജയയും കഴിഞ്ഞാല്‍ പിന്നീടുവന്ന നടിമാര്‍ക്ക്‌ വിരളമായേ ഇത്തരം കഥാപാത്രങ്ങള്‍ കിട്ടിയുള്ളൂ. സ്‌ത്രീപക്ഷ സിനിമകളും വളരെ കുറവായിരുന്നു. ഉറൂബ്‌, പി ഭാസ്‌കരന്‍, എസ്‌ എല്‍ പുരം സദാനന്ദന്‍, ആലപ്പി അഷ്‌റഫ്‌, ശാരംഗപാണി എന്നിവര്‍ക്ക്‌ ശേഷം എം ടി വാസുദേവന്‍ നായരാണ്‌ സ്‌ത്രീകള്‍ക്ക്‌ പ്രാധാന്യം നല്‍കാന്‍ തൂലിക ചലിപ്പിച്ചത്‌. വടക്കന്‍ വീരഗാഥ ചന്തുവിന്റെ കഥയായിട്ടും ഉണ്ണിയാര്‍ച്ചയെന്ന ശക്തമായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. താത്രിക്കുട്ടിയുടെ സ്‌മാര്‍ത്തവിചാരത്തെ പശ്ചാത്തലമാക്കി എം ടി ഒരുക്കിയ പരിണയം നമ്പൂതിരി സ്‌ത്രീയുടെ കാമനയും വിഹ്വലതയും വരച്ചിടുന്നു. വൈശാലി, പഞ്ചാഗ്‌നി, നഖക്ഷതം തുടങ്ങി ഈ പട്ടികയില്‍ വേറെയും ചിത്രങ്ങളുണ്ട്‌. തുമ്പോലാര്‍ച്ച, കടത്തനാട്ട്‌ മാക്കം, ഉണ്ണിയാര്‍ച്ച തുടങ്ങി സ്‌ത്രീനാമങ്ങളിലുള്ള ചിത്രങ്ങള്‍ ശാരംഗപാണിയുടെ കാലത്തിന്റെ സംഭാവനയാണ്‌. സൂസന്നയും മങ്കമ്മയും പാഠം ഒന്ന്‌ ഒരുവിലാപവും ചിത്രീകരിക്കാന്‍ ടി വി ചന്ദ്രന്‍ കാണിച്ച ധൈര്യം എടുത്തു പറയാം. സിബി മലയിലിന്റെ എഴുതാപ്പുറത്തില്‍ മൂന്ന്‌ സ്‌ത്രീകഥാപാത്രങ്ങളുണ്ടെങ്കില്‍ ആകാശദൂതില്‍ മാധവിയുടെ ഒറ്റ കഥാപാത്രത്തിലൂടെ ചിത്രം അവിസ്‌മരണീയമാകും. കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികളിലും മധുരനൊമ്പര കാറ്റിലും മഴയിലും ഉള്ളടക്കത്തിലും സ്‌ത്രീപക്ഷത്തു നിന്ന്‌ കഥപറയാനാണ്‌ കമല്‍ ശ്രമിച്ചത്‌. അതിലുപരി പെരുമഴക്കാലം എന്ന കമല്‍ ചിത്രത്തില്‍ കാവ്യാമാധവനും മീരാ ജാസ്‌മിനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ഹൃദയസ്‌പര്‍ശിയാണ്‌. നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌, എന്റെ സൂര്യപുത്രിക്ക്‌ എന്നീ ചിത്രങ്ങളില്‍ ഫാസില്‍ സ്‌ത്രീ കഥാപാത്രത്തിന്‌ പ്രാധാന്യം കൊടുത്തപ്പോള്‍ ശോഭനയ്‌ക്ക്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ച മണിച്ചിത്രത്താഴ്‌ ഒരു സ്‌ത്രീപക്ഷ സിനിമയല്ലെന്ന്‌ പറയേണ്ടി വരും.

എം ടി-ഐ വി ശശി ടീമിന്റെ അഭയം തേടിയിലെ ശോഭന, ജോഷിയുടെ മഹായാനത്തിലെ സീമ, ഭരതന്റെ പ്രയാണത്തിലെ ലക്ഷ്‌മി, കെ ജി ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ബാക്കിലെ നളിനി, മോഹന്റെ ശാലിനി എന്റെ കൂട്ടുകാരിയിലെ ശോഭ, പത്മരാജന്റെ തിങ്കളാഴ്‌ച നല്ല ദിവസത്തിലെ കവിയൂര്‍ പൊന്നമ്മ, ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്‌മി, ജോര്‍ജ്‌ കിത്തുവിന്റെ ആധാരത്തിലെ ഗീത, എം പി സുകുമാരന്‍ നായരുടെ കഴകത്തിലെ ഉര്‍വശി, എം എ വേണുവിന്റെ ചകോരത്തിലെ ശാന്തീകൃഷ്‌ണ, ശശിധരന്‍പിള്ളയുടെ കാറ്റുവന്നു വിളിച്ചപ്പോളിലെ ചിപ്പി, ടി വി ചന്ദ്രന്റെ പാഠം ഒന്ന്‌ ഒരു വിലാപത്തിലെ മീരാജാസ്‌മിന്‍, രഞ്‌ജിത്തിന്റെ നന്ദനത്തിലെ നവ്യാനായര്‍, സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയിലെ ഉര്‍വശി, ലാല്‍ ജോസിന്റെ നീലത്താമരയിലെ അര്‍ച്ചനാ കവി, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥയിലെ ശര്‍ബാനി മുഖര്‍ജി, അക്കു അക്‌ബറിന്റെ വെറുതെ ഒരു ഭാര്യയിലെ ഗോപിക എന്നിങ്ങനെ വിവിധ കാലങ്ങളില്‍ കാമ്പുള്ള സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, കേന്ദ്രകഥാപാത്രമായ നടികള്‍ നിരവധിയാണ്‌. നായികയിലൂടെയല്ല സിനിമ അറിയപ്പെടുന്നതെങ്കിലും ദേവാസുരത്തില്‍ രേവതി അവതരിപ്പിച്ച ഭാനുമതിയെപ്പോലെ ശക്തയായ സ്‌ത്രീകഥാപാത്രങ്ങളെ വിസ്‌മരിക്കാനാവില്ല. ലോഹിതദാസിന്റെ കന്മദത്തില്‍ മഞ്‌ജുവാര്യര്‍ക്ക്‌ കിട്ടിയതും അത്തരമൊരു റോളാണ്‌. പക്ഷെ, നൂറില്‍ ഒന്ന്‌ എന്ന കണക്കിലാണ്‌ ഇത്തരം കഥാപാത്രങ്ങളും സിനിമകളും പിറക്കുന്നതെന്നു മാത്രം.

സ്‌ത്രീ കേന്ദ്രീകൃത സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള ഒട്ടേറെ നായികമാര്‍ മലയാളത്തില്‍ പലകാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ശാരദയും ഷീലയും ജയഭാരതിയും ശ്രീവിദ്യയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയും മുതല്‍ സീമയും കാര്‍ത്തികയും പാര്‍വതിയും രേവതിയും ശോഭനയും ഉര്‍വശിയും സുമലതയും ഭാനുപ്രിയയും സുഹാസിനിയും മഞ്‌ജുവാര്യരും കാവ്യാമാധവനും വരെ ഒത്തിരിപ്പേര്‍. പക്ഷെ ഇവരെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ, നായകന്റെ പിന്‍പാട്ടുകാരിയായി മാറ്റാനാണ്‌ നമ്മുടെ മുഖ്യധാരാ സംവിധായകരിലേറെയും ശ്രമിച്ചത്‌. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക എം കെ കമലം മുതല്‍ പരിശോധിച്ചാല്‍ സ്വത്വ പ്രകാശനത്താല്‍ വെള്ളിവെളിച്ചത്ത്‌ തെളിഞ്ഞു നിന്നവര്‍ വളരെ കുറവാണെന്ന്‌ കാണാം. നിരായുധരും അബലകളും ധാരാളം. കെ പി എ സി ലളിതയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയുമെല്ലാം `അമ്മ' റോളുകളില്‍ ജീവിച്ചുപോകുന്നു.

സുമാജോസനെ പോലെ ഫെമിനിസ്റ്റ്‌ മനോഭാവമുള്ള സ്‌ത്രീകള്‍ സിനിമയെടുത്തിട്ടും (ജന്മദിനം) കാര്യമായ മാറ്റം ഉണ്ടായില്ല. രേവതിയും സുഹാസിനിയും അഞ്‌ജലി മേനോനും സംവിധായകരായിട്ടും കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയില്ല. കരുത്തുള്ള സ്‌ത്രീകഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. പട്ടാളം ജാനകി, ചട്ടമ്പി കല്ല്യാണി എന്നിങ്ങനെ പേരുകളിലൂടെ വെല്ലുവിളിക്കുകയല്ല, മറിച്ച്‌ സ്‌ത്രീയുടെ പക്ഷത്തു നിന്ന്‌ കഥപറഞ്ഞ്‌ വിജയിപ്പിക്കുകയാണ്‌ വേണ്ടത്‌. താരങ്ങളുടെ പ്രകാശമേറ്റ്‌ വെട്ടിതിളങ്ങുന്ന മുഖ്യധാരാ സംവിധായകര്‍ അതിന്‌ ആര്‍ജവം കാണിക്കുമോ എന്ന്‌ കണ്ടറിയണം.

Monday, February 14, 2011

നൂറുജന്മം മൃതിയില്‍ കൊഴിഞ്ഞാലും.....

ബി. പി. മൊയ്തീന്റെ ഓര്‍മ ചിത്രത്തിന് മുന്‍പില്‍ കാഞ്ചന






എത്ര മണിക്കൂര്‍, എത്ര ദിവസം, എത്ര ആഴ്‌ച, എത്രമാസം കാത്തിരിക്കാനാകും. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷം അല്ലേ. പക്ഷെ കാഞ്ചന കാത്തിരുന്നത്‌ അഞ്ചും പത്തും വര്‍ഷമല്ല നീണ്ട മുപ്പതുവര്‍ഷം. എന്നിട്ട്‌ പ്രണയിയെ സ്വന്തമാക്കിയോ?




അഞ്ചുപതിറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം. അവിടെയൊരു പ്രണയകഥ . ഇരിങ്ങാംപറ്റ ബി പി ഉണ്ണിമോയീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും കൊറ്റങ്ങല്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം. പ്രണയം തന്നെ പാപമായി കണ്ടിരുന്ന ആ കാലത്ത്‌ വ്യത്യസ്‌ത മതക്കാരായ രണ്ടുപേരുടെ ഇഷ്ടം ആശിര്‍വദിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍. പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങല്‍ കുടുംബം. കൊറ്റങ്ങല്‍ അച്യുതന്‍ സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു. പന്ത്രണ്ടു മക്കള്‍. ആറാണും ആറു പെണ്ണും. ആറാമത്തെ മകളാണ്‌ കാഞ്ചന. സുന്ദരി, പഠിക്കാന്‍ മിടുക്കി.
സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഉള്ളാട്ടില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. മകന്‍ മൊയ്‌തീന്‍. ഇരു തറവാടുകളും തമ്മില്‍ തലമുറകളായി സൗഹൃദം നിലനിന്നു. കാഞ്ചനയും മൊയ്‌തീനും പഠിച്ചത്‌ മണാശേരി എല്‍ പി സ്‌കൂളിലാണ്‌. കാഞ്ചന പഠിക്കാന്‍ മിടുക്കി; മൊയ്‌തീന്‍ തിരിച്ചും. എന്നാല്‍ ക്ലാസിന്‌ പുറത്തെ എല്ലാ കാര്യത്തിലും മൊയ്‌തീന്റെ സാന്നിധ്യം ഉണ്ടാകും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇരുവരും കോഴിക്കോട്ടെത്തി.
ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവ്‌ യാത്ര. പ്രൈവറ്റ്‌ ബസിന്റെ റിയല്‍ വ്യൂ മിററില്‍ രണ്ടു വെള്ളാരംകണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു. ആ കണ്ണുകളെ കാഞ്ചനയ്‌ക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നീടാണ്‌ ആ മുഖം തെളിഞ്ഞുകണ്ടത്‌. ആ കണ്ണുകളുടെ ഉടമ മൊയ്‌തീനായിരുന്നു. കുറച്ച്‌ ദിവസത്തിനുള്ളില്‍ കോളജ്‌ വിലാസത്തില്‍ കാഞ്ചനയ്‌ക്ക്‌ ഒരു പാര്‍സല്‍ വന്നു. ചങ്ങമ്പുഴ കവിതകള്‍. മൊയ്‌തീനായിരുന്നു അത്‌ അയച്ചത്‌. രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു. കുറേ പ്രണയലേഖനങ്ങള്‍. വല്ലപ്പോഴും കൈമാറുന്ന ഒരു ചിരി. പുറമേ ഇത്രമാത്രം. പക്ഷേ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാകുകയായിരുന്നു.
പെട്ടെന്ന്‌ ഒരു ദിവസം എല്ലാം അവസാനിച്ചു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചു. രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു. തന്റെ സുഹൃത്തായ കൊറ്റങ്ങല്‍ അച്യുതനെ അപമാനിച്ചതിന്‌ പരസ്യമായി മാപ്പുപറയാന്‍ ബാപ്പ മൊയ്‌തീനോട്‌ ആജ്ഞാപിച്ചു. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ പരസ്യമായി തോക്കെടുത്തു. കാഞ്ചനയക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ മൊയ്‌തീന്‍ നെഞ്ചുവിരിച്ചുനിന്നു. ആ ധൈര്യത്തിന്‌ മുമ്പില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ വിറച്ചു. ഉമ്മ നിസഹായതയോടെ നിലവിളിച്ചു. മൊയ്‌തീനെ ബാപ്പ വീട്ടില്‍ നിന്ന്‌ പുറത്താക്കി. ഉള്ളാട്ടില്‍ വീട്‌ അസ്വസ്ഥമായി. കൊറ്റങ്ങല്‍ വീട്ടിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കാഞ്ചന വീട്ടുതടങ്കലിലായി. വിദ്യാഭ്യാസം നിലച്ചു. മൊയ്‌തീനെ മറക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷെ, കാഞ്ചന ഉറച്ചുനിന്നു. ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത്‌ മൊയ്‌തീനോടൊത്തുമാത്രം.
പുറത്ത്‌ കൊടുങ്കാറ്റ്‌ അടിക്കുമ്പോഴും കാഞ്ചനയും മൊയ്‌തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല. വീട്ടില്‍ നിന്ന്‌ പുറത്തായ മൊയ്‌തീന്‍ അമ്മാവന്റെ വീട്ടില്‍ താമസമാക്കി. പല ദുരനുഭവങ്ങളും ഉണ്ടായി. വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ മൊയ്‌തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു. അയാള്‍ മറ്റൊരു കല്ല്യാണം കഴിച്ചു. അതോടെ മൊയ്‌തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക്‌ താമസം മാറ്റി. മൊയ്‌തീന്‍ ആ വീടിന്‌ ഭാര്‍ഗവീ നിലയം എന്ന്‌ പേരിട്ടു. കാലം പിന്നെയും കടന്നുപോയി. കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ. അവര്‍ വിധവകളെ പോലെ വെള്ളവസ്‌ത്രം ധരിച്ചു. വീടിന്‌ പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല. ഒരു ദിവസം മൊയ്‌തീന്‍ വരും കൊണ്ടുപോകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു കാഞ്ചനയ്‌ക്ക്‌.
അപവാദങ്ങളുടെ കൊടുങ്കാറ്റ്‌ പിന്നെയും വീശി. അപ്പോഴൊക്കെ കാഞ്ചന പിടിച്ചുനിന്നു. മൊയ്‌തീനെ കാത്തിരുന്നു. കാഞ്ചനയെ കാത്ത്‌ മൊയ്‌തീനും. മുപ്പതു വര്‍ഷങ്ങള്‍ അവര്‍ക്കിടയിലൂടെ മലവെള്ളം പോലെ ഒലിച്ചുപോയി. ആദ്യത്തെ പത്തുവര്‍ഷം ഇവര്‍ക്ക്‌ തമ്മില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും കൈമാറുന്ന ഒരു കത്ത്‌, അതുമാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്‌. വീട്ടുതടങ്കലില്‍ നിന്ന്‌ ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു. അപ്പോഴൊക്കേ ഓരോരോ തടസ്സങ്ങള്‍. താന്‍ കാരണം സഹോദരിമാര്‍ക്ക്‌ പേരുദോഷം ഉണ്ടാകരുതെന്ന്‌ കരുതി അവരുടെ കല്ല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന. അതു കഴിഞ്ഞ്‌ ഒരു ദിവസം തീരുമാനിക്കുമ്പോള്‍ മൂത്ത സഹോദരന്റെ മരണം. രണ്ടാമത്തെ ശ്രമത്തിന്‌ അച്ഛന്റെ വിയോഗം. മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി. പിന്നെ ഉണ്ണിമോയീന്‍ സാഹിബിന്റെ മരണം. സംഭവങ്ങള്‍ നാടകീയമായിരുന്നു. പിന്നെ ഏതെങ്കിലും ഒരു യാത്രയ്‌ക്കിടയില്‍ ബസ്‌ സ്റ്റാന്റിലോ വഴിയരികിലോ വെച്ച്‌ ഒരു ചെറു കൂടിക്കാഴ്‌ച. അതും മൂന്നും നാലും കാവല്‍ക്കാരുടെ ഇടയില്‍. കൈമാറുന്നത്‌ ഒന്നോ രണ്ടോ വാക്കുകള്‍.
ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര. പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു. കാഞ്ചന നടന്നുപോയി. മൊയ്‌തീന്‍ അതുനോക്കി നിന്നു. കാഞ്ചന തിരിഞ്ഞുനോക്കുമ്പോള്‍ മൊയ്‌തീന്‍ തറയില്‍ നിന്ന്‌ എന്തോ വാരിയെടുക്കുന്നു. വളരെ നാള്‍ കഴിഞ്ഞു ഒരുദിവസം കാഞ്ചന ചോദിച്ചു. എന്തായിരുന്നു അന്ന്‌ വാരിയെടുത്തത്‌? നിന്റെ കാല്‌പാടു പതിഞ്ഞമണ്ണ്‌!ഇക്കാലത്തിനിടയില്‍ മൊയ്‌തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. സാധാരണക്കാര്‍ക്ക്‌ എപ്പോഴും എന്തു സങ്കടവും മൊയ്‌തീന്റെ മുമ്പില്‍ പറയാമായിരുന്നു. അപ്പോഴും മൊയ്‌തീന്റെ ഉള്ളില്‍ കാഞ്ചനയോടുള്ള പ്രണയം ഒരു വിങ്ങലായി നിറഞ്ഞുനിന്നു.
ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്ക്‌ പോകുകയായിരുന്നു. മുക്കത്ത്‌ വെച്ച്‌ മൊയ്‌തീന്‌ ഒരു കത്ത്‌ പോസ്റ്റ്‌ ചെയ്‌തു. എടവണ്ണപ്പാറയില്‍ നിന്ന്‌ വൈകുന്നേരം മുക്കത്തേക്ക്‌ ബസ്സിലിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ ഇരവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്‌തീനെ കാണാനില്ലെന്ന്‌. തോണി മറിഞ്ഞപ്പോള്‍ യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്‌തീന്‍ എടുത്തുചാടി. രണ്ടുപേരെ ഒരുവിധം കരയിലെത്തിച്ചു. വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോളാണ്‌ മൊയ്‌തീന്‍ നിലയില്ലാ കയത്തിലേക്ക്‌ താണു പോയത്‌. മൊയ്‌തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്ന്‌ കാഞ്ചന തീരുമാനിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി. നടന്നില്ല. ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു പരാജയപ്പെട്ടു. ഏഴാം ദിവസം ആശുപത്രിയിലായി. അവിടെ മൊയ്‌തീന്റെ ഉമ്മ വന്നു പറഞ്ഞു. ഇന്ന്‌ മുതല്‍ നീയെനിക്ക്‌ മൊയ്‌തീനാണ്‌. അന്നു കാഞ്ചന തീരുമാനിച്ചു. ഇനി ആത്മഹത്യ ചെയ്യില്ല. മൊയ്‌തീന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവിക്കും.
മൊയ്‌തീന്റെ വഴിയേ സാമൂഹ്യ നന്മയ്‌ക്ക്‌ പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം. മൊയ്‌തീന്‍ സ്ഥാപിച്ച മോചന വിമന്‍സ്‌ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. പിന്നീട്‌ മുക്കത്ത്‌ ബി പി മൊയ്‌തീന്‍ സേവാ മന്ദിറിന്‌ തുടക്കമിട്ടു. സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മന്ദിരത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ലൈബ്രറി, നേതാജി അന്ത്യോദയകേന്ദ്രം, ചില്‍ഡ്രന്‍സ്‌ ക്ലബ്ബ്‌, സ്‌ത്രീരക്ഷാ കേന്ദ്രം, ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരുദിവസം മൊയ്‌തീന്റെ ഉമ്മ പറഞ്ഞു. മോളിങ്‌ പോരേ.......എന്റെ മരിച്ചുപോയ മൊയ്‌തീന്റെ ഭാര്യയായ്‌. പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീകരിച്ചു. പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു. മൊയ്‌തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്‌ക്ക്‌ പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്‌തക ശാലയായിരുന്നു. മൊയ്‌തീന്റെ കയ്യൊപ്പുള്ള പുസ്‌തകങ്ങള്‍. പ്രണയസ്‌മാരകം പോലെ മൊയ്‌തീന്‍ കാത്തുവെച്ച കത്തുകള്‍. പ്രണയത്തിന്റെ നോവറിഞ്ഞ കൗമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു. മൊയ്‌തീന്‍ കൈമാറിയ കത്തുകള്‍. നൂറു പേജുള്ള പുസ്‌തകം നിറയെ കോഡുഭാഷയിലാണ്‌ എഴുത്ത്‌. അവര്‍ രണ്ടുപേര്‍ക്കല്ലാതെ ലോകത്ത്‌ മറ്റാര്‍ക്കും ആ ഭാഷ വായിക്കാന്‍ കഴിയുമായിരുന്നില്ല. തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ്‌ ഇവര്‍ക്കു കഴിച്ചുകൂട്ടേണ്ടി വന്നത്‌. അപ്പോഴൊക്കെ പരസ്‌പരം മനസ്സ്‌ കൈമാറിയിരുന്നത്‌ ഈ കത്തുകളിലൂടെയായിരുന്നു. ഓരോ ദിവസത്തേയും വിശേഷങ്ങള്‍, മനസ്സിനെ ഉലച്ച സംഭവങ്ങള്‍, നേരിട്ട ദുരനുഭവങ്ങള്‍, ബന്ധുക്കളുടെ കുത്തിനോവിക്കല്‍, ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും ഒരു ചിരി.......എഴുതാന്‍ ഒരുപാട്‌ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. നോട്ടുപുസ്‌തകത്തിനുള്ളില്‍ ഒളിച്ചുവെച്ച റോസാപുഷ്‌പങ്ങള്‍. അല്ലെങ്കില്‍ മയില്‍പ്പീലിത്തുണ്ട്‌. ചുവന്ന മഷികൊണ്ട്‌ എഴുതിയ ഒരു നോട്ടുപുസ്‌തകത്തിനുള്ളില്‍ വാടിക്കരിഞ്ഞ റോസാപ്പൂക്കള്‍. ഒരു പൂങ്കുലയില്‍ രണ്ടെണ്ണം. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മൊയ്‌തീന്‍ തന്ന റോസാപുഷ്‌പങ്ങളാണിത്‌. കാഞ്ചന ആ നോട്ടുപുസ്‌തകം കണ്ണോട്‌ ചേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാവും ആ കണ്ണീരില്‍?
ഇറച്ചിയും മീനും കാഞ്ചനയ്‌ക്ക്‌ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൊയ്‌തീന്റെ മരണത്തോടെ കാഞ്ചന ഇറച്ചിയും മീനും ഉപേക്ഷിച്ചു. തോണി അപകടം നടന്ന്‌ മൂന്നാം ദിവസമാണ്‌ മൊയ്‌തീന്റെ മൃതദേഹം കിട്ടുന്നത്‌. കാഞ്ചനയ്‌ക്ക്‌ മൃതദേഹം കാണാനുള്ള അവസരം ഉണ്ടായില്ല. പക്ഷേ, ആരോ കാഞ്ചനയോട്‌ പറഞ്ഞു. `മൊയ്‌തീന്റെ കണ്ണുകളില്‍ മീന്‍ കൊത്തിയിരുന്നു'. ഒരു നിമിഷം കാഞ്ചനയുടെ മുന്നില്‍ തെളിഞ്ഞത്‌ ബസിന്റെ റിയല്‍ വ്യൂവറില്‍ കണ്ട വെള്ളാരം കണ്ണുകളാണ്‌. കാഞ്ചന ആദ്യം പ്രണയിച്ച ആ വെള്ളാരം കണ്ണുകളെയാണ്‌ ഇരുവഴിഞ്ഞിപ്പുഴയിലെ മീനുകള്‍ കൊത്തിക്കൊണ്ടുപോയത്‌. അതിനുശേഷം ഇറച്ചിയും മീനും കാണുമ്പോള്‍ കാഞ്ചനയുടെ കണ്ണില്‍ ആദ്യമെത്തുന്നത്‌ മൊയ്‌തീന്റെ കണ്ണുകളാണ്‌. ഇരുപത്തിയഞ്ചുവര്‍ഷമായി സസ്യാഹാരം മാത്രം.
മൊയ്‌തീന്‌ പുഴ ഇഷ്ടമായിരുന്നു. കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട്‌ ഏറെ ഇഷ്ടമായിരുന്നു. മൊയ്‌തീന്റെ മരണശേഷം തെയ്യത്തുംകടവില്‍ കാഞ്ചന ഇടയ്‌ക്കിടെ പോകും. കാഞ്ചനയുടെ ജീവിതത്തെ നോക്കി പുഴ കരയുന്നോ ചിരിക്കുന്നോ........

Sunday, February 13, 2011

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും....``








കേവലമൊരു താത്‌ക്കാലിക ഭ്രമം
പൂവുപോലുള്ളൊരോമന കൗതുകം''

രമണനോട്‌ ചന്ദ്രികയ്‌ക്ക്‌ അതു മാത്രമായിരുന്നുവോ? ഒരു കൗതുകം; അല്ലെങ്കില്‍ താത്‌കാലിക ഭ്രമം. അതിനാലാണോ അവള്‍ ഒരിക്കല്‍ ഇങ്ങനെ പാടിയത്‌:
``ഇല്ല ഞാനെന്നെ നശിപ്പിക്കുകയില്ലൊരു
പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും!''.

രമണനെന്ന പുല്ലാങ്കുഴലിനുവേണ്ടി സ്വയം നശിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. ചന്ദ്രികയുടെ മനോഗതത്തെ അങ്ങനെ മാത്രം വിലയിരുത്താമോ? `
`പുല്ലാണെനിക്കീപ്പണ,മവന്‍തന്‍ കൊച്ചു-
പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോള്‍''

എന്ന്‌ അവളെക്കൊണ്ടു തന്നെ ചങ്ങമ്പുഴ ഒരിക്കല്‍ പാടിപ്പിച്ചില്ലേ? ആകെ വൈരുദ്ധ്യം. ചന്ദ്രിക രണ്ടുതരത്തിലും ചിന്തിക്കാന്‍ കാരണം എന്താവും? ഒരു വാലന്റൈന്‍ ദിനംകൂടി കടന്നു വരുമ്പോള്‍ പാവം ചന്ദ്രികയെയും രമണനെയും ഓര്‍ത്ത്‌ നെടുവീര്‍പ്പിടുകയല്ല. വാലന്റൈനേക്കാള്‍ പരിചയം അവരാണെന്ന്‌ തോന്നി; രമണനും ഇടപ്പള്ളിയും ഒരാളാണെന്ന ചിത്രം പണ്ടുമുതലേ മനസ്സില്‍ പതിഞ്ഞുപോയി.

ശരിക്കും നമ്മള്‍ മലയാളികള്‍ പ്രണയദിനം ആഘോഷിക്കേണ്ടത്‌ ഇടപ്പള്ളിയുടെ ചരമദിനത്തിലായിരുന്നില്ലേ?ആരാണ്‌ ഫെബ്രുവരി 14 ന്റെ വൃത്തത്തിലേക്ക്‌ നമ്മുടെ പ്രണയത്തെ പറിച്ചുവെച്ചത്‌? വാലന്റൈന്‍ ഡേയില്‍ ആഘോഷപൂര്‍വം പ്രണയിച്ചില്ലെങ്കില്‍ നഷ്‌ടപ്പെടുന്നത്‌ സുവര്‍ണാവസരമാണെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌ ആരാണ്‌? എന്തായാലും ആഗോള കമിതാക്കള്‍ക്ക്‌ ഒരു ദിവസം ദാനം നല്‍കിയ കമ്പോള വ്യവസ്ഥയ്‌ക്ക്‌ സ്‌തുതി പറയാം. പ്രണയത്തിനു വേണ്ടി രക്തസാക്ഷിയായ ഒരു പുരോഹിതന്റെ ഓര്‍മ ആഗോള പ്രണയ ദിനമായി കൊണ്ടാടുന്നതില്‍ എന്തു തെറ്റു പറയാന്‍, അല്ലേ? വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അന്നൊരു ദിവസം മാത്രം പ്രണയത്തിന്‌ തീറെഴുതി, നമ്മുടെ ഹൃദയ വികാരത്തെ വിറ്റഴിക്കാന്‍ നോക്കിയതാരാണെന്ന്‌ ചിന്തിക്കണം. ഒരാട്ടിന്‍ കുട്ടി കൈവിട്ടപ്പോള്‍ തൂങ്ങിച്ചാവുന്ന മുഗ്‌ധാനുരാഗം നിലനില്‍ക്കണമെന്ന്‌ ശഠിക്കുന്നത്‌ കാലത്തോട്‌ ചെയ്യുന്ന കൊടിയ പാതകമാണ്‌. ആഘോഷങ്ങളെല്ലാം ഇന്‍സ്റ്റാള്‍മെന്റാകുമ്പോള്‍ പ്രണയവും അങ്ങനെയാകണമെന്ന്‌ വാശിപിടിക്കുന്നത്‌ അതിലേറെ പാതകവും. ലോകം ചുരുങ്ങുമ്പോള്‍ നമുക്കുമാത്രം മാറി നില്‍ക്കാനാവില്ലല്ലോ. ചാനലും ജാലികയും പുറത്തുവിടുന്ന ആഘോഷം അതാണ്‌. ഓരോ പ്രണയിനികളും അവളുടെ മാംസളമേനിയിലൂടെ സ്വത്വം അടയാളപ്പെടുത്തണമെന്ന്‌ കമ്പോളം വാശിപിടിക്കുന്നു.

തായ്‌ലാന്റില്‍ കൗമാരക്കാരികളില്‍ ഭൂരിഭാഗവും തങ്ങളുടെ കന്യകാത്വം ഉപേക്ഷിക്കാന്‍ തിരഞ്ഞെടുത്തത്‌ ഈ ദിവസമായിരുന്നു. 2007-ലാണ്‌ സംഭവം. കാമുകന്‍ ആവശ്യപ്പെട്ടാല്‍ കാത്തുസൂക്ഷിച്ചതെന്തും സമര്‍പ്പിക്കാനുള്ള ഒരു ദിവസമായി അവര്‍ ഫെബ്രുവരി 14നെ കാണുന്നു. മാംസനിബദ്ധമായ അനുരാഗത്തിന്റെ മുഖാവരണം നീക്കിയ സംഭവമായിരുന്നു ഇത്‌. കടക്കണ്ണും തിരിഞ്ഞു നോട്ടവും ഇല്ലാതെ വരുമ്പോള്‍ ഒളിഞ്ഞു നോട്ടവും എത്തിനോട്ടവും പകരം വെക്കുന്ന കൗമാര സങ്കല്‍പ്പങ്ങളാണ്‌ കടല്‍ കടന്ന്‌ വ്യാപിക്കുന്നത്‌. കാമം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കില്‍ പ്രേമം അത്രത്തോളം അവശ്യ ഘടകമല്ല. ഇവിടെ ആദ്യത്തേതു മാത്രം ഇക്കിളിപ്പെടുത്തുമ്പോള്‍ പരസ്‌പരം തിരിച്ചറിയാത്തവരായി നാം അകന്നു പോകും. ആണ്‍കുട്ടിക്ക്‌ പെണ്‍കുട്ടിയോട്‌ തോന്നുന്ന ആകര്‍ഷണീയതയാണ്‌ ചാനലുകള്‍ വരച്ചിടുന്നത്‌. നല്ലൊരു മാര്‍ക്കറ്റ്‌ സിംബലായി വാലന്റൈന്‍സ്‌ ഡേ മാറുന്നത്‌ അങ്ങനെയാണ്‌. ഹാന്റ്‌ ബാഗില്‍ മാലാഡിയും സഹേലിയും ഗര്‍ഭനിരോധന ഉറകളുമായി ശീതീകരണ ശാലകളില്‍ ഇഷ്‌ടം പങ്കിടുന്ന യൗവനങ്ങള്‍ക്കിടയില്‍ ഇടയില്‍ എവിടെയാണ്‌ ആ വികാരത്തിന്റെ വ്യഥയും ആധിയും കത്തിയാളുന്നത്‌!

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിണിയായ ലിസാ മേരി നോവാക്ക്‌ ടെക്‌സാസില്‍ നിന്ന്‌ ഫ്‌ളോറിഡയിലേക്ക്‌ നിര്‍ത്താതെ തൊള്ളായിരം മൈല്‍ കാറോടിച്ചു പോയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ പ്രണയം പ്രകടിപ്പിച്ചത്‌. ആകാശത്തു വെച്ച്‌ പരിചയപ്പെട്ട കാമുകന്റെ ഭൂമിയിലെ തോഴിയെ ഇല്ലാതാക്കാനുള്ള പ്രതികാര വാഞ്ചയുമായാണ്‌ ലിസാ പോയതെന്ന്‌ കേള്‍ക്കുമ്പോള്‍, പ്രണയത്തിന്റെ ആഗോള വേഗം തിരിച്ചറിയപ്പെടുന്നു. പ്രേമത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണല്ലോ. യുദ്ധത്തിന്റെ രീതി ശാസ്‌ത്രത്തിനൊപ്പം പ്രണയവും മാറുമ്പോള്‍ ചങ്കിടിപ്പേറണം. കമിതാക്കള്‍ ഇന്ന്‌ എല്ലാ രഹസ്യവും ക്യാമറക്കണ്ണിനു മുമ്പില്‍ വെളിപ്പെടുത്തുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒന്നും ബാക്കിവെക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഡിയായി കാണുന്നെന്നും പ്രണയത്തിന്‌ ഏറ്റവും നല്ലത്‌ നിശബ്‌ദതയും നിഗൂഢതയുമാണെന്ന ഖലീല്‍ ജിബ്രാന്റെ വെളിപ്പെടുത്തല്‍ നമുക്ക്‌ അന്യമാകുന്നു. ആത്മാവില്‍ പ്രണയം പകര്‍ന്ന്‌ ജീവിതം പൊള്ളിപ്പോയവരുടെ ആത്മവൃത്താന്തം പോലെ സത്യമാകണമെന്നില്ല ആ വെളിപ്പെടുത്തലുകള്‍. ഒരു പൂവിന്റെ മന്ദഹാസത്തിലും അവര്‍ക്ക്‌ മയങ്ങാനാവില്ല. കിനാവുകള്‍ മുറിഞ്ഞു പോകുന്നതും ശ്ലഥബിംബങ്ങള്‍ സ്‌മൃതികളില്‍ നിറയുന്നതും അങ്ങനെയാണ്‌. ഒരു പൂവിനിതള്‍ കൊണ്ടും അവര്‍ക്ക്‌ മുറിവേല്‍ക്കാത്തത്‌ അതിനാലാണ്‌. പൂവിറുത്ത്‌ നീട്ടിയില്ലെങ്കിലും നൂറു ചെമ്പനീര്‍ മൊട്ടുകള്‍ ഉള്ളില്‍ വിരിഞ്ഞത്‌ തിരിച്ചറിയുന്ന കാമുകിയെ കാലത്തിന്‌ നഷ്‌ടമാകുന്നത്‌ അവിടെയാണ്‌. കവിതയാണ്‌ കൈമോശം വരുന്നത്‌. കാലമാകുന്ന കവിയുടെ ഗദ്‌ഗദമാണ്‌ കേള്‍ക്കാതാവുന്നത്‌.

അപ്പോള്‍ കൂട്ടുകാരീ, നീ ചോദിച്ചേക്കാം. കാലം മാറിയില്ലേ എന്ന്‌. കാലത്തിനൊപ്പം മനസിന്റെ വികാരവും മാറില്ലേ എന്ന്‌. `ഐ ലവ്‌ യു' എന്നതിലും തീക്ഷ്‌ണത `ഐ മിസ്‌ യു' എന്നതിനാണെന്ന്‌ പുതിയ കമിതാക്കളും പറയുന്നു. എന്നിട്ടും നാമെന്തേ കാത്തിരിക്കാന്‍ മടിക്കുന്നു. പുതിയ ശീതളഛായകള്‍ തേടിപ്പോകുന്നു. ഒമ്പതു വര്‍ഷത്തിനു ശേഷവും ഇളം മഞ്ഞിന്റെ നനുത്ത സ്‌പര്‍ശവുമായി സുധീര്‍കുമാര്‍ മിശ്ര വരുമെന്ന്‌ കരുതിയിരിക്കുന്ന വിമലയെ കാലം അറിയാതെ പോകുന്നു. ഹൃദയത്തെ ഒരു കഷണം കടലാസാക്കി വിരല്‍മുറിച്ച്‌ പേനയാക്കി, കാജല്‍ കണ്ണീരില്‍ ചാലിച്ച്‌ മഷിയാക്കി സന്ദേശമെഴുതുന്നത്‌ ചിന്തിക്കാന്‍ പോലുമാകാത്ത വിധം നമ്മള്‍ മാറിപ്പോകുന്നു. തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്നവനേ ശരിക്കും പ്രേമത്തിന്റെ ലഹരിയറിയൂ എന്ന്‌ ആത്മസായൂജ്യം പോലെ പാടിയവര്‍ പഴഞ്ചനാകുന്നത്‌ ഈ കമ്പോളത്തിലാണ്‌.`വണ്‍വേ' യും അഡ്‌ജസ്റ്റുമെന്റുമായി പൊങ്ങച്ച സഞ്ചി കുത്തി നിറച്ചവര്‍ `ഹായ്‌' വിളിക്കുമ്പോള്‍ വാക്കുകള്‍ നഷ്‌ടമാകുന്നത്‌ ഇവിടെ നിന്നാണ്‌. പരസ്‌പരം സ്‌നേഹം അസാധ്യമാണെന്നും രണ്ടിലൊരാള്‍ പറ്റിക്കുമെന്നും ഗോദാര്‍ദ്‌ പറഞ്ഞിടത്തു നിന്ന്‌ ബാക്കി തുടങ്ങാം.

കേവലമൊരു താത്‌ക്കാലിത ഭ്രമമോ പൂവുപോലുള്ള ഓമന കൗതുകമോ ആയിരുന്നെന്ന്‌ പരസ്‌പരം ആശ്വസിക്കുമ്പോള്‍ വാലന്റൈന്‍ ഡേ ഒരു വലിയ വാരിക്കുഴിയായി മുമ്പിലുണ്ട്‌. തീവ്രാനുരാഗത്തിന്റെ പേരില്‍ രക്തസാക്ഷിയായ ഇടപ്പള്ളിയെ ഓര്‍ക്കാന്‍ വിട്ടുപോകുമ്പോഴാണിത്‌. പ്രേമത്തിന്റെ വിശ്വപ്രവാചകനായ ഖലീല്‍ ജിബ്രാന്‍ ജീവിതത്തില്‍ നിന്ന്‌ പടിയിറങ്ങിയ ഏപ്രില്‍ 10ന്‌ നാം എത്രമാത്രം പ്രധാന്യം നല്‍കാറുണ്ട്‌? മേരി ഹാസ്‌കലിനു വേണ്ടി ജിബ്രാന്‍ കുറിച്ചുവെച്ച വരികള്‍ കുത്തക ബ്രാന്റുകള്‍ യഥേഷ്‌ടം എടുത്തുപയോഗിക്കുന്നു. പ്രണയികള്‍ `വാലന്റൈന്‍ ബോട്ടി'ല്‍ പകര്‍ന്ന നുരയിലും പതയിലും ആറാടാന്‍ കൊതിക്കുന്നു. മനസിന്റെ താളില്‍ ആകാശം കാണാതെ ഒളിച്ചുവെച്ച മയില്‍പ്പീലി തുണ്ട്‌ നഷ്‌ടമായത്‌ ഇവിടെയാണ്‌. പ്രണയം തന്ന വേദന എവിടെ? അതില്ലാതെ എന്ത്‌ പ്രേമം. ചക്രവാളത്തിലേക്ക്‌ നീളുന്ന അവളുടെ നോട്ടം അവനിലേക്ക്‌ പിന്‍വാങ്ങിയ സാന്ധ്യ സല്ലാപങ്ങളെവിടെ? പ്രണയം മാത്രം ലോകത്തെ കബളിപ്പിക്കുന്നെന്ന്‌ ഷേക്ക്‌സ്‌പിയര്‍ പറഞ്ഞത്‌ ചന്ദ്രികേ നീ അറിഞ്ഞിരുന്നുവോ? തെറ്റുകള്‍ പറ്റിയത്‌ നിനക്കു മാത്രമല്ല. പ്രണയം ആഘോഷമാക്കിയ എല്ലാവര്‍ക്കുമാണ്‌. കാട്ടില്‍ കൂടെ വരട്ടേ എന്ന്‌ ചോദിച്ച ചന്ദ്രികയോട്‌ പാടില്ല പാടില്ലാ എന്നായിരുന്നു രമണന്‍ അന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ ``പോരൂ പുന്നാരേ പോരൂ പുന്നാരേ ആടു മേയ്‌ക്കും കാട്ടിനുള്ളി'ലെന്നോതി മാടി വിളിക്കുകയാണ്‌ കാലം. വിറ പൂണ്ട മഴവില്ലിനു ശേഷം അലിഞ്ഞു തീരുന്ന ഒരു ദിവസമല്ല ഇവിടെ പ്രേമം. തുടക്കവും ഒടുക്കവും ഇവിടെ ഭ്രമാത്മകമാണ്‌. ഭ്രാന്തമാണ്‌. രമണ്‍ പറഞ്ഞപോലെ, ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‌പ ലോകമല്ലല്ലോ ഈ ഉലകം!

Friday, January 28, 2011

`കൃഷ്‌ണാ നീയെന്നെ അറിയുന്നുവോ......'




നൃത്തവിലാസിനിയായ ഗോപികയുടെ മനോഗതം ഒടുവില്‍ കണ്ണന്‍ തിരിച്ചറിഞ്ഞു; ധ്യാനനിരതമായ കാത്തിരിപ്പിന്‌ അവസാനം മഥുരയിലേക്ക്‌ പോകും വഴി കണ്ണന്റെ രഥം തന്റെ മണ്‍കുടിലിന്‌ മുമ്പില്‍ വന്നു നിന്ന നിമിഷം അവള്‍ ഹര്‍ഷപുളകിതയായി. `കൃഷ്‌ണാ നീയെന്നെ അറിയുന്നുവോ' എന്ന്‌ വികാരാധീനയായി ചോദിച്ചു......
ഗോപികയുടെ രാഗവിലോല ഹൃദയം ഭാവതീവ്രമായി പെയ്‌തിറങ്ങുന്നത്‌ കാണാന്‍ തിരുനക്കര മൈതാനത്തില്‍ ആസ്വാദകര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സൗമ്യ സതീഷെന്ന കലാകാരിക്ക്‌ 51-ാം സ്‌കൂള്‍ കലാമേള ഗൃഹാതുര സ്‌മൃതികളുടെ കൈവളചാര്‍ത്തലായി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച്‌ കോട്ടയം തിരുനക്കര മൈതാനിയിലാണ്‌ സൗമ്യാ സതീഷിന്റെ നൃത്താവിഷ്‌കാരം അരങ്ങേറിയത്‌. സുഗതകുമാരി ടീച്ചര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എഴുതി, പ്രണയലോലുപര്‍ ചൊല്ലിനടന്ന `കൃഷ്‌ണാ നീയെന്നെ അറിയില്ല' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമാണ്‌ സൗമ്യ അവതരിപ്പിച്ചത്‌. 1988-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ സൗമ്യയ്‌ക്ക്‌ വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടയത്തെ വേദി ഗൃഹാതുരമായ അനുഭവമായി.
ദൃശ്യാവിഷ്‌കാരം കണ്ട സുഗതകുമാരി ടീച്ചര്‍ സൗമ്യയെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു, `മോള്‍ എല്ലാ അര്‍ത്ഥത്തിലും കഥാപാത്രമായി മാറി'.
`കൃഷ്‌ണാ നീയെന്നെ അറിയില്ല' കവിതയ്‌ക്ക്‌ പതിനഞ്ചു മിനുറ്റു ദൈര്‍ഘ്യമുള്ള ദൃശ്യഭാഷ്യം ഒരുക്കിയത്‌ സൗമ്യ തന്നെയാണ്‌. എല്ലാ തരക്കാരായ കാണികളെയും തൃപ്‌തിപ്പെടുത്തുന്ന രീതിയാണ്‌ താന്‍ അവലംബിച്ചതെന്ന്‌ സൗമ്യ പറയുന്നു.
മനസ്സിനെ ആകര്‍ഷിച്ച ഒരു കവിത കണ്ടെത്തലായിരുന്നു ആദ്യശ്രമം. സുഗതകുമാരി ടീച്ചറുടെ കവിതയുടെ വശ്യത ഒന്നു വേറെയാണ്‌. `കൃഷ്‌ണാ നീയെന്നെ അറിയില്ല' മുമ്പും പ്രശസ്‌ത നര്‍ത്തകിമാര്‍ ദൃശ്യവത്‌കരിച്ചിരുന്നു. എന്നാല്‍ കുറച്ചുകൂടി ലളിതവും ആസ്വാദ്യവുമായി ആവിഷ്‌കരിക്കണമെന്ന്‌ തോന്നി. കവിത അധികം വായിക്കാത്ത ആളുകള്‍ക്കും ഭാവം ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന വിധത്തില്‍. ശാസ്‌ത്രീയമായല്ല ഈ നൃത്തരൂപം ചിട്ടപ്പെടുത്തിയത്‌, ഭാവത്തിനാണ്‌ പ്രാധാന്യം-സൗമ്യ നയം വ്യക്തമാക്കുന്നു.
എല്ലാ ഗോപികമാര്‍ക്കും കൃഷ്‌ണന്‍ ഹൃദയേശ്വരനാണ്‌. പ്രണയാതുരരായി ഓരോരുത്തരും കണ്ണന്റെ മുമ്പിലെത്തുന്നു. പക്ഷെ, ഒരിക്കല്‍പ്പോലും തന്റെ അനുരാഗം കണ്ണനെ അറിയിക്കാത്ത ഗോപികയാണ്‌ ഈ കവിതയിലെ നായിക. മനസ്സില്‍ പൂജിക്കുന്ന വിഗ്രഹമാണ്‌ അവള്‍ക്ക്‌ കണ്ണന്‍. മഥുരയ്‌ക്ക്‌ പോകും വഴി കണ്ണന്‍ തന്റെ കുടിലിന്‌ മുമ്പില്‍ രഥം നിര്‍ത്തിയപ്പോള്‍ കൃഷ്‌ണാ നീയെന്ന അറിയും എന്ന്‌ അവള്‍ ആത്മഹര്‍ഷത്താല്‍ പാടുകയാണ്‌. ലളിതമധുരമായാണ്‌ നൃത്തരൂപം സൗമ്യ വേദിയിലെത്തിച്ചത്‌.
ചങ്ങമ്പുഴ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ജന്മശതാബ്ദി ആഘോഷ വേളയിലാണ്‌ ആദ്യമായി അവതരിപ്പിച്ചത്‌. നവംബര്‍ 14ന്‌. തുടര്‍ന്ന്‌ കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തകോത്സവത്തില്‍. പരിപാടിയ്‌ക്ക്‌ ലഭിച്ച ആസ്വാദകശ്രദ്ധ ഇന്റര്‍നെറ്റിലൂടെ പുറം രാജ്യങ്ങളിലുമെത്തി. അതില്‍ പിന്നെയാണ്‌ കോട്ടയത്ത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതിക്കാര്‍, സുഗതകുമാരി ടീച്ചര്‍ക്ക്‌ മുമ്പില്‍ നൃത്തരൂപം അവതരിപ്പിക്കാന്‍ സൗമ്യയെ ക്ഷണിച്ചത്‌.
കലോത്സവ മേളയില്‍ ഒരിക്കല്‍ക്കൂടി ചിലങ്കയണിയാനുള്ള ക്ഷണം ആഹ്ലാദത്തോടെയാണ്‌ കേട്ടത്‌. പക്ഷെ, ടീച്ചറുടെ മുമ്പില്‍ അവരുടെ സൃഷ്ടിയെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ സൗമ്യ ആദ്യമൊന്ന്‌ ഭയന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രോത്സാഹനമാണ്‌ ടീച്ചറില്‍ നിന്ന്‌ കിട്ടിയത്‌. ഇനിയും ഇത്തരം കാവ്യങ്ങള്‍ക്ക്‌ ചലനരൂപം നല്‍കാന്‍ ഇതെല്ലാം പ്രചോദനമാണെന്ന്‌ സൗമ്യ കരുതുന്നു.
അഞ്ചു വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന സൗമ്യയുടെ ഗുരു കലാമണ്ഡലം ശ്രീദേവി ഗോപിനാഥാണ്‌. ഭരതനാട്യവും, മോഹിനിയാട്ടവും അവര്‍ക്ക്‌ കീഴില്‍ അഭ്യസിച്ചു. 88-ല്‍ കൊല്ലത്തു നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ `സുമസായകാ' എന്നാരംഭിക്കുന്ന സ്വാതി തിരുന്നാള്‍ കൃതി അവതരിപ്പിച്ച്‌ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1990 ല്‍ കാലിക്കറ്റ്‌ സര്‍വകലാശാലാ യുവജനോത്സവത്തില്‍ കലാതിലകമായി.
എളമക്കരയില്‍ `ഭരത കലാ മന്ദിരം' എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്ന സൗമ്യയുടെ ഭര്‍ത്താവ്‌ സതീഷ്‌ കുമാറാണ്‌. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയായ അര്‍ജുനും ആറാം തരം വിദ്യാര്‍ത്ഥിയായ നന്ദകൃഷ്‌ണനും മക്കളാണ്‌. സൗമ്യയുടെ ഏറ്റവും വലിയ ആസ്വാദകരും വിമര്‍ശകരും വീട്ടുകാര്‍ തന്നെ.
നൃത്തസപര്യയുമായി കഴിയുന്നതിനിടയില്‍ മികച്ച ചലച്ചിത്ര വേഷങ്ങളില്‍ പലതും സൗമ്യയെ തേടിയെത്തി. എന്നാല്‍ വെള്ളിത്തിരയിലേക്ക്‌ പദമൂന്നാന്‍ സൗമ്യ മടിച്ചു. ലോഹിത ദാസിന്റെ `ഭൂതകണ്ണാടി' ഉള്‍പ്പെടെ ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. പില്‌കാലത്ത്‌ അദ്ദേഹത്തിന്റെ തന്നെ `നിവേദ്യ'ത്തില്‍ അഭിനയിക്കാന്‍ സൗമ്യ തയ്യാറായി. തുടര്‍ന്ന്‌ `സുല്‍ത്താന്‍' എന്ന ചിത്രത്തിലും നല്ല വേഷം. നര്‍ത്തകിയായി തുടരണമെന്നാണ്‌ ആഗ്രഹമെങ്കിലും സിനിമയില്‍ കാമ്പുള്ള വേഷങ്ങള്‍ കിട്ടിയാല്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നാണ്‌ ഈ `ഗോപിക' പറയുന്നത്‌.

Monday, June 21, 2010



ലാല്‍ എന്നെ വിസ്‌മയിപ്പിച്ചു!.....
``എന്റെ കേരളം എത്ര സുന്ദരം''-കേരളത്തെ എത്രമേല്‍ ഇഷ്ടമാണെന്ന്‌ ചോദിച്ചാല്‍ ഇസ്രയേല്‍ നടി എലീനയ്‌ക്ക്‌ ഒറ്റ ഉത്തരമേ ഉള്ളൂ. എന്റെ നാടിനോളം. ഒരുവേള അതിലുപരി.
ലോസാഞ്ചല്‍സില്‍ നിന്ന്‌ കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്‌....ശീലിച്ചതില്‍ നിന്ന്‌ എത്രയോ ഭിന്നമായ സംസ്‌കാരം.
എങ്കിലും കെ എ ദേവരാജിന്റെ `സ്വപ്‌ന മാളിക' യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണം അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച്‌ പറയാന്‍ എലീനയ്‌ക്ക്‌ നൂറുനാവാണ്‌. മലയാണ്മയെയും കേരളീയ രുചികളെയും കുറിച്ച്‌ ഈ ഇസ്രയേല്‍ പെണ്‍കുട്ടി വാചാലയാകും. മലയാള സിനിമയെ അറിയാന്‍ അവര്‍ ഏറെ താത്‌പര്യപ്പെടുന്നു.
പാരീസിലെ മൊണ്‍മാര്‍ത്ര്‌ തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീനയെന്ന ഇസ്രയേലുകാരി 13-ാം വയസ്സില്‍ അമേരിക്കയിലെത്തിയതാണ്‌. നാടകമെന്ന മാധ്യമത്തില്‍ സജിവമായ എലീന പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കി. നൂക്ലിയല്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ്‌ എടുത്തു. കലയും പഠനവുമായി കറങ്ങിയ എലീന അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ നിന്ന്‌ കേരളത്തിലെത്തിയത്‌ തികച്ചും ആകസ്‌മികമായാണ്‌. സ്വപ്‌നമാളികയുടെ കഥ കേട്ടപ്പോള്‍ സ്വീകരിക്കാതിരിക്കാനായില്ല.
വാരണസിയിലും ചെര്‍പ്പുളശ്ശേരി ഒളപ്പമണ്ണ മനയിലുമായി ചിത്രീകരിച്ച `സ്വപ്‌നമാളികയില്‍' രാധാ കാര്‍മെനെന്ന കഥാപാത്രമായി അവര്‍ മാറി. മോഹന്‍ലാലിന്റെ വിദേശ നായികയുടെ വിശേഷങ്ങളിലേക്ക്‌..............

ഇസ്രയേല്‍, അമേരിക്ക, പാരീസ്‌, പിന്നെ കേരളം..... എങ്ങനെ അനുഭവപ്പെടുന്നു ഈ വ്യത്യസ്‌ത സംസ്‌കാരങ്ങള്‍?
* ഇസ്രയേലില്‍ ജനിച്ചെങ്കിലും ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തിപ്പെട്ടതാണ്‌ ഞാന്‍. അഭിനയത്തോടുള്ള അഭിനിവേശം എന്നെ പാരീസിലെത്തിച്ചു. ഫ്രാന്‍സില്‍ സ്ഥിരം തിയറ്ററുകളുണ്ട്‌. ഏതൊരു കലാകാരിയ്‌ക്കും ഫ്രാന്‍സ്‌ ഒരനുഗ്രഹമാണ്‌. അമേരിക്ക അങ്ങനെയല്ല. അവിടെ സാമ്പത്തികം മാത്രമാണ്‌ പ്രധാനം. കലയല്ല.

അപ്പോള്‍ കേരളമോ?
* കേരളം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കലയുടെയും സ്വന്തം നാടല്ലേ. എന്നെ വല്ലാതെ വല്ലാതെ കൊതിപ്പിക്കുന്നു, ഇവിടം.

മലയാള സിനിമയിലും ഈ വ്യത്യാസം പ്രകടമാണോ?
* ഇവിടെ എന്തിനും ഒരു കേരളീയ ടച്ചുണ്ടല്ലോ. വിദേശ സിനിമയ്‌ക്കെല്ലാം വലിയ സ്വീകാര്യതയാണ്‌ കേരളത്തില്‍. ഇന്ത്യന്‍ സിനിമകള്‍ക്ക്‌ വിദേശത്തും വലിയ മാര്‍ക്കറ്റുണ്ട്‌. നിങ്ങള്‍ക്കറിയാമോ, ഇസ്രയേല്‍ സംവിധായകരുടെ പല സിനിമകളും ഫിലിം ഫെസ്റ്റുകളില്‍ മാത്രമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

ഹോളീവുഡിന്റെ അപ്രമാദിത്വമാണോ അതിന്‌ കാരണം?
* എന്നു പറയാം. ഹോളീവുഡിന്റെ അതിപ്രസരത്തില്‍ അവിടെ പ്രാദേശിക സിനിമകള്‍ പ്രതിസന്ധി നേരിടുകയാണ്‌. ഇസ്രയേലിലൊക്കെ ഇപ്പോള്‍ പ്രധാന വിനോദം സിനിമയല്ല, നാടകമാണ്‌. നേരത്തെ പറഞ്ഞല്ലോ, ഇസ്രയേല്‍ സംവിധായകരുടെ സിനിമകള്‍ ഫിലിം ഫെസ്റ്റുകളിലാണ്‌ പ്രദര്‍ശിപ്പിക്കാറുള്ളത്‌.

സിനിമ എന്ന മാധ്യമം നേരത്തെ പരിചിതമായിരുന്നോ?
* ഇല്ല. തിയറ്റര്‍ മാത്രമാണ്‌ എനിക്ക്‌ പരിചിതം. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ഒന്ന്‌ മടിച്ചിരുന്നു. നാടത്തില്‍ പെര്‍ഫോമന്‍സിന്റെ പ്രതികരണം അപ്പോള്‍ തന്നെ കാണികളില്‍ നിന്ന്‌ വ്യക്തമാകും. സിനിമയിലാണെങ്കില്‍ റിലീസ്‌ ചെയ്യുന്നതുവരെ കാത്തിരിക്കണം. ക്ഷമിച്ചിരിക്കണം.

എലീന കഥാപാത്രമായ ആദ്യ നാടകം ഏതാണ്‌?
* വില്യം ഷെയ്‌ക്ക്‌സ്‌പിയറിന്റെ മര്‍ച്ചന്റ്‌ ഓഫ്‌ വെനീസ്‌. തന്റേ വേദനകളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ജസീക്കയെന്ന കഥാപാത്രമായിരുന്നു ഞാന്‍. കുറേ പ്രശംസകള്‍ നേടിത്തന്നു. തുടര്‍ച്ചയായി ഈ നാടകം അരങ്ങിലെത്തി.

സിനിമയിലെ രാധാ കാര്‍മനെന്ന കഥാപാത്രത്തെ ഏറെ ഇഷ്ടമായോ?
* ഒരു വിദേശ വധുവാണ്‌ രാധ. മലയാളം പഠിച്ചുവരുന്നു. രാധയുടെ ജീവിത പങ്കാളി, നന്ദന്‍ അകാലത്തില്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്യാനാണ്‌ കാശിയിലെത്തിയത്‌. ആ യാത്രയിലാണ്‌ ഡോ. അപ്പുനായരെ (മോഹന്‍ലാല്‍) പരിചയപ്പെടുന്നത്‌. പ്രശസ്‌തനായ അര്‍ബുദ രോഗ ചികിത്സകനാണ്‌ അദ്ദേഹം. രാധയും അപ്പുനായരും തമ്മിലുള്ള ബന്ധത്തിലെ വൈകാരികതകള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്‌.

മോഹന്‍ലാലിനെ എങ്ങനെ വിലയിരുത്തുന്നു?
* അനുപമമായ അഭിനയ പാടവമുള്ള നടന്‍. ലോകനിലവാരത്തിലേയ്‌ക്കുയര്‍ന്ന അദ്ദേഹത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത്‌ ഭാഗ്യമാണ്‌. അദ്ദേഹത്തിന്റെ ഓരോ ചലനവും സൗന്ദര്യാത്മകമാണ്‌. ഓരോ ഭാവവും വിവരണാതീതമാണ്‌. പക്ഷെ, എത്ര സിമ്പിളാണെന്നോ അദ്ദേഹം.

ലാലിന്റെ ഏതെല്ലാം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്‌?
* മോഹന്‍ലാലിനെ കേട്ടറിഞ്ഞ പരിചയമേ ഉണ്ടായിരുന്നുള്ളൂ. സെറ്റിലെത്തിയപ്പോളാണ്‌ അദ്ദേഹത്തിന്റെ മാനറിസവും സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റവും ഹൃദ്യമായി തോന്നിയത്‌. അദ്ദേഹം അഭിനയിച്ച `ഇരുവര്‍' എന്ന ചിത്രമാണ്‌ ഞാന്‍ ആദ്യം കണ്ടത്‌. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു വിട്ടുവീഴ്‌ചയ്‌ക്കും അദ്ദേഹം ഒരുക്കമാണ്‌.

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ കൊച്ചു കേരളത്തില്‍ സജീവ ചര്‍ച്ചകളിലൊന്ന്‌ എലീനയുടെ നാടിനെപ്പറ്റിയാണ്‌. സയണിസവും ഹമാസിന്റെ ചെറുത്തുനില്‌പുമെല്ലാം ഇവിടെ രാഷ്ട്രീയ പ്രചാരണ വിഷയമാണ്‌. ജൂതന്മാര്‍ എതമാത്രം അപകടകാരികളാണ്‌?
* ഏറെയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ്‌. ഇസ്രയേല്‍ ഭരണകൂടം മനുഷ്യാവകാശ ധ്വംസനം നടത്തുന്നെങ്കില്‍ അവിടുത്തെ സാധാരണക്കാരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്കറിയാമോ ജറുസലേമിലും തെല്‍ അവീവിലും മുസ്‌ലിംകളും ജൂതന്മാരും സഹകരിച്ചാണ്‌ കഴിയുന്നത്‌. ഒരു പ്രശ്‌നവുമില്ല. സയണിസമെന്നത്‌ ഇന്ത്യയില്‍ ഹിന്ദുത്വം പോലെ ഒരു സാംസ്‌കാരിക അവസ്ഥയാണ്‌. ഹിന്ദുത്വത്തിന്റേ പേരില്‍ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ ഇന്ത്യക്കാരെല്ലാം ഉത്തരവാദികളല്ലല്ലോ. അതുപോലെ സയണിസത്തിന്റെ പേരിലുള്ള അക്രമത്തിന്റെ പേരില്‍ എല്ലാ ഇസ്രയേലുകാരെയും പ്രതികളാക്കരുത്‌.

നിങ്ങള്‍ അതിമനോഹരമായും അവഗാഹതയോടെയും രാഷ്ട്രീയം പറയുന്നു. ഇന്ത്യന്‍ നടിമാരില്‍ പലര്‍ക്കും പ്രധാനമന്ത്രിയുടെ പേരുപോലും അറിയില്ല. അതിരിക്കട്ടെ, സത്യത്തില്‍ സയണിസത്തോട്‌ എതിര്‍പ്പുണ്ടോ?
* സോറി. എന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ചിലര്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നു. ആ വിഷയം വിടാം. നിങ്ങളെപ്പോലെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും രാഷ്ട്രീയം കൊണ്ടുനടക്കുന്നവരല്ല ഞങ്ങള്‍. നമുക്ക്‌ കേരളത്തെ കുറിച്ച്‌ സംസാരിക്കാം.

കേരളത്തെ അത്രമേല്‍ ഇഷ്ടമായോ?
* ഒരുപാടൊരുപാട്‌. ഒരുവേള എന്റെ നാടിനേക്കാളും. സ്വര്‍ഗം കനിഞ്ഞരുളിയ പ്രകൃതി രമണീയത. കോഴിക്കോട്ടും ഒറ്റപ്പാലത്തും സഞ്ചരിച്ചപ്പോള്‍ എനിക്ക്‌ തോന്നി. ഇവിടുത്തെ ആളുകള്‍ എത്രമാത്രം സ്‌നേഹമുള്ളവരാണെന്ന്‌.

കേരളീയ വേഷം അണിഞ്ഞപ്പോള്‍ നാടന്‍ പെണ്‍കുട്ടി തന്നെ?
* നന്ദി. എനിക്ക്‌ കേരളീയ വേഷം വളരെ ഇഷ്ടമാണ്‌. ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍ വളയും സാരിയുമൊക്കെ വാങ്ങും. അമ്മയ്‌ക്കും സഹോദരിക്കും സമ്മാനിക്കാന്‍.

മലയാളം സംഭാഷണങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടിയോ?
* ആദ്യം ഒന്നു വിഷമിച്ചു. പിന്നെ അത്ര പ്രശ്‌നമായി തോന്നിയില്ല. സെറ്റില്‍ എല്ലാവരും സഹായിച്ചു. വാരണസിയില്‍ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാല്‍ തന്നെ ഡയലോഗുകളുടെ അര്‍ത്ഥം പറഞ്ഞു തരുമായിരുന്നു.

ഇനി ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമോ?
* ഇപ്പോള്‍ ആലോചിച്ചിട്ടില്ല. നല്ല വേഷങ്ങളാണെങ്കില്‍ സ്വീകരിച്ചേക്കും. ഇതു തന്നെ ഭാഗ്യം. ഇന്ത്യയില്‍ നിന്ന്‌ മടങ്ങിയാല്‍ വീണ്ടും ഞാന്‍ നാടക വേദിയില്‍ സജീവമാകും.

Tuesday, February 20, 2007

രണ്ടു പൈങ്കിളി കവിതകള്‍


1. പ്രേയസി


അവളുറങ്ങുമ്പോളെനിക്ക്‌
പേടിയാണ്‌.
അവളുടെ സ്വപ്നത്തിലെങ്ങാന്
‍അവന്‍
കടന്നുവന്നാലോ?................



2. സൂക്ഷിപ്പ്‌


അവളവനു പകര്‍ന്ന
ഒരു ഫ്ലയിംങ്ങ്‌ കിസ്സ്‌
എനിക്കു വീണുകിട്ടി.

രേഖകളുമായി ‍വന്നാല്
‍ഞാനത്‌
ആത്മാവിന്റെ ഫ്രീസറില്‍ നിന്ന്‌
മടക്കി തന്നേക്കാം.