`കൃഷ്ണാ നീയെന്നെ അറിയുന്നുവോ......'

നൃത്തവിലാസിനിയായ ഗോപികയുടെ മനോഗതം ഒടുവില്‍ കണ്ണന് തിരിച്ചറിഞ്ഞു; ധ്യാനനിരതമായ കാത്തിരിപ്പിന് അവസാനം മഥുരയിലേക്ക് പോകും വഴി കണ്ണന്റെ രഥം തന്റെ മണ്കുടിലിന് മുമ്പില്‍ വന്നു നിന്ന നിമിഷം അവള് ഹര്‍ഷപുളകിതയായി. `കൃഷ്ണാ നീയെന്നെ അറിയുന്നുവോ' എന്ന് വികാരാധീനയായി ചോദിച്ചു......
ഗോപികയുടെ രാഗവിലോല ഹൃദയം ഭാവതീവ്രമായി പെയ്തിറങ്ങുന്നത് കാണാന്‍ തിരുനക്കര മൈതാനത്തില്‍ ആസ്വാദകര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സൗമ്യ സതീഷെന്ന കലാകാരിക്ക് 51-ാം സ്കൂള്‍ കലാമേള ഗൃഹാതുര സ്മൃതികളുടെ കൈവളചാര്ത്തലായി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിലാണ് സൗമ്യാ സതീഷിന്റെ നൃത്താവിഷ്കാരം അരങ്ങേറിയത്. സുഗതകുമാരി ടീച്ചര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി, പ്രണയലോലുപര്‍ ചൊല്ലിനടന്ന `കൃഷ്ണാ നീയെന്നെ അറിയില്ല' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് സൗമ്യ അവതരിപ്പിച്ചത്. 1988-ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ സൗമ്യയ്ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടയത്തെ വേദി ഗൃഹാതുരമായ അനുഭവമായി.
ദൃശ്യാവിഷ്കാരം കണ്ട സുഗതകുമാരി ടീച്ചര്‍ സൗമ്യയെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു, `മോള് എല്ലാ അര്‍ത്ഥത്തിലും കഥാപാത്രമായി മാറി'.
`കൃഷ്ണാ നീയെന്നെ അറിയില്ല' കവിതയ്ക്ക് പതിനഞ്ചു മിനുറ്റു ദൈര്‍ഘ്യമുള്ള ദൃശ്യഭാഷ്യം ഒരുക്കിയത് സൗമ്യ തന്നെയാണ്. എല്ലാ തരക്കാരായ കാണികളെയും തൃപ്തിപ്പെടുത്തുന്ന രീതിയാണ് താന്‍ അവലംബിച്ചതെന്ന് സൗമ്യ പറയുന്നു.
മനസ്സിനെ ആകര്‍ഷിച്ച ഒരു കവിത കണ്ടെത്തലായിരുന്നു ആദ്യശ്രമം. സുഗതകുമാരി ടീച്ചറുടെ കവിതയുടെ വശ്യത ഒന്നു വേറെയാണ്. `കൃഷ്ണാ നീയെന്നെ അറിയില്ല' മുമ്പും പ്രശസ്ത നര്‍ത്തകിമാര്‍ ദൃശ്യവത്കരിച്ചിരുന്നു. എന്നാല്‍ കുറച്ചുകൂടി ലളിതവും ആസ്വാദ്യവുമായി ആവിഷ്കരിക്കണമെന്ന് തോന്നി. കവിത അധികം വായിക്കാത്ത ആളുകള്‍ക്കും ഭാവം ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന വിധത്തില്‍. ശാസ്ത്രീയമായല്ല ഈ നൃത്തരൂപം ചിട്ടപ്പെടുത്തിയത്, ഭാവത്തിനാണ് പ്രാധാന്യം-സൗമ്യ നയം വ്യക്തമാക്കുന്നു.
എല്ലാ ഗോപികമാര്‍ക്കും കൃഷ്ണന് ഹൃദയേശ്വരനാണ്. പ്രണയാതുരരായി ഓരോരുത്തരും കണ്ണന്റെ മുമ്പിലെത്തുന്നു. പക്ഷെ, ഒരിക്കല്‍പ്പോലും തന്റെ അനുരാഗം കണ്ണനെ അറിയിക്കാത്ത ഗോപികയാണ് ഈ കവിതയിലെ നായിക. മനസ്സില്‍ പൂജിക്കുന്ന വിഗ്രഹമാണ് അവള്‍ക്ക് കണ്ണന്. മഥുരയ്ക്ക് പോകും വഴി കണ്ണന് തന്റെ കുടിലിന് മുമ്പില്‍ രഥം നിര്‍ത്തിയപ്പോള്‍ കൃഷ്ണാ നീയെന്ന അറിയും എന്ന് അവള് ആത്മഹര്ഷത്താല് പാടുകയാണ്. ലളിതമധുരമായാണ് നൃത്തരൂപം സൗമ്യ വേദിയിലെത്തിച്ചത്.
ചങ്ങമ്പുഴ സാംസ്കാരിക വേദി സംഘടിപ്പിച്ച ജന്മശതാബ്ദി ആഘോഷ വേളയിലാണ് ആദ്യമായി അവതരിപ്പിച്ചത്. നവംബര്‍ 14ന്. തുടര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍. പരിപാടിയ്ക്ക് ലഭിച്ച ആസ്വാദകശ്രദ്ധ ഇന്റര്‍നെറ്റിലൂടെ പുറം രാജ്യങ്ങളിലുമെത്തി. അതില്‍ പിന്നെയാണ് കോട്ടയത്ത് സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടക സമിതിക്കാര്‍, സുഗതകുമാരി ടീച്ചര്‍ക്ക് മുമ്പില്‍ നൃത്തരൂപം അവതരിപ്പിക്കാന്‍ സൗമ്യയെ ക്ഷണിച്ചത്.
കലോത്സവ മേളയില്‍ ഒരിക്കല്‍ക്കൂടി ചിലങ്കയണിയാനുള്ള ക്ഷണം ആഹ്ലാദത്തോടെയാണ് കേട്ടത്. പക്ഷെ, ടീച്ചറുടെ മുമ്പില്‍ അവരുടെ സൃഷ്ടിയെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ സൗമ്യ ആദ്യമൊന്ന് ഭയന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രോത്സാഹനമാണ് ടീച്ചറില്‍ നിന്ന് കിട്ടിയത്. ഇനിയും ഇത്തരം കാവ്യങ്ങള്‍ക്ക് ചലനരൂപം നല്കാന് ഇതെല്ലാം പ്രചോദനമാണെന്ന് സൗമ്യ കരുതുന്നു.
അഞ്ചു വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന സൗമ്യയുടെ ഗുരു കലാമണ്ഡലം ശ്രീദേവി ഗോപിനാഥാണ്. ഭരതനാട്യവും, മോഹിനിയാട്ടവും അവര്‍ക്ക് കീഴില്‍ അഭ്യസിച്ചു. 88-ല്‍ കൊല്ലത്തു നടന്ന സ്കൂള്‍ കലോത്സവത്തില്‍ `സുമസായകാ' എന്നാരംഭിക്കുന്ന സ്വാതി തിരുന്നാള്‍ കൃതി അവതരിപ്പിച്ച് മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1990 ല്‍ കാലിക്കറ്റ് സര്‍വകലാശാലാ യുവജനോത്സവത്തില്‍ കലാതിലകമായി.
എളമക്കരയില്‍ `ഭരത കലാ മന്ദിരം' എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്ന സൗമ്യയുടെ ഭര്‍ത്താവ് സതീഷ് കുമാറാണ്. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിയായ അര്‍ജുനും ആറാം തരം വിദ്യാര്‍ത്ഥിയായ നന്ദകൃഷ്ണനും മക്കളാണ്. സൗമ്യയുടെ ഏറ്റവും വലിയ ആസ്വാദകരും വിമര്‍ശകരും വീട്ടുകാര്‍ തന്നെ.
നൃത്തസപര്യയുമായി കഴിയുന്നതിനിടയില്‍ മികച്ച ചലച്ചിത്ര വേഷങ്ങളില്‍ പലതും സൗമ്യയെ തേടിയെത്തി. എന്നാല്‍ വെള്ളിത്തിരയിലേക്ക് പദമൂന്നാന്‍ സൗമ്യ മടിച്ചു. ലോഹിത ദാസിന്റെ `ഭൂതകണ്ണാടി' ഉള്‍പ്പെടെ ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. പില്കാലത്ത് അദ്ദേഹത്തിന്റെ തന്നെ `നിവേദ്യ'ത്തില്‍ അഭിനയിക്കാന്‍ സൗമ്യ തയ്യാറായി. തുടര്‍ന്ന് `സുല്‍ത്താന്‍' എന്ന ചിത്രത്തിലും നല്ല വേഷം. നര്‍ത്തകിയായി തുടരണമെന്നാണ് ആഗ്രഹമെങ്കിലും സിനിമയില്‍ കാമ്പുള്ള വേഷങ്ങള്‍ കിട്ടിയാല്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നാണ് ഈ `ഗോപിക' പറയുന്നത്.