അവള് താരാപഥത്തില്‍


മലയാളത്തിലെ സ്ത്രീകേന്ദ്രീകൃത സിനിമകളെപ്പറ്റി.........
താരത്തിന് ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങള്‍ മാത്രമാണ് മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിലേറെയും. കാഴ്ചയുടെ സൗന്ദര്യശാസ്ത്രവും രൂഢമൂലമായ ചില വിശ്വാസ സംഹിതകളും പരമ്പരാഗതമായി നമ്മുടെ സിനിമാ നിര്‍മ്മിതിയെ സ്വാധീച്ചിട്ടുണ്ട്. അതിനാലാവാം നായികാ കേന്ദ്രീകൃതമായ സിനിമകള്‍ ഇവിടെ അപൂര്‍വ കാഴ്ചയാകുന്നത്. പുറത്തിറങ്ങിയവയിലേറെയും വിജയിക്കാതെ പോയത്. ആരാധക സംഘങ്ങളെന്ന കുമ്മാട്ടിക്കൂട്ടവും പരസ്യലോകത്തിന്റെ കുമ്മിയടിയും നായകര്‍ക്കുവേണ്ടിയാണല്ലോ. അവരാണല്ലോ മലയാള സിനിമയുടെ വര്‍ത്തമാനവും ഭാവിയും തീരുമാനിക്കുന്നത്! ചാനല്‍ റൈറ്റിലും ചാറ്റ്ഷോകളിലും അവര്‍ക്കാണല്ലോ പ്രാമുഖ്യം. ഇതിനിടയില്‍ നീലക്കുറിഞ്ഞി പൂക്കുംപോലെ ചില സ്ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ പുറത്തുവരും. അപ്പോള്‍ അതിന്റെ കലാമൂല്യവും കച്ചവട സ്വഭാവവും വേര്‍തിരിക്കുന്നതിലാവും നിരൂപകരുടെ ചിന്താവ്യായാമമത്രയും. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് ഈ പട്ടികയില്‍ വിജയം നേടിയത്. കച്ചവട സിനിമ എന്ന നിലയില്‍പ്പോലും ഇവ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് കാണാം.
ഇടയ്ക്ക് ഒന്നു ചോദിച്ചോട്ടെ, സ്ത്രീ കേന്ദ്രീകൃത മലയാള സിനിമകളില്‍ എത്രയെണ്ണം പെട്ടന്ന് ഓര്‍മ്മയില്‍ വരുന്നുണ്ട്? എ വിന്‍സന്റിന്റെ തുലാഭാരം (ശാരദ), പി ഭാസ്കരന്റെ കള്ളിച്ചെല്ലമ്മ (ഷീല), കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് (ശ്രീവിദ്യ), പത്മരാജന്റെ ദേശാടനക്കിളികള്‍ കരയാറില്ല(ശാരി, കാര്‍ത്തിക), ഐ വി ശശിയുടെ അവളുടെ രാവുകള്‍(സീമ), ഹരിഹരന്റെ പഞ്ചാഗ്നി (ഗീത), ടി വി ചന്ദ്രന്റെ സൂസന്ന (വാണി വിശ്വനാഥ്), സത്യന് അന്തിക്കാടിന്റെ തലയണ മന്ത്രം (ഉര്‍വശി), ഹരിഹരന്റെ പരിണയം(മോഹിനി), ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള (സംഗീത), ടി കെ രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്(മഞ്ജുവാര്യര്‍), ശ്യാമ പ്രസാദിന്റെ അഗ്നിസാക്ഷി(ശോഭന), അടൂരിന്റെ നാലുപെണ്ണുങ്ങള്‍( കെ പി എ സി ലളിത, പത്മപ്രിയ, ഗീതുമോഹന്‍ദാസ്, നന്ദിതാദാസ്), രഞ്ജിത്തിന്റെ തിരക്കഥ(പ്രിയാമണി).....ഈ പട്ടിക അധികം നീളുമെന്ന് തോന്നുന്നില്ല. കുട്ട്യേടത്തിയില്‍ വിലാസിനിയും ചെമ്പരത്തിയില്‍ ശോഭയും ചെയ്ത അനശ്വര കഥാപാത്രങ്ങള്‍ മുതലിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ നമുക്ക് അധികം ഇല്ലെന്ന് പറയാം.
`സെക്സ് ഫീലിങ്' വരുത്താന്‍ വേണ്ടി മാത്രം സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്ന രീതിയാണ് നമ്മുടെ ചലച്ചിത്രകാരന്മാര് പിന്തുടരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അതിമാനുഷിക കഥാപാത്രങ്ങളായ മിക്ക ചിത്രങ്ങളിലും സ്ത്രീ വെറും പരസ്യവസ്തുമാണ്. മദ്യം, നൃത്തം, സംഗീതം, രതി എന്നിങ്ങനെ ഉപഭോഗത്തിന്റെയും ഉപയോഗത്തിന്റെയും കേവലം ഉപകരണം. അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡെപ്പാംകൂത്ത് പാട്ടുകളുമായാണ് താരങ്ങള്‍ അവരെ അഭിസംബോധന ചെയ്യുന്നത്. ഇന്ദുചൂഡനും ബെല്ലാരി രാജയ്ക്കും വാസ്കോയ്ക്കും നീലകണ്ഠനും തുറുപ്പ് ഗുലാനുമെല്ലാം സ്വന്തമായ ഭൂമിക ഒരുക്കുന്ന തൂലികയില്‍ നിന്ന്, നായികമാര്‍ ടൈപ്പുകളായി പിറന്നു വീഴുന്നു! സൂപ്പര്‍താര കേന്ദ്രീകൃത സിനിമയ്ക്ക് കോടികള്‍ സാറ്റലൈറ്റ് റൈറ്റ് കിട്ടും; പഞ്ച് ഡയലോഗുകള്‍ പേര്‍ത്തും പേര്‍ത്തും ആവേശം കൊള്ളിക്കും; താരങ്ങള്‍ക്ക് മാത്രമേ ബോക്സോഫീസ് വിജയം നേടാനാവൂ എന്നിങ്ങനെ മുന്‍ധാരണകള്‍ നിരവധിയാണ്. നായകന് പ്രേമിക്കാനും വഴങ്ങാനും വഴക്കിടാനും കൂടെയാടാനും പോന്ന മാംസള മേനിയാണ് തൊണ്ണൂറ് ശതമാനം സിനിമകളിലെയും നായിക.
മുന്‍കാലങ്ങളില്‍ സ്ത്രീക്ക് നല്കിയ മാന്യതയും മഹിമയും പരിശോധിക്കുമ്പോള്‍ ഈ മാറ്റം വ്യക്തമാണ്. ചെമ്മീനും കള്ളിച്ചെല്ലമ്മയും മൂടുപടവും ദാഹവും ഈറ്റയുമെല്ലാം സ്ത്രീപക്ഷ സിനിമയല്ലെങ്കിലും ഷീല എന്ന നായികയുടെ അനുപമമായ പ്രകടനം കാണാം. സ്വയംവരവും കാട്ടുതുളസിയും മുറപ്പെണ്ണും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തുലാഭാരം പോലെ തന്നെ ശാരദയുടെ പ്രതിഭയെ പ്രതിഫലിപ്പിച്ചു. ജയഭാരതി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രതിനിര്‍വേദം, നാടന്‍പെണ്ണ്, കടല്‍പ്പാലം എന്നിവ മറക്കാന്‍ എളുപ്പമല്ല. മോഹന്റെ രചന, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഹരിഹരന്റെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല്, ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്നിവയില്‍ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാതലും കരുത്തും അടിവരയിടേണ്ടതാണ്. സീമയും അംബികയും കെ ആര് വിജയയും കഴിഞ്ഞാല്‍ പിന്നീടുവന്ന നടിമാര്‍ക്ക് വിരളമായേ ഇത്തരം കഥാപാത്രങ്ങള്‍ കിട്ടിയുള്ളൂ. സ്ത്രീപക്ഷ സിനിമകളും വളരെ കുറവായിരുന്നു. ഉറൂബ്, പി ഭാസ്കരന്, എസ് എല്‍ പുരം സദാനന്ദന്, ആലപ്പി അഷ്റഫ്, ശാരംഗപാണി എന്നിവര്‍ക്ക് ശേഷം എം ടി വാസുദേവന്‍ നായരാണ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കാന് തൂലിക ചലിപ്പിച്ചത്. വടക്കന്‍ വീരഗാഥ ചന്തുവിന്റെ കഥയായിട്ടും ഉണ്ണിയാര്‍ച്ചയെന്ന ശക്തമായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെ പശ്ചാത്തലമാക്കി എം ടി ഒരുക്കിയ പരിണയം നമ്പൂതിരി സ്ത്രീയുടെ കാമനയും വിഹ്വലതയും വരച്ചിടുന്നു. വൈശാലി, പഞ്ചാഗ്നി, നഖക്ഷതം തുടങ്ങി ഈ പട്ടികയില്‍ വേറെയും ചിത്രങ്ങളുണ്ട്. തുമ്പോലാര്‍ച്ച, കടത്തനാട്ട് മാക്കം, ഉണ്ണിയാര്‍ച്ച തുടങ്ങി സ്ത്രീനാമങ്ങളിലുള്ള ചിത്രങ്ങള്‍ ശാരംഗപാണിയുടെ കാലത്തിന്റെ സംഭാവനയാണ്. സൂസന്നയും മങ്കമ്മയും പാഠം ഒന്ന് ഒരുവിലാപവും ചിത്രീകരിക്കാന്‍ ടി വി ചന്ദ്രന് കാണിച്ച ധൈര്യം എടുത്തു പറയാം. സിബി മലയിലിന്റെ എഴുതാപ്പുറത്തില്‍ മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ടെങ്കില്‍ ആകാശദൂതില്‍ മാധവിയുടെ ഒറ്റ കഥാപാത്രത്തിലൂടെ ചിത്രം അവിസ്മരണീയമാകും. കാക്കോത്തി കാവിലെ അപ്പൂപ്പന് താടികളിലും മധുരനൊമ്പര കാറ്റിലും മഴയിലും ഉള്ളടക്കത്തിലും സ്ത്രീപക്ഷത്തു നിന്ന് കഥപറയാനാണ് കമല്‍ ശ്രമിച്ചത്. അതിലുപരി പെരുമഴക്കാലം എന്ന കമല്‍ ചിത്രത്തില്‍ കാവ്യാമാധവനും മീരാ ജാസ്മിനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളില്‍ ഫാസില്‍ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ ശോഭനയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച മണിച്ചിത്രത്താഴ് ഒരു സ്ത്രീപക്ഷ സിനിമയല്ലെന്ന് പറയേണ്ടി വരും.
എം ടി-ഐ വി ശശി ടീമിന്റെ അഭയം തേടിയിലെ ശോഭന, ജോഷിയുടെ മഹായാനത്തിലെ സീമ, ഭരതന്റെ പ്രയാണത്തിലെ ലക്ഷ്മി, കെ ജി ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കിലെ നളിനി, മോഹന്റെ ശാലിനി എന്റെ കൂട്ടുകാരിയിലെ ശോഭ, പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലെ കവിയൂര്‍ പൊന്നമ്മ, ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്മി, ജോര്‍ജ് കിത്തുവിന്റെ ആധാരത്തിലെ ഗീത, എം പി സുകുമാരന്‍ നായരുടെ കഴകത്തിലെ ഉര്‍വശി, എം എ വേണുവിന്റെ ചകോരത്തിലെ ശാന്തീകൃഷ്ണ, ശശിധരന്‍പിള്ളയുടെ കാറ്റുവന്നു വിളിച്ചപ്പോളിലെ ചിപ്പി, ടി വി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപത്തിലെ മീരാജാസ്മിന്, രഞ്ജിത്തിന്റെ നന്ദനത്തിലെ നവ്യാനായര്‍, സത്യന് അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയിലെ ഉര്‍വശി, ലാല്‍ ജോസിന്റെ നീലത്താമരയിലെ അര്‍ച്ചനാ കവി, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥയിലെ ശര്‍ബാനി മുഖര്‍ജി, അക്കു അക്ബറിന്റെ വെറുതെ ഒരു ഭാര്യയിലെ ഗോപിക എന്നിങ്ങനെ വിവിധ കാലങ്ങളില്‍ കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്, കേന്ദ്രകഥാപാത്രമായ നടികള്‍ നിരവധിയാണ്. നായികയിലൂടെയല്ല സിനിമ അറിയപ്പെടുന്നതെങ്കിലും ദേവാസുരത്തില്‍ രേവതി അവതരിപ്പിച്ച ഭാനുമതിയെപ്പോലെ ശക്തയായ സ്ത്രീകഥാപാത്രങ്ങളെ വിസ്മരിക്കാനാവില്ല. ലോഹിതദാസിന്റെ കന്മദത്തില് മഞ്ജുവാര്യര്‍ക്ക് കിട്ടിയതും അത്തരമൊരു റോളാണ്. പക്ഷെ, നൂറില്‍ ഒന്ന് എന്ന കണക്കിലാണ് ഇത്തരം കഥാപാത്രങ്ങളും സിനിമകളും പിറക്കുന്നതെന്നു മാത്രം.
സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള ഒട്ടേറെ നായികമാര്‍ മലയാളത്തില്‍ പലകാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ശാരദയും ഷീലയും ജയഭാരതിയും ശ്രീവിദ്യയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയും മുതല്‍ സീമയും കാര്‍ത്തികയും പാര്‍വതിയും രേവതിയും ശോഭനയും ഉര്‍വശിയും സുമലതയും ഭാനുപ്രിയയും സുഹാസിനിയും മഞ്ജുവാര്യരും കാവ്യാമാധവനും വരെ ഒത്തിരിപ്പേര്. പക്ഷെ ഇവരെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ, നായകന്റെ പിന്‍പാട്ടുകാരിയായി മാറ്റാനാണ് നമ്മുടെ മുഖ്യധാരാ സംവിധായകരിലേറെയും ശ്രമിച്ചത്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായിക എം കെ കമലം മുതല്‍ പരിശോധിച്ചാല്‍ സ്വത്വ പ്രകാശനത്താല്‍ വെള്ളിവെളിച്ചത്ത് തെളിഞ്ഞു നിന്നവര്‍ വളരെ കുറവാണെന്ന് കാണാം. നിരായുധരും അബലകളും ധാരാളം. കെ പി എ സി ലളിതയും കവിയൂര്‍ പൊന്നമ്മയും സുകുമാരിയുമെല്ലാം `അമ്മ' റോളുകളില്‍ ജീവിച്ചുപോകുന്നു.
സുമാജോസനെ പോലെ ഫെമിനിസ്റ്റ് മനോഭാവമുള്ള സ്ത്രീകള്‍ സിനിമയെടുത്തിട്ടും (ജന്മദിനം) കാര്യമായ മാറ്റം ഉണ്ടായില്ല. രേവതിയും സുഹാസിനിയും അഞ്ജലി മേനോനും സംവിധായകരായിട്ടും കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയില്ല. കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തീര്‍ച്ചയാണ്. പട്ടാളം ജാനകി, ചട്ടമ്പി കല്ല്യാണി എന്നിങ്ങനെ പേരുകളിലൂടെ വെല്ലുവിളിക്കുകയല്ല, മറിച്ച് സ്ത്രീയുടെ പക്ഷത്തു നിന്ന് കഥപറഞ്ഞ് വിജയിപ്പിക്കുകയാണ് വേണ്ടത്. താരങ്ങളുടെ പ്രകാശമേറ്റ് വെട്ടിതിളങ്ങുന്ന മുഖ്യധാരാ സംവിധായകര്‍ അതിന് ആര്‍ജവം കാണിക്കുമോ എന്ന് കണ്ടറിയണം.
2 Comments:
നന്നായി
നല്ല തിരക്കഥകൾ ഉണ്ടാകട്ടെ
:-)
നല്ല പോസ്റ്റ്
Post a Comment
Subscribe to Post Comments [Atom]
<< Home