
ലാല്‍ എന്നെ വിസ്‌മയിപ്പിച്ചു!.....
``എന്റെ കേരളം എത്ര സുന്ദരം''-കേരളത്തെ എത്രമേല്‍ ഇഷ്ടമാണെന്ന് ചോദിച്ചാല്‍ ഇസ്രയേല്‍ നടി എലീനയ്‌ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. എന്റെ നാടിനോളം. ഒരുവേള അതിലുപരി.
ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്....ശീലിച്ചതില്‍ നിന്ന് എത്രയോ ഭിന്നമായ സംസ്‌കാരം.
എങ്കിലും കെ എ ദേവരാജിന്റെ `സ്വപ്‌ന മാളിക' യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണം അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എലീനയ്‌ക്ക് നൂറുനാവാണ്. മലയാണ്മയെയും കേരളീയ രുചികളെയും കുറിച്ച് ഈ ഇസ്രയേല്‍ പെണ്‍കുട്ടി വാചാലയാകും. മലയാള സിനിമയെ അറിയാന്‍ അവര്‍ ഏറെ താത്‌പര്യപ്പെടുന്നു.
പാരീസിലെ മൊണ്‍മാര്‍ത്ര് തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീനയെന്ന ഇസ്രയേലുകാരി 13-ാം വയസ്സില്‍ അമേരിക്കയിലെത്തിയതാണ്. നാടകമെന്ന മാധ്യമത്തില്‍ സജിവമായ എലീന പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കി. നൂക്ലിയല്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് എടുത്തു. കലയും പഠനവുമായി കറങ്ങിയ എലീന അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ നിന്ന് കേരളത്തിലെത്തിയത് തികച്ചും ആകസ്‌മികമായാണ്. സ്വപ്‌നമാളികയുടെ കഥ കേട്ടപ്പോള്‍ സ്വീകരിക്കാതിരിക്കാനായില്ല.
വാരണസിയിലും ചെര്‍പ്പുളശ്ശേരി ഒളപ്പമണ്ണ മനയിലുമായി ചിത്രീകരിച്ച `സ്വപ്‌നമാളികയില്‍' രാധാ കാര്‍മെനെന്ന കഥാപാത്രമായി അവര്‍ മാറി. മോഹന്‍ലാലിന്റെ വിദേശ നായികയുടെ വിശേഷങ്ങളിലേക്ക്..............
ഇസ്രയേല്‍, അമേരിക്ക, പാരീസ്, പിന്നെ കേരളം..... എങ്ങനെ അനുഭവപ്പെടുന്നു ഈ വ്യത്യസ്‌ത സംസ്‌കാരങ്ങള്‍?
* ഇസ്രയേലില്‍ ജനിച്ചെങ്കിലും ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തിപ്പെട്ടതാണ് ഞാന്‍. അഭിനയത്തോടുള്ള അഭിനിവേശം എന്നെ പാരീസിലെത്തിച്ചു. ഫ്രാന്‍സില്‍ സ്ഥിരം തിയറ്ററുകളുണ്ട്. ഏതൊരു കലാകാരിയ്‌ക്കും ഫ്രാന്‍സ് ഒരനുഗ്രഹമാണ്. അമേരിക്ക അങ്ങനെയല്ല. അവിടെ സാമ്പത്തികം മാത്രമാണ് പ്രധാനം. കലയല്ല.
അപ്പോള്‍ കേരളമോ?
* കേരളം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കലയുടെയും സ്വന്തം നാടല്ലേ. എന്നെ വല്ലാതെ വല്ലാതെ കൊതിപ്പിക്കുന്നു, ഇവിടം.
മലയാള സിനിമയിലും ഈ വ്യത്യാസം പ്രകടമാണോ?
* ഇവിടെ എന്തിനും ഒരു കേരളീയ ടച്ചുണ്ടല്ലോ. വിദേശ സിനിമയ്‌ക്കെല്ലാം വലിയ സ്വീകാര്യതയാണ് കേരളത്തില്‍. ഇന്ത്യന്‍ സിനിമകള്‍ക്ക് വിദേശത്തും വലിയ മാര്‍ക്കറ്റുണ്ട്. നിങ്ങള്‍ക്കറിയാമോ, ഇസ്രയേല്‍ സംവിധായകരുടെ പല സിനിമകളും ഫിലിം ഫെസ്റ്റുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഹോളീവുഡിന്റെ അപ്രമാദിത്വമാണോ അതിന് കാരണം?
* എന്നു പറയാം. ഹോളീവുഡിന്റെ അതിപ്രസരത്തില്‍ അവിടെ പ്രാദേശിക സിനിമകള്‍ പ്രതിസന്ധി നേരിടുകയാണ്. ഇസ്രയേലിലൊക്കെ ഇപ്പോള്‍ പ്രധാന വിനോദം സിനിമയല്ല, നാടകമാണ്. നേരത്തെ പറഞ്ഞല്ലോ, ഇസ്രയേല്‍ സംവിധായകരുടെ സിനിമകള്‍ ഫിലിം ഫെസ്റ്റുകളിലാണ് പ്രദര്‍ശിപ്പിക്കാറുള്ളത്.
സിനിമ എന്ന മാധ്യമം നേരത്തെ പരിചിതമായിരുന്നോ?
* ഇല്ല. തിയറ്റര്‍ മാത്രമാണ് എനിക്ക് പരിചിതം. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ഒന്ന് മടിച്ചിരുന്നു. നാടത്തില്‍ പെര്‍ഫോമന്‍സിന്റെ പ്രതികരണം അപ്പോള്‍ തന്നെ കാണികളില്‍ നിന്ന് വ്യക്തമാകും. സിനിമയിലാണെങ്കില്‍ റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കണം. ക്ഷമിച്ചിരിക്കണം.
എലീന കഥാപാത്രമായ ആദ്യ നാടകം ഏതാണ്?
* വില്യം ഷെയ്‌ക്ക്‌സ്‌പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസ്. തന്റേ വേദനകളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ജസീക്കയെന്ന കഥാപാത്രമായിരുന്നു ഞാന്‍. കുറേ പ്രശംസകള്‍ നേടിത്തന്നു. തുടര്‍ച്ചയായി ഈ നാടകം അരങ്ങിലെത്തി.
സിനിമയിലെ രാധാ കാര്‍മനെന്ന കഥാപാത്രത്തെ ഏറെ ഇഷ്ടമായോ?
* ഒരു വിദേശ വധുവാണ് രാധ. മലയാളം പഠിച്ചുവരുന്നു. രാധയുടെ ജീവിത പങ്കാളി, നന്ദന്‍ അകാലത്തില്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്യാനാണ് കാശിയിലെത്തിയത്. ആ യാത്രയിലാണ് ഡോ. അപ്പുനായരെ (മോഹന്‍ലാല്‍) പരിചയപ്പെടുന്നത്. പ്രശസ്‌തനായ അര്‍ബുദ രോഗ ചികിത്സകനാണ് അദ്ദേഹം. രാധയും അപ്പുനായരും തമ്മിലുള്ള ബന്ധത്തിലെ വൈകാരികതകള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്.
മോഹന്‍ലാലിനെ എങ്ങനെ വിലയിരുത്തുന്നു?
* അനുപമമായ അഭിനയ പാടവമുള്ള നടന്‍. ലോകനിലവാരത്തിലേയ്‌ക്കുയര്‍ന്ന അദ്ദേഹത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ഓരോ ചലനവും സൗന്ദര്യാത്മകമാണ്. ഓരോ ഭാവവും വിവരണാതീതമാണ്. പക്ഷെ, എത്ര സിമ്പിളാണെന്നോ അദ്ദേഹം.
ലാലിന്റെ ഏതെല്ലാം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്?
* മോഹന്‍ലാലിനെ കേട്ടറിഞ്ഞ പരിചയമേ ഉണ്ടായിരുന്നുള്ളൂ. സെറ്റിലെത്തിയപ്പോളാണ് അദ്ദേഹത്തിന്റെ മാനറിസവും സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റവും ഹൃദ്യമായി തോന്നിയത്. അദ്ദേഹം അഭിനയിച്ച `ഇരുവര്‍' എന്ന ചിത്രമാണ് ഞാന്‍ ആദ്യം കണ്ടത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു വിട്ടുവീഴ്‌ചയ്‌ക്കും അദ്ദേഹം ഒരുക്കമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചു കേരളത്തില്‍ സജീവ ചര്‍ച്ചകളിലൊന്ന് എലീനയുടെ നാടിനെപ്പറ്റിയാണ്. സയണിസവും ഹമാസിന്റെ ചെറുത്തുനില്‌പുമെല്ലാം ഇവിടെ രാഷ്ട്രീയ പ്രചാരണ വിഷയമാണ്. ജൂതന്മാര്‍ എതമാത്രം അപകടകാരികളാണ്?
* ഏറെയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ്. ഇസ്രയേല്‍ ഭരണകൂടം മനുഷ്യാവകാശ ധ്വംസനം നടത്തുന്നെങ്കില്‍ അവിടുത്തെ സാധാരണക്കാരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്കറിയാമോ ജറുസലേമിലും തെല്‍ അവീവിലും മുസ്‌ലിംകളും ജൂതന്മാരും സഹകരിച്ചാണ് കഴിയുന്നത്. ഒരു പ്രശ്‌നവുമില്ല. സയണിസമെന്നത് ഇന്ത്യയില്‍ ഹിന്ദുത്വം പോലെ ഒരു സാംസ്‌കാരിക അവസ്ഥയാണ്. ഹിന്ദുത്വത്തിന്റേ പേരില്‍ ആരെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ ഇന്ത്യക്കാരെല്ലാം ഉത്തരവാദികളല്ലല്ലോ. അതുപോലെ സയണിസത്തിന്റെ പേരിലുള്ള അക്രമത്തിന്റെ പേരില്‍ എല്ലാ ഇസ്രയേലുകാരെയും പ്രതികളാക്കരുത്.
നിങ്ങള്‍ അതിമനോഹരമായും അവഗാഹതയോടെയും രാഷ്ട്രീയം പറയുന്നു. ഇന്ത്യന്‍ നടിമാരില്‍ പലര്‍ക്കും പ്രധാനമന്ത്രിയുടെ പേരുപോലും അറിയില്ല. അതിരിക്കട്ടെ, സത്യത്തില്‍ സയണിസത്തോട് എതിര്‍പ്പുണ്ടോ?
* സോറി. എന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ചിലര്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നു. ആ വിഷയം വിടാം. നിങ്ങളെപ്പോലെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും രാഷ്ട്രീയം കൊണ്ടുനടക്കുന്നവരല്ല ഞങ്ങള്‍. നമുക്ക് കേരളത്തെ കുറിച്ച് സംസാരിക്കാം.
കേരളത്തെ അത്രമേല്‍ ഇഷ്ടമായോ?
* ഒരുപാടൊരുപാട്. ഒരുവേള എന്റെ നാടിനേക്കാളും. സ്വര്‍ഗം കനിഞ്ഞരുളിയ പ്രകൃതി രമണീയത. കോഴിക്കോട്ടും ഒറ്റപ്പാലത്തും സഞ്ചരിച്ചപ്പോള്‍ എനിക്ക് തോന്നി. ഇവിടുത്തെ ആളുകള്‍ എത്രമാത്രം സ്‌നേഹമുള്ളവരാണെന്ന്.
കേരളീയ വേഷം അണിഞ്ഞപ്പോള്‍ നാടന്‍ പെണ്‍കുട്ടി തന്നെ?
* നന്ദി. എനിക്ക് കേരളീയ വേഷം വളരെ ഇഷ്ടമാണ്. ഇവിടെ നിന്ന് മടങ്ങുമ്പോള്‍ വളയും സാരിയുമൊക്കെ വാങ്ങും. അമ്മയ്‌ക്കും സഹോദരിക്കും സമ്മാനിക്കാന്‍.
മലയാളം സംഭാഷണങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടിയോ?
* ആദ്യം ഒന്നു വിഷമിച്ചു. പിന്നെ അത്ര പ്രശ്‌നമായി തോന്നിയില്ല. സെറ്റില്‍ എല്ലാവരും സഹായിച്ചു. വാരണസിയില്‍ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാല്‍ തന്നെ ഡയലോഗുകളുടെ അര്‍ത്ഥം പറഞ്ഞു തരുമായിരുന്നു.
ഇനി ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമോ?
* ഇപ്പോള്‍ ആലോചിച്ചിട്ടില്ല. നല്ല വേഷങ്ങളാണെങ്കില്‍ സ്വീകരിച്ചേക്കും. ഇതു തന്നെ ഭാഗ്യം. ഇന്ത്യയില്‍ നിന്ന് മടങ്ങിയാല്‍ വീണ്ടും ഞാന്‍ നാടക വേദിയില്‍ സജീവമാകും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home