ചന്ദ്രകാന്തം

Sunday, February 13, 2011

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും....``








കേവലമൊരു താത്‌ക്കാലിക ഭ്രമം
പൂവുപോലുള്ളൊരോമന കൗതുകം''

രമണനോട്‌ ചന്ദ്രികയ്‌ക്ക്‌ അതു മാത്രമായിരുന്നുവോ? ഒരു കൗതുകം; അല്ലെങ്കില്‍ താത്‌കാലിക ഭ്രമം. അതിനാലാണോ അവള്‍ ഒരിക്കല്‍ ഇങ്ങനെ പാടിയത്‌:
``ഇല്ല ഞാനെന്നെ നശിപ്പിക്കുകയില്ലൊരു
പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും!''.

രമണനെന്ന പുല്ലാങ്കുഴലിനുവേണ്ടി സ്വയം നശിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. ചന്ദ്രികയുടെ മനോഗതത്തെ അങ്ങനെ മാത്രം വിലയിരുത്താമോ? `
`പുല്ലാണെനിക്കീപ്പണ,മവന്‍തന്‍ കൊച്ചു-
പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോള്‍''

എന്ന്‌ അവളെക്കൊണ്ടു തന്നെ ചങ്ങമ്പുഴ ഒരിക്കല്‍ പാടിപ്പിച്ചില്ലേ? ആകെ വൈരുദ്ധ്യം. ചന്ദ്രിക രണ്ടുതരത്തിലും ചിന്തിക്കാന്‍ കാരണം എന്താവും? ഒരു വാലന്റൈന്‍ ദിനംകൂടി കടന്നു വരുമ്പോള്‍ പാവം ചന്ദ്രികയെയും രമണനെയും ഓര്‍ത്ത്‌ നെടുവീര്‍പ്പിടുകയല്ല. വാലന്റൈനേക്കാള്‍ പരിചയം അവരാണെന്ന്‌ തോന്നി; രമണനും ഇടപ്പള്ളിയും ഒരാളാണെന്ന ചിത്രം പണ്ടുമുതലേ മനസ്സില്‍ പതിഞ്ഞുപോയി.

ശരിക്കും നമ്മള്‍ മലയാളികള്‍ പ്രണയദിനം ആഘോഷിക്കേണ്ടത്‌ ഇടപ്പള്ളിയുടെ ചരമദിനത്തിലായിരുന്നില്ലേ?ആരാണ്‌ ഫെബ്രുവരി 14 ന്റെ വൃത്തത്തിലേക്ക്‌ നമ്മുടെ പ്രണയത്തെ പറിച്ചുവെച്ചത്‌? വാലന്റൈന്‍ ഡേയില്‍ ആഘോഷപൂര്‍വം പ്രണയിച്ചില്ലെങ്കില്‍ നഷ്‌ടപ്പെടുന്നത്‌ സുവര്‍ണാവസരമാണെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌ ആരാണ്‌? എന്തായാലും ആഗോള കമിതാക്കള്‍ക്ക്‌ ഒരു ദിവസം ദാനം നല്‍കിയ കമ്പോള വ്യവസ്ഥയ്‌ക്ക്‌ സ്‌തുതി പറയാം. പ്രണയത്തിനു വേണ്ടി രക്തസാക്ഷിയായ ഒരു പുരോഹിതന്റെ ഓര്‍മ ആഗോള പ്രണയ ദിനമായി കൊണ്ടാടുന്നതില്‍ എന്തു തെറ്റു പറയാന്‍, അല്ലേ? വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അന്നൊരു ദിവസം മാത്രം പ്രണയത്തിന്‌ തീറെഴുതി, നമ്മുടെ ഹൃദയ വികാരത്തെ വിറ്റഴിക്കാന്‍ നോക്കിയതാരാണെന്ന്‌ ചിന്തിക്കണം. ഒരാട്ടിന്‍ കുട്ടി കൈവിട്ടപ്പോള്‍ തൂങ്ങിച്ചാവുന്ന മുഗ്‌ധാനുരാഗം നിലനില്‍ക്കണമെന്ന്‌ ശഠിക്കുന്നത്‌ കാലത്തോട്‌ ചെയ്യുന്ന കൊടിയ പാതകമാണ്‌. ആഘോഷങ്ങളെല്ലാം ഇന്‍സ്റ്റാള്‍മെന്റാകുമ്പോള്‍ പ്രണയവും അങ്ങനെയാകണമെന്ന്‌ വാശിപിടിക്കുന്നത്‌ അതിലേറെ പാതകവും. ലോകം ചുരുങ്ങുമ്പോള്‍ നമുക്കുമാത്രം മാറി നില്‍ക്കാനാവില്ലല്ലോ. ചാനലും ജാലികയും പുറത്തുവിടുന്ന ആഘോഷം അതാണ്‌. ഓരോ പ്രണയിനികളും അവളുടെ മാംസളമേനിയിലൂടെ സ്വത്വം അടയാളപ്പെടുത്തണമെന്ന്‌ കമ്പോളം വാശിപിടിക്കുന്നു.

തായ്‌ലാന്റില്‍ കൗമാരക്കാരികളില്‍ ഭൂരിഭാഗവും തങ്ങളുടെ കന്യകാത്വം ഉപേക്ഷിക്കാന്‍ തിരഞ്ഞെടുത്തത്‌ ഈ ദിവസമായിരുന്നു. 2007-ലാണ്‌ സംഭവം. കാമുകന്‍ ആവശ്യപ്പെട്ടാല്‍ കാത്തുസൂക്ഷിച്ചതെന്തും സമര്‍പ്പിക്കാനുള്ള ഒരു ദിവസമായി അവര്‍ ഫെബ്രുവരി 14നെ കാണുന്നു. മാംസനിബദ്ധമായ അനുരാഗത്തിന്റെ മുഖാവരണം നീക്കിയ സംഭവമായിരുന്നു ഇത്‌. കടക്കണ്ണും തിരിഞ്ഞു നോട്ടവും ഇല്ലാതെ വരുമ്പോള്‍ ഒളിഞ്ഞു നോട്ടവും എത്തിനോട്ടവും പകരം വെക്കുന്ന കൗമാര സങ്കല്‍പ്പങ്ങളാണ്‌ കടല്‍ കടന്ന്‌ വ്യാപിക്കുന്നത്‌. കാമം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെങ്കില്‍ പ്രേമം അത്രത്തോളം അവശ്യ ഘടകമല്ല. ഇവിടെ ആദ്യത്തേതു മാത്രം ഇക്കിളിപ്പെടുത്തുമ്പോള്‍ പരസ്‌പരം തിരിച്ചറിയാത്തവരായി നാം അകന്നു പോകും. ആണ്‍കുട്ടിക്ക്‌ പെണ്‍കുട്ടിയോട്‌ തോന്നുന്ന ആകര്‍ഷണീയതയാണ്‌ ചാനലുകള്‍ വരച്ചിടുന്നത്‌. നല്ലൊരു മാര്‍ക്കറ്റ്‌ സിംബലായി വാലന്റൈന്‍സ്‌ ഡേ മാറുന്നത്‌ അങ്ങനെയാണ്‌. ഹാന്റ്‌ ബാഗില്‍ മാലാഡിയും സഹേലിയും ഗര്‍ഭനിരോധന ഉറകളുമായി ശീതീകരണ ശാലകളില്‍ ഇഷ്‌ടം പങ്കിടുന്ന യൗവനങ്ങള്‍ക്കിടയില്‍ ഇടയില്‍ എവിടെയാണ്‌ ആ വികാരത്തിന്റെ വ്യഥയും ആധിയും കത്തിയാളുന്നത്‌!

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിണിയായ ലിസാ മേരി നോവാക്ക്‌ ടെക്‌സാസില്‍ നിന്ന്‌ ഫ്‌ളോറിഡയിലേക്ക്‌ നിര്‍ത്താതെ തൊള്ളായിരം മൈല്‍ കാറോടിച്ചു പോയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ പ്രണയം പ്രകടിപ്പിച്ചത്‌. ആകാശത്തു വെച്ച്‌ പരിചയപ്പെട്ട കാമുകന്റെ ഭൂമിയിലെ തോഴിയെ ഇല്ലാതാക്കാനുള്ള പ്രതികാര വാഞ്ചയുമായാണ്‌ ലിസാ പോയതെന്ന്‌ കേള്‍ക്കുമ്പോള്‍, പ്രണയത്തിന്റെ ആഗോള വേഗം തിരിച്ചറിയപ്പെടുന്നു. പ്രേമത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണല്ലോ. യുദ്ധത്തിന്റെ രീതി ശാസ്‌ത്രത്തിനൊപ്പം പ്രണയവും മാറുമ്പോള്‍ ചങ്കിടിപ്പേറണം. കമിതാക്കള്‍ ഇന്ന്‌ എല്ലാ രഹസ്യവും ക്യാമറക്കണ്ണിനു മുമ്പില്‍ വെളിപ്പെടുത്തുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒന്നും ബാക്കിവെക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഡിയായി കാണുന്നെന്നും പ്രണയത്തിന്‌ ഏറ്റവും നല്ലത്‌ നിശബ്‌ദതയും നിഗൂഢതയുമാണെന്ന ഖലീല്‍ ജിബ്രാന്റെ വെളിപ്പെടുത്തല്‍ നമുക്ക്‌ അന്യമാകുന്നു. ആത്മാവില്‍ പ്രണയം പകര്‍ന്ന്‌ ജീവിതം പൊള്ളിപ്പോയവരുടെ ആത്മവൃത്താന്തം പോലെ സത്യമാകണമെന്നില്ല ആ വെളിപ്പെടുത്തലുകള്‍. ഒരു പൂവിന്റെ മന്ദഹാസത്തിലും അവര്‍ക്ക്‌ മയങ്ങാനാവില്ല. കിനാവുകള്‍ മുറിഞ്ഞു പോകുന്നതും ശ്ലഥബിംബങ്ങള്‍ സ്‌മൃതികളില്‍ നിറയുന്നതും അങ്ങനെയാണ്‌. ഒരു പൂവിനിതള്‍ കൊണ്ടും അവര്‍ക്ക്‌ മുറിവേല്‍ക്കാത്തത്‌ അതിനാലാണ്‌. പൂവിറുത്ത്‌ നീട്ടിയില്ലെങ്കിലും നൂറു ചെമ്പനീര്‍ മൊട്ടുകള്‍ ഉള്ളില്‍ വിരിഞ്ഞത്‌ തിരിച്ചറിയുന്ന കാമുകിയെ കാലത്തിന്‌ നഷ്‌ടമാകുന്നത്‌ അവിടെയാണ്‌. കവിതയാണ്‌ കൈമോശം വരുന്നത്‌. കാലമാകുന്ന കവിയുടെ ഗദ്‌ഗദമാണ്‌ കേള്‍ക്കാതാവുന്നത്‌.

അപ്പോള്‍ കൂട്ടുകാരീ, നീ ചോദിച്ചേക്കാം. കാലം മാറിയില്ലേ എന്ന്‌. കാലത്തിനൊപ്പം മനസിന്റെ വികാരവും മാറില്ലേ എന്ന്‌. `ഐ ലവ്‌ യു' എന്നതിലും തീക്ഷ്‌ണത `ഐ മിസ്‌ യു' എന്നതിനാണെന്ന്‌ പുതിയ കമിതാക്കളും പറയുന്നു. എന്നിട്ടും നാമെന്തേ കാത്തിരിക്കാന്‍ മടിക്കുന്നു. പുതിയ ശീതളഛായകള്‍ തേടിപ്പോകുന്നു. ഒമ്പതു വര്‍ഷത്തിനു ശേഷവും ഇളം മഞ്ഞിന്റെ നനുത്ത സ്‌പര്‍ശവുമായി സുധീര്‍കുമാര്‍ മിശ്ര വരുമെന്ന്‌ കരുതിയിരിക്കുന്ന വിമലയെ കാലം അറിയാതെ പോകുന്നു. ഹൃദയത്തെ ഒരു കഷണം കടലാസാക്കി വിരല്‍മുറിച്ച്‌ പേനയാക്കി, കാജല്‍ കണ്ണീരില്‍ ചാലിച്ച്‌ മഷിയാക്കി സന്ദേശമെഴുതുന്നത്‌ ചിന്തിക്കാന്‍ പോലുമാകാത്ത വിധം നമ്മള്‍ മാറിപ്പോകുന്നു. തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്നവനേ ശരിക്കും പ്രേമത്തിന്റെ ലഹരിയറിയൂ എന്ന്‌ ആത്മസായൂജ്യം പോലെ പാടിയവര്‍ പഴഞ്ചനാകുന്നത്‌ ഈ കമ്പോളത്തിലാണ്‌.`വണ്‍വേ' യും അഡ്‌ജസ്റ്റുമെന്റുമായി പൊങ്ങച്ച സഞ്ചി കുത്തി നിറച്ചവര്‍ `ഹായ്‌' വിളിക്കുമ്പോള്‍ വാക്കുകള്‍ നഷ്‌ടമാകുന്നത്‌ ഇവിടെ നിന്നാണ്‌. പരസ്‌പരം സ്‌നേഹം അസാധ്യമാണെന്നും രണ്ടിലൊരാള്‍ പറ്റിക്കുമെന്നും ഗോദാര്‍ദ്‌ പറഞ്ഞിടത്തു നിന്ന്‌ ബാക്കി തുടങ്ങാം.

കേവലമൊരു താത്‌ക്കാലിത ഭ്രമമോ പൂവുപോലുള്ള ഓമന കൗതുകമോ ആയിരുന്നെന്ന്‌ പരസ്‌പരം ആശ്വസിക്കുമ്പോള്‍ വാലന്റൈന്‍ ഡേ ഒരു വലിയ വാരിക്കുഴിയായി മുമ്പിലുണ്ട്‌. തീവ്രാനുരാഗത്തിന്റെ പേരില്‍ രക്തസാക്ഷിയായ ഇടപ്പള്ളിയെ ഓര്‍ക്കാന്‍ വിട്ടുപോകുമ്പോഴാണിത്‌. പ്രേമത്തിന്റെ വിശ്വപ്രവാചകനായ ഖലീല്‍ ജിബ്രാന്‍ ജീവിതത്തില്‍ നിന്ന്‌ പടിയിറങ്ങിയ ഏപ്രില്‍ 10ന്‌ നാം എത്രമാത്രം പ്രധാന്യം നല്‍കാറുണ്ട്‌? മേരി ഹാസ്‌കലിനു വേണ്ടി ജിബ്രാന്‍ കുറിച്ചുവെച്ച വരികള്‍ കുത്തക ബ്രാന്റുകള്‍ യഥേഷ്‌ടം എടുത്തുപയോഗിക്കുന്നു. പ്രണയികള്‍ `വാലന്റൈന്‍ ബോട്ടി'ല്‍ പകര്‍ന്ന നുരയിലും പതയിലും ആറാടാന്‍ കൊതിക്കുന്നു. മനസിന്റെ താളില്‍ ആകാശം കാണാതെ ഒളിച്ചുവെച്ച മയില്‍പ്പീലി തുണ്ട്‌ നഷ്‌ടമായത്‌ ഇവിടെയാണ്‌. പ്രണയം തന്ന വേദന എവിടെ? അതില്ലാതെ എന്ത്‌ പ്രേമം. ചക്രവാളത്തിലേക്ക്‌ നീളുന്ന അവളുടെ നോട്ടം അവനിലേക്ക്‌ പിന്‍വാങ്ങിയ സാന്ധ്യ സല്ലാപങ്ങളെവിടെ? പ്രണയം മാത്രം ലോകത്തെ കബളിപ്പിക്കുന്നെന്ന്‌ ഷേക്ക്‌സ്‌പിയര്‍ പറഞ്ഞത്‌ ചന്ദ്രികേ നീ അറിഞ്ഞിരുന്നുവോ? തെറ്റുകള്‍ പറ്റിയത്‌ നിനക്കു മാത്രമല്ല. പ്രണയം ആഘോഷമാക്കിയ എല്ലാവര്‍ക്കുമാണ്‌. കാട്ടില്‍ കൂടെ വരട്ടേ എന്ന്‌ ചോദിച്ച ചന്ദ്രികയോട്‌ പാടില്ല പാടില്ലാ എന്നായിരുന്നു രമണന്‍ അന്ന്‌ പറഞ്ഞത്‌. ഇപ്പോള്‍ ``പോരൂ പുന്നാരേ പോരൂ പുന്നാരേ ആടു മേയ്‌ക്കും കാട്ടിനുള്ളി'ലെന്നോതി മാടി വിളിക്കുകയാണ്‌ കാലം. വിറ പൂണ്ട മഴവില്ലിനു ശേഷം അലിഞ്ഞു തീരുന്ന ഒരു ദിവസമല്ല ഇവിടെ പ്രേമം. തുടക്കവും ഒടുക്കവും ഇവിടെ ഭ്രമാത്മകമാണ്‌. ഭ്രാന്തമാണ്‌. രമണ്‍ പറഞ്ഞപോലെ, ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‌പ ലോകമല്ലല്ലോ ഈ ഉലകം!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home